മലയാളം ഇ മാഗസിൻ.കോം

സ്ലെഡ്ജിങ്ങ്‌ തന്ത്രം പയറ്റിയിട്ടും വിജയിക്കാത്ത ഓസീസ്‌ ഒടുവിൽ സമ്മതിച്ചു ഹർദ്ദിക്, നീ മികച്ചവൻ തന്നെ….!

ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ വെള്ളപ്പന്ത് നാലുപാടും പറന്നുകൊണ്ടിരിക്കുകയാണ്. ഒാസ്ട്രേലിയ ഉയർത്തിയ 294 എന്ന വിജയലക്ഷ്യം ഇന്ത്യൻ ഒാപ്പണർമാരായ രോഹിത് ശർമ്മയും അജിൻക്യ രഹാനെയും അനായാസം പിന്തുടരുകയാണ്. ഇന്ത്യയുടെ വിജയം മാത്രം മോഹിച്ച് ടിക്കറ്റെടുത്ത ഇരുപത്തി അയ്യായിരത്തോളം കാണികൾ അലറിവിളിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോൾ ടീം ഇന്ത്യയുടെ ചെയ്ഞ്ച് റൂമിൽ പരിശീലകൻ രവി ശാസ്ത്രിയുടെ ഗംഭീരമായ ശബ്ദം മുഴങ്ങി-

\’\’ഇന്ന് നമ്മൾ നാലാം നമ്പറിൽ ഹർദ്ദിക് പാണ്ഡ്യയെ അയക്കുന്നു. ഒാസീസ് ബൗളിംഗ് നിരയിൽ ആഷ്ടൻ ആഗർ എന്ന ലെഫ്റ്റ് ആം സ്പിന്നറുണ്ട്. അത്തരം­ ബൗളർമാരെ നേരിടാൻ പാണ്ഡ്യ സമർത്ഥനാണ്….\’\’

കോച്ചിൻ്റെ വാക്കുകൾ പാണ്ഡ്യ കേട്ടു.ബാറ്റിങ്ങ് ഒാർഡറിൽ ഒരു പ്രമോഷൻ ! അയാൾക്ക് അത്ഭുതമൊന്നും തോന്നിയില്ല.ടീം വലിയൊരു ചുമതല പാണ്ഡ്യയെ ഏൽപ്പിക്കാൻ പോവുകയായിരുന്നു. അത് സമീപകാലത്ത് അയാൾ കൈവരിച്ച പുരോഗതിയ്ക്കുള്ള അംഗീകാരമായിരുന്നു…

ആദ്യം ശർമ്മയും പിന്നീട് രഹാനെയും പുറത്തായി. സ്കോർ 147/2.പാണ്ഡ്യ ആവേശഭരിതനായി.അയാൾ ചിന്തിച്ചു-

\’\’തൻ്റെ ഊഴം വന്നെത്തിയിരിക്കുന്നു­! മൈതാനത്തിൻ്റെ നടുക്ക് തൻ്റെ നായകനുണ്ട്. അയാൾ റൺചെയ്സുകളെ പ്രണയിക്കുന്നവനാണ്. വി­രാടിനെ പിന്തുണച്ച് ബാറ്റ് ചെയ്താൽ മാത്രം മതിയാവും. ഒന്നോ രണ്ടോ വമ്പനടികൾ പായിച്ച് ഒൗട്ടായിപ്പോകുന്ന ഒാൾഡ് ഫാഷൻഡ് പിഞ്ച് ഹിറ്ററാകാൻ തനിക്ക് മനസ്സില്ല ! ഒരു മുൻനിര ബാറ്റ്സ്മാനെപ്പോലെ കളിക്കും ! \’\’

ആഷ്ടൻ ആഗർ പന്തെറിയാനെത്തി. ഒാസീ­സ് നായകൻ സ്റ്റീവ് സ്മിത്ത്, ആരോൺ ഫിഞ്ചിനെ മിഡ്-ഒാണിൽ നിർത്തി.\’\’കഴിയുമെങ്കിൽ ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ അടിക്കൂ \’\’ എന്ന് പരിഹസിക്കുകയായിരുന്നു­ സ്മിത്ത്. പാണ്ഡ്യയുടെ­ ചോര തിളച്ചു.ഇതിനാണ് തന്നെ അയച്ചിരിക്കുന്നത്. ഈ ബൗളറെ കൊലപാതകം ചെയ്യാനാണ് തന്നെ നിയോഗിച്ചിരിക്കുന്നത് ! സമയം കളയേണ്ടതില്ല !

ആഗറുടെ ആദ്യ പന്ത് തന്നെ പാണ്ഡ്യ ഫിഞ്ചിൻ്റെ തലയ്ക്കു മുകളിലൂടെ ഉയർത്തി. പന്ത് കൊണ്ടത് ബാറ്റിൻ്റെ മദ്ധ്യത്തിലൊന്നുമായി­രുന്നില്ല.എന്നിട്ടും­ 79 മീറ്റർ അകലെയാണ് ആ യാത്ര അവസാനിച്ചത്. സിക്സർ ! മുഖമടച്ച് അടികൊണ്ടതുപോലെ സ്മിത്തിന് തോന്നിക്കാണണം. അതോടെ ഫിഞ്ചിനെ സ്മിത്ത് ബൗണ്ടറി കാവലിന് പറഞ്ഞയച്ചു. വീണ്ടും പാണ്ഡ്യ വമ്പനടിയ്ക്ക് ശ്രമിക്കുമെന്നും ലോങ്ങ്-ഒാണിൽ ക്യാച്ച് നൽകുമെന്നും സ്കിപ്പർ മോഹിച്ചിരിക്കാം. പക്ഷേ­ പാണ്ഡ്യ കണ്ണുമടച്ച് ബാറ്റുവീശുന്ന വെടിക്കെട്ടുകാരനല്ല ; അയാൾ ബുദ്ധി ഉപയോഗിച്ച് കളിക്കുന്നവനാണ്.അടുത്ത­തായി വന്നത് ഒരു സിംഗിൾ !

ഒരു തോൽവി കൂടി വഴങ്ങാൻ ഒാസീസിന് കഴിയില്ലായിരുന്നു. ഇന്ത്യ ജയിച്ചാൽ സീരീസ് അവർ സ്വന്തമാക്കും.മഞ്ഞപ്പട പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ തന്ത്രം തന്നെ പയറ്റി-സ്ലെഡ്ജിങ്ങ് ! എതിരാളിയുടെ മനോവീര്യം തകർക്കുന്ന തെറിവിളി ! പാറ്റ് കമ്മിൻസ് പാണ്ഡ്യയെ ലക്ഷ്യമിട്ടു. അവഞ്ജ നിറഞ്ഞ നോട്ടങ്ങൾ, പുച്ഛം കലർന്ന വാക്കുകൾ… എല്ലാം പുറത്തുവന്നു. പഴയ ചില ഇന്ത്യൻ ക്രിക്കറ്റർമാരെപ്പോലെ­ എല്ലാം കേട്ട് മിണ്ടാതിരിക്കുന്നവനായിരുന്നില്ല പാണ്ഡ്യ. അയാൾ തിരിച്ചടിച്ചു-

\’\’കമ്മിൻസ്, നിങ്ങൾ പറയുന്നത് എന്താണെങ്കിലും ഉറക്കെപ്പറയൂ. നിങ്ങളു­ടെ ദുർബലമായ ശബ്ദം എനിക്ക് കേൾക്കുന്നില്ല….! \’\’

സ്മിത്ത് ആഗറിനെ കൊണ്ടുവന്നു.വിക്കറ്റിനു പിന്നിൽ നിന്ന് പീറ്റർ ഹാൻഡ്സ്കോമ്പ് പാണ്ഡ്യയെ പ്രകോപിപ്പിക്കാൻ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.പാണ്ഡ്യയുടെ മറുപടി അസാധാരണമായിരുന്നു.വലംകൈയ്യനിൽ നിന്ന് അകന്നുപോവുന്ന സ്റ്റോക്ക് ഡെലിവെറിയാണ് ആഗർ പാണ്ഡ്യയ്ക്കെതിരെ എറിഞ്ഞത്.ഇത്തവണ പന്ത് മിഡ്-വിക്കറ്റിനു മുകളിലൂടെ അപ്രത്യക്ഷമായി.വിരാട്­ കോഹ്ലി പുഞ്ചിരി തൂകി. ഹാൻഡ്സ്കോമ്പും കമ്മിൻസും സ്ലെഡ്ജിങ്ങ് തുടർന്നു.പാണ്ഡ്യ പരിഹാസപൂർവ്വം തൻ്റെ ചെവി അവരുടെ അടുത്തേക്ക് നീട്ടിപ്പിടിച്ചു ! തീപാറുക തന്നെയായിരുന്നു.അമ്പ­യർ ഇറാസ്മസിന് ഇടപെടേണ്ടി വന്നു.

പിന്നാലെ ഒാസീസ് കാത്തിരുന്ന നിമിഷമെത്തി.തുടരെ രണ്ടു വിക്കറ്റുകൾ ! വിരാടും കേദാർ ജാദവും കൂടാരത്തിൽ തിരിച്ചെത്തി.ഇന്ത്യയ്­ക്ക് ജയിക്കാൻ 88 പന്തിൽ 88 റൺസ് കൂടി ആവശ്യമായിരുന്നു.ഒാസീ­സ് ഉണർന്നു.അവരുടെ ശരീരഭാഷയിലെ ആക്രമണോത്സുകത ഇരട്ടിയായി വർദ്ധിച്ചു. ജയത്തിനു വേണ്ടി ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു.ഒറ്റ­ വിക്കറ്റ് കൂടി പോയാൽ ഇന്ത്യയ്ക്ക് കാര്യങ്ങൾ കടുപ്പമാവുമെന്ന് തീർച്ച.വിരാട് ഉള്ളിടത്തോളം ഹർദ്ദിക്കിന് രണ്ടാമൻ്റെ ദൗത്യമേ ഉണ്ടായിരുന്നുള്ളു.ഇപ്പോ­ൾ മുതൽ അയാൾ പടനായകനാണ്.

ആഗർ വീണ്ടും വന്നു.തുടരെ വിക്കറ്റുകൾ നഷ്ടമായതു കൊണ്ട് പാണ്ഡ്യ റിസ്കുകൾ എടുക്കില്ലെന്ന് സ്മിത്ത് കരുതിയിട്ടുണ്ടാവണം. പി­ച്ച്ഡ് അപ്പ് ഡെലിവെറികൾ പാണ്ഡ്യ അനായാസം നേരിട്ടതുകൊണ്ട് ആഗർ കൗശലപൂർവ്വം ലെങ്ത്തിൽ മാറ്റം വരുത്തി. ഇത്തവണ ഷോർട്ട്ബോളുകളാണ് ആ ഇടംകൈയ്യിൽ നിന്ന് ജന്മംകൊണ്ടത്.പക്ഷേ സാഹചര്യം എന്തു തന്നെയായാലും സ്പിന്നർമാരെ ബഹുമാനിച്ച് ശീലിച്ചിരുന്നില്ല പാണ്ഡ്യ.സിക്സറും ഫോറും കൊണ്ട് ആഗർ വീണ്ടും ശിക്ഷിക്കപ്പെട്ടു. പാണ്ഡ്യയുടെ ബാറ്റ്സ്പീഡ് മുൻ ഒാസീസ് ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനെപ്പോലും പ്രതീപ്പെടുത്തി.ആ ഒാവറിൻ്റെ അവസാന പന്തിൽ പാണ്ഡ്യ നൽകിയ ക്യാച്ച് സ്മിത്ത് പാഴാക്കി. തൻ്റെ കരങ്ങളിൽ നിന്ന് വഴുതിപ്പോയത് സീരീസ് തന്നെയാണെന്ന് കംഗാരുക്കളുടെ കപ്പിത്താൻ വൈകാതെ തിരിച്ചറിഞ്ഞു.

പാഠം പഠിക്കാത്ത ആഗർ വീണ്ടും മൂന്നു സ്റ്റംമ്പുകളുടെ ലൈനിൽ എറിഞ്ഞു. ഫലമോ? ക്രീസിൽ നിന്ന് ചാടിയിറങ്ങി സ്ട്രെയിറ്റ് സിക്സറടിച്ച് പാണ്ഡ്യ ആഗറെ യാത്രയാക്കി. സ്പിന്നറുടെ 10 ഒാവർ ക്വാട്ട പൂർത്തിയായി.ആഗറിനെതി­രെ 20 പന്തിൽ പാണ്ഡ്യ 37 റൺസ് വാരി. ഇനിയുള്ളത് പേസർമാരാണ്. പലയിടത്തും മുറുമുറുപ്പുകൾ ഉയർന്നു- \’\’പാണ്ഡ്യ പേസ് അതിജീവിക്കുമോ? \”

ഇവിടെയാണ് പാണ്ഡ്യയുടെ മികവ് വെളിവായത്.സ്പിന്നർമാ­ർക്കെതിരെ പുലർത്തുന്ന ആധിപത്യം അതേപടി പേസർമാർക്കെതിരെ നിലനിർത്താൻ തനിക്ക് കഴിയില്ല എന്ന വസ്തുത അയാൾ അംഗീകരിച്ചു.ശ്രദ്ധയോ­ടെ കളിച്ചു.അവസരം കിട്ടിയപ്പോഴെല്ലാം പന്ത് അതിർത്തി കടത്തുകയും ചെയ്തു.പാണ്ഡ്യയ്ക്കെ­തിരെ എറിഞ്ഞ മണിക്കൂറിൽ 142 കിലോമീറ്റർ വേഗമുള്ള പന്ത് സ്ട്രെയിറ്റ് ബൗണ്ടറിയിലേക്ക് പായുന്നത് കമ്മിൻസ് നിരാശയോടെ നോക്കിനിന്നു.തന്നെ നിരന്തരം ചൊറിഞ്ഞുകൊണ്ടിരുന്ന ഹാൻഡ്സ്കോമ്പിൻ്റെ തലയ്ക്കു മുകളിലൂടെ പാണ്ഡ്യ അടുത്ത ബൗണ്ടറി നേടി.മികച്ച ബാലൻസിൻ്റെയും ടൈമിംഗിൻ്റെയും പ്രദർശനം ! അപ്പോഴേക്കും കമ്മിൻസും ഹാൻഡ്സ്കോമ്പും സ്ലെഡ്ജിങ്ങ് അവസാനിപ്പിച്ചുകഴിഞ്ഞ­രുന്നു. അവർ നിശബ്ദമായി സമ്മതിക്കുകയായിരുന്നു-

\’\’ഹർദ്ദിക്, നീ മികച്ചവൻ തന്നെ….! \’\’

ഇന്ത്യയ്ക്ക് ജയിക്കാൻ 10 റണ്ണുകൾ മാത്രം എന്ന നിലയിൽ എത്തി കാര്യങ്ങൾ.കമ്മിൻസ് ഒരു ഗുഡ്ലെങ്ത്ത് പന്തെറിഞ്ഞു.കളി, സ്റ്റൈലിൽ ഫിനിഷ് ചെയ്യുന്നതിനു വേണ്ടി പാണ്ഡ്യ ഒരു ഷോട്ട് കളിച്ചു. പക്ഷേ മിഡ്-ഒാൺ ഫീൽഡറുടെ കരങ്ങൾ വരെ മാത്രമേ അത് എത്തിയുള്ളൂ.നിരാശയോടെ­, അമർഷത്തോടെ ബാറ്റിൽ ആഞ്ഞടിച്ച് പാണ്ഡ്യ തിരിച്ചുനടന്നു.അവിശ്വ­സനീയമായ ഒരിന്നിങ്സാണ് അയാൾ കളിച്ചത്. പക്ഷേ പാണ്ഡ്യ കാണികളെ അഭിവാദ്യം ചെയ്തില്ല. ഇന്ത്യയെ വിജയരേഖ കടത്തിവിടാൻ കഴിയാത്തതിൻ്റെ ഖേദമാണ് അയാളിൽ നിഴലിച്ചത്.അതൊരു മഹത്തായ ലക്ഷണമാണ്. മനീഷും ധോനിയും ചേർന്ന് ഇന്ത്യൻ വിജയം പൂർത്തിയാക്കി. ഇന്ത്യ­യ്ക്ക് എെ.സി.സി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനവും കരുത്തരായ ഒാസീസിനെതിരെ സീരീസ് വിജയവും ! ഇൻഡോർ ഇന്ത്യയുടെ ഉരുക്കുകോട്ടയാണെന്ന്­ വീണ്ടും തെളിയിക്കപ്പെട്ടു. അവ­സാന 15 ഒാവറുകളിൽ ഇരുടീമുകൾക്കും ബാറ്റിംഗ് പ്രയാസകരമായിരുന്നുവെ­ന്ന് സ്മിത്തും വിരാടും മത്സരശേഷം പറഞ്ഞു. ആ സമയത്താണ് പാണ്ഡ്യ ബാറ്റു ചെയ്തതും ടീമിനെ വിജയത്തിലേക്ക് നയിച്ചതും !

ഈ മത്സരം വലിയൊരു ചോദ്യം ഉയർത്തുന്നുണ്ട്-പാണ്ഡ്യ നാലാം നമ്പറിൽ സ്ഥിരമായി ബാറ്റ് ചെയ്യണോ? ഈ ചോദ്യം വോട്ടെടുപ്പിന് വെച്ചപ്പോൾ 61% ശതമാനം പേരും നാലാം നമ്പറിൽ നിന്ന് പാണ്ഡ്യയെ മാറ്റരുത് എന്ന് അഭിപ്രായപ്പെട്ടു.പാണ്ഡ്യ­യെപ്പോലൊരു താരം കൂടുതൽ ഒാവറുകൾ ബാറ്റ് ചെയ്യണമെന്ന് മോഹിക്കാത്ത ഏത് ക്രിക്കറ്റ് പ്രേമിയുണ്ടാവും !? പക്ഷേ സാഹചര്യങ്ങൾ ഡിമാൻഡ് ചെയ്താൽ മാത്രമേ പാണ്ഡ്യയെ ടോപ്പ് ഒാർഡറിൽ ഇറക്കേണ്ടതുള്ളൂ എന്ന് തോന്നുന്നു. മറ്റൊരു ഇർഫാൻ പത്താനെ കാണാൻ നാം ആഗ്രഹിക്കുന്നില്ലല്ലോ….

പാണ്ഡ്യയുടെ സിക്സറുകൾ പലതും പറന്നെത്തിയത് ഹോൾക്കർ സ്റ്റേഡിയത്തിലെ ജെ.എൻ ഭയ്യ സ്റ്റാൻഡിനു സമീപത്തേക്കാണ്.ആരാണ്­ ഈ ഭയ്യ? ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തിളങ്ങിയ ഇൻഡോർ സ്വദേശി. ബ്രിട്ടിഷ് ഭരണകാലത്ത് ഹോൾക്കർ ടീമിനുവേണ്ടി പാഡ് കെട്ടിയ ബാറ്റ്സ്മാൻ.പക്ഷേ അദ്ദേഹത്തിന് ഇന്ത്യൻ ടീമിനു വേണ്ടി കളിക്കാനായില്ല.ഇങ്ങനെ­ ആഭ്യന്തര ക്രിക്കറ്റിൽ എരിഞ്ഞൊടുങ്ങിയ എത്രയോ പേരുണ്ട്.ആരാലും അറിയപ്പെടാത്തവർ.പുതു­തലമുറയ്ക്കു വേണ്ടി ഒരു വിക്കിപീഡിയ പേജ് പോലും ബാക്കിവെയ്ക്കാത്തവർ !

പക്ഷേ ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള സ്റ്റേഡിയങ്ങളിൽ അവർക്കു വേണ്ടി സ്റ്റാൻഡുകൾ നിർമ്മിക്കപ്പെടും.ഹർ­ദ്ദിക് പാണ്ഡ്യമാരുടെ ഷോട്ടുകൾ ആ സ്റ്റാൻഡുകളിലേക്ക് പറക്കും.മോഹങ്ങൾ സഫലീകരിക്കപ്പെടാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ഭയ്യമാർ പാണ്ഡ്യമാരാൽ ഒാർമ്മിക്കപ്പെടും…­.

സന്ദീപ്‌ ദാസ്‌ – ക്രിക്കറ്റ്‌ നിരീക്ഷകൻ

Avatar

Staff Reporter