മിക്കവരിലും സാധാരണയായി കണ്ടുവരുന്നതാണ് തലവേദന. ഇടയ്ക്കിടയ്ക്ക് തലവേദന ഉണ്ടാകാത്തവർ കുറവായിരിക്കും. പലകാരണങ്ങൾ കൊണ്ടും തലവേദന ഉണ്ടാകാം എന്നതിനാൽ ഒരേ മരുന്ന് ഉപയോഗിച്ചതുകൊണ്ട് ഇവയെല്ലാം മാറണം എന്നില്ല. ടെൻഷനാണ് പലർക്കും തലവേദനയുണ്ടാക്കുന്നത്. എന്നാൽ മരുന്നുകളൊന്നും ഇല്ലാതെ തന്നെ മാറുന്നതാണ് മിക്ക തലവേദനകളും എന്നറിയമോ? താഴെപ്പറയുന്ന 10 വിദ്യകൾ പരീക്ഷിച്ചു നോക്കൂ.
1. തലയിണയ്ക്കു പകരം പുസ്തകം ഉപയോഗിക്കൂ
സബോക്സിപ്പിറ്റൽസ്- അഥവാ കഴുത്തിനെയും തലയുടെ പിൻഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന മസിലിൽ അനുഭവപ്പെടുന്ന തലവേദനയിൽ നിന്നും മുക്തി നേടാനാണ് ഈ വിദ്യ. അത്യാവശ്യം തടിയുള്ള ഒരു പുസ്തകത്തിനു മുകളിൽ തലയുടെ പിൻഭാഗം അമർത്തിവച്ചു കിടക്കുകയാണ് ചെയ്യേണ്ടത്. ഇത് മസിലുകൾക്ക് ആയാസം പകരുകയും തലവേദന കുറയ്ക്കുകയും ചെയ്യും.
2. ഫോൺ ഉപയോഗവും തലയുടെ പൊസിഷനും
ഫോണിൽ മെസ്സേജ് അയക്കുകയോ നെറ്റ് ഉപയോഗിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കുനിഞ്ഞിരിക്കുന്നത് തലവേദന ഉണ്ടാക്കും. അതിനാൽ മലർന്നു കിടന്ന്, തല കുനിയാത്ത രീതിയിൽ ഫോൺ ഉപയോഗിക്കുന്നതാണ് നല്ലത്. സോഫ പോലുള്ളവയിൽ കിടക്കുകയോ മറ്റോ ചെയ്യാം.
3. ദീർഘശ്വാസമെടുക്കുക
തലവേദനയുള്ള സമയങ്ങളിൽ ദീർഘമായി ശ്വാസമെടുക്കുന്നത് കൂടുതൽ ഓക്സിജൻ ശരീരത്തിലെത്താൻ സഹായിക്കും. ഇത് തലയിലേയ്ക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും തലവേദനയ്ക്ക് ആശ്വാസം പകരുകയും ചെയ്യും.
4. ഡെന്റൽ ഗാർഡ് ധരിക്കുക
രാവിലെ ഉണരുമ്പോൾത്തന്നെ തലവേദനയോടെയാണോ നിങ്ങൾ എഴുന്നേൽക്കാറ്. എങ്കിൽ രാത്രിയിൽ പല്ലിറുമ്മുന്നതാകാം കാരണം. ഇതിന് പരിഹാരമായി രാത്രിയിൽ ഡെന്റൽ ഗാർഡ് ധരിച്ചാൽ മതി.
5. മുടിയും തലവേദനയും
മുകളിലേയ്ക്ക് ഉയർത്തിക്കെട്ടിവച്ചിരിക്കുന്ന മുടി 53% സ്ത്രീകളിലും തലവേദനയുണ്ടാക്കുമെന്നാണ് ദി സിറ്റി ഓഫ് ലണ്ടൻ മൈഗ്രെയ്ൻ ക്ലിനിക് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങനെ മുടി കെട്ടിവച്ചിരിക്കുന്നത് കൊണ്ടുണ്ടാകുന്ന സ്ട്രെയിൻ തലവേദനയിലേയ്ക്ക് നയിക്കുമെന്നാണ് പഠനം പറയുന്നത്. അതിനാൽ മുടി താഴോട്ട് കെട്ടി വയ്ക്കുന്നതാണ് ഉചിതം.
6. പെൻസിൽ കടിച്ചു പിടിക്കുക
ഒരു പെൻസിൽ പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചാൽ മതി, തലവേദന മാറ്റാം. പെൻസിൽ കടിച്ചു പിടിക്കുന്നത് താടിയെല്ലുകൾക്ക് ആശ്വാസം നൽകുകയും അതുവഴി ടെൻഷൻ കറയുകയും വേദന കുറയുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ പറയുന്നത്.
7. ആപ്പിളെടുത്ത് മണത്തു നോക്കൂ
മൈഗ്രെയ്ൻ ഉള്ള ആളുകൾ ഒരു പച്ച ആപ്പിളെടുത്ത് മണക്കുന്നത് ആശ്വാസം നൽകുമെന്നാണ് ചിക്കാഗോയിലെ സ്മെൽ ആൻഡ് ടേസ്റ്റ് ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ കണ്ടെത്തിയിരിക്കുന്നത്. ആപ്പിളിന്റെ മണം തലയിലെ മസിലുകൾക്ക് ആയാസം പകരുന്നതിനാലാണ് ഇത്.
8. അമർത്തിപ്പിടിക്കുക
മൂക്കിനു മുകളിലും, പുരികത്തിലും വിരലുകൾ കൊണ്ട് ചെറുതായിഅമർത്തിപ്പിടിച്ച് മർദ്ദമേൽപ്പിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം പകരും.
9. മസാജ് ചെയ്യുക
നെറ്റിക്കിരുവശവും താടിയും മൃദുവായി മസാജ് ചെയ്യുന്നതും തലവേദന കുറയ്ക്കാൻ സഹായിക്കും.
10. സ്ട്രച്ചിംഗ് എക്സർസൈസ്
സ്ട്രച്ചിംഗ് എക്സർസൈസുകളും ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും ഗുണകരമാണ്.
ടെൻഷൻ മൂലമുള്ള തലവേദനയാണ് സർവസാധാരണയായി കാണപ്പെടുന്നത്. തലയോട്ടിക്കു ചുറ്റും വലിച്ചു കെട്ടിയതു പോലെ തോന്നുന്ന വേദന മണിക്കൂറോളം നീണ്ടുനിൽക്കുകയും ചെയ്യും. മുഖം, കഴുത്ത്, താടി, തലയോട് എന്നിവയുടെ മസിലുകൾ വലിഞ്ഞാണ് തലവേദനയുണ്ടാകുന്നതെന്നാണ് വൈദ്യരംഗത്തെ വിദഗ്ധർ പറയുന്നത്.