ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് ‘ഓവര്‍ഡോസ്’ കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല.
വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യനിലെ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്.
വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം ദഹനം എളുപ്പമാക്കും, വിരശല്യം ഇല്ലാതാക്കും, ശരീരത്തില്‍ അടിഞ്ഞുകൂടിയ വിഷാംശങ്ങള്‍ ഇല്ലാതാക്കും. കൊളസ്റ്ററോള്‍ നില കുറയ്ക്കാന്‍ അത്യുത്തമമാണ് വെളുത്തുള്ളി. ചെറിയ രീതിയിലുള്ള വയറിളക്കം ഇല്ലാതാക്കാനും ഇതുപകരിക്കും.
ക്യാന്‍സര്‍ പോലുള്ള മഹാരോഗങ്ങളെ പോലും തടയാന്‍ വെളുത്തുള്ളിയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ സഹായിക്കുന്നു. വെളുത്തുള്ളി ഇട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ പൊണ്ണ തടി കുറയുകയും നഷ്ടപ്പെട്ട ഊര്‍ജ്ജവും ഓജസ്സും കൈവരുകയും ചെയ്യും. ശരീരത്തിലെ കൊളസ്ട്രോളിനെ ഇല്ലാതാക്കി ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം ഉത്തമമാണ്.
ഒരല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവയാണ് ഈ പാനീയം തയ്യാറാക്കുവാന്‍ വേണ്ടത്. ഇഞ്ചിയും വെളുത്തുള്ളിയും നന്നായി അരിഞ്ഞ് വയ്ക്കുക. ഒന്നര ഗ്ളാസ് വെള്ളം തിളപ്പിക്കാന്‍ വയ്ക്കണം. വെള്ളം ചൂടാക്കാന്‍ വച്ചതിന് പത്ത് മിനിറ്റിന് ശേഷം വെളുത്തുള്ളിയും ഇഞ്ചിയും അരിഞ്ഞത് അതിലേക്ക് ഇടുക. വീണ്ടും പത്ത് മിനിറ്റ് കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കണം. വാങ്ങിവെച്ച വെള്ളം ഇരുപത് മിനിറ്റ് നേരം അടച്ച് വെച്ചതിന് ശേഷം അരിച്ചെടുത്ത് വെറും വയറ്റില്‍ കുടിക്കണം.
ഈ പാനീയംസ്ഥിരമായി കഴിക്കുന്നത് പൊണ്ണത്തടി കുറയുവാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിക്കാനും നിങ്ങളെ സഹായിക്കും.ഹൃദയാരോഗ്യം നിലനിര്‍ത്തുവാനും ഗ്യാസ്, കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ഇത് വളരെ പ്രയോജനകരമാണ്.
വെളുത്തുള്ളി കൂര്‍ക്കം വലി തടയാൻ ഉത്തമമാണ്. വെളുത്തുള്ളി ചതച്ച് വിഴുങ്ങി വെള്ളം കുടിച്ച ശേഷം ഉറങ്ങാവുന്നതാണ്. ഭക്ഷണത്തില്‍ കൂടുതല്‍ വെളുത്തുള്ളിയും ചേര്‍ക്കുക.
വെളുത്തുള്ളിയിലടങ്ങിയ സൾഫർ സംയുക്തമായ അലിസിനാണ് വെളുത്തുള്ളിക്ക് ഔഷധഗുണങ്ങൾ പ്രദാനം ചെയ്യുന്നത്. വെളുത്തുളളി വേവിച്ചു കഴിക്കുന്നതിനെക്കാൾ പച്ചയ്ക്കു തിന്നുന്നതാണു നല്ലത്. വേവിക്കുമ്പോൾ അലിസിൻ ഉണ്ടാകാൻ കാരണമായ അല്ലിനേസ് എന്ന എൻസൈമിന്റെ പ്രവർത്തനം നിലയ്ക്കുന്നു.
പ്രതിരോധശക്തി കൂട്ടുന്ന ഒന്നാന്തരം വീട്ടുമരുന്നാണു വെളുത്തുള്ളി. പനിയും ജലദോഷവും വരാതെ ശരീരത്തെ സംരക്ഷിക്കാൻ കഴിവുള്ള വെളുത്തുള്ളി പതിവായി തേൻ ചേർത്തു കഴിക്കുന്നത് വൈറസ് രോഗങ്ങളെ തടയും.
ക്ഷീണമകറ്റാനും കായികക്ഷമത കൂട്ടാനും വെളുത്തുള്ളിക്കു കഴിവുണ്ട്. ഇവയിലെ നിരോക്സീകാരികൾ കോശങ്ങളുടെ പ്രായമാകലിനെ വൈകിപ്പിച്ച് ഓജസ് നൽകുന്നു. ദഹനം സുഗമമാക്കാനും വിരശല്യം അകറ്റാനും വെളുത്തുള്ളിക്കു കഴിയും. ദിവസവും മൂന്നോ നാലോ അല്ലി വെറുതേ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായകമാണ്.
സ്ത്രീഹോർമോണായ ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടി എല്ലുകളുടെ നാശം തടയാൻ വെളുത്തുള്ളി സഹായിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രജൻ നില മെച്ചപ്പെടുത്തി ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം മെച്ചപ്പെടുത്തി സന്ധിവാതത്തെ പ്രതിരോധിക്കുന്നു.
ആരോഗ്യത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും മൂന്നോ നാലോ പച്ച വെളുത്തുള്ളി അല്ലി കഴിച്ചു തുടങ്ങിക്കോളൂ.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, Video കാണാം