മലയാളം ഇ മാഗസിൻ.കോം

ഒരുപിടി സ്വപ്നങ്ങളുമായി ഗൾഫിൽ എത്തിയ സുധിയുടെ കൈകൾ ഡോക്ടർ മുറിച്ചു മാറ്റാൻ കാരണക്കാരൻ സുധി തന്നെയാണ്!

ഒരുപിടി ജീവിത സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ഇരുപത്തി രണ്ടാം വയസ്സിന്‍റെ കത്തുന്ന പ്രായത്തിലാണ് സുധി അറേബ്യന്‍ മണ്ണിലേക്ക് കാലു കുത്തിയത്, നാട്ടിലെ കരിങ്കല്‍ ക്വാറിയുടെ തീക്ഷ്ണതയില്‍ കടഞ്ഞെടുത്ത ശരീരമായതിനാല്‍ നാല്‍പത് ഡിഗ്രിയുടെ കൊടും ചൂടിലെ കോൺക്രീറ്റ് പണിയൊന്നും സുധിയുടെ ശരീരത്തെ കാര്യമായി അലോസരപ്പെടുത്തിയില്ല, കഠിനമായ ജോലി സാഹചര്യത്തിലും മാന്യമായി തന്നെ ജീവിതം മുന്നോട്ട് നീക്കുമ്പോള്‍ സ്വാഭാവികമായും അനുഭവപ്പെടാറുള്ള ചെറു ശാരീരികാസ്വാസ്ഥങ്ങളെ തരണം ചെയ്യാന്‍ തൊട്ടടുത്ത സൂപ്പർ മാര്‍ക്കറ്റില്‍ നിന്നും ടാബ്ലെറ്റ് വാങ്ങിക്കഴിക്കല്‍ സുധിയുടെ ഒരു ശീലമായിരുന്നു, ശരീര വേദനയുടെ കാഠിന്യമനുസരിച്ച് സൂപ്പർ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന ടാബ്ലെറ്റിന്റെ നിറത്തില്‍ നീലയും ചുവപ്പുമെന്ന മാറ്റങ്ങള്‍ സാധാരണമായിരുന്നു.

അങ്ങനെ തീക്ഷണമായ സാഹചര്യത്തെ അതിജീവിച്ച് തൊഴില്‍ മേഖലയില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ഒരു സുപ്രഭാതത്തിലാണ് തന്‍റെ കൈകാലുകളില്‍ അനുഭവപ്പെട്ട ചെറു അസ്വസ്ഥതകള്‍ അയാളെ ആദ്യമായി ഒരു ഡോക്ടറുടെ മുന്നിലെത്തിച്ചത്. സാധാരണ രീതിയിലെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് മരുന്ന് കുറിച്ച കൊടുത്ത ഡോക്ടർക്ക് പക്ഷെ സുധിയുടെ ശരീരത്തിലെ ഭീകരമായ മാറ്റം തിരിച്ചറിയാന്‍ കഴിയാതെ പോയതിനാല്‍ മാസങ്ങളോളം വിവിധ ഡോക്ടർമാരെയും തേടി അലയാനായിരുന്നു അയാളുടെ ദുര്യോഗം.

ദിനംപ്രതി മോശമായി വന്ന ശാരിരികാവസ്ഥ മാനസികമായും സുധിയെ തളര്‍ത്തിയ ഘട്ടത്തിലാണ് സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം ഒരു മലയാളി ഡോക്ടറുടെ മുന്നില്‍ വിശദമായ പരിശോധനയ്ക്ക് അയാളെ എത്തിച്ചത്. കാര്യങ്ങളെല്ലാം വിശദമായി തന്നെ പഠിച്ച ആ ഭിഷഗ്വരന്‍ സുധിയുടെ രോഗത്തിന്റെ ആഴം മനസ്സിലാക്കിയിരുന്നു, പന്ത്രണ്ട് വർഷം നീണ്ട അശാസ്ത്രീയ മരുന്നുപയോഗം അയാളുടെ ശരീരത്തില്‍ ആഴത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ഹേതുവാക്കിയിരിക്കുന്നു! ഉടന്‍ വിശദമായ ചികിത്സക്ക് നിര്‍ദേശിച്ച ഡോക്ടറുടെ സമയോചിത തിരിച്ചറിവ് മൂലം സുധി ഇന്നും ജീവനോടെ ഇരിക്കുന്നു, രോഗം മൂർച്‌ഛിച്ച് മുറിച്ചു മാറ്റപ്പെട്ട കൈകള്‍ ബാക്കിയാക്കുന്ന തീക്ഷ്ണമായ മനോവേദനയിലും!

നാടും കുടുംബവും വിട്ടു ഒറ്റയ്ക്ക് ജീവിക്കുന്നവന്റെ മനസ്സും ശരീരവും എപ്പോഴും ഒരു മരവിപ്പിലായിരിക്കും എന്നത് ഒരു പ്രകൃതി സത്യമാണ്, പുറമേക്ക് എത്ര തന്നെ ചിരിച്ചു കാട്ടിയാലും ആ ചിരിക്കകത്ത് അടങ്ങിയിരിക്കുന്ന നിരാശാബോധവും ഒറ്റപ്പെടലിന്റെ തീവ്ര വേദനയും അവനെ സമൂഹത്തില്‍ നിന്നും പതിയെ പിന്‍വലിക്കുന്നു. അത് ക്രമേണ മാനസിക പിരിമുറുക്കത്തിലേയ്ക്കും സമര്‍ദ്ദങ്ങളിലേയ്ക്കും അവനെ നയിക്കുന്നു, ശാരീരികമായി പിന്‍ബലം നഷ്ടപ്പെടുന്നു. മധ്യ വയസ്സിലെത്തുമ്പോഴേയ്ക്കും പാതി തളര്‍ന്ന മനസ്സിനെയും ശരീരത്തെയും പോളിഷ് ചെയ്തും പുറമേയ്ക്ക് ചിരിച്ച് കാട്ടിയും അവന്‍ സമൂഹത്തില്‍ തന്‍റെ സ്ഥാനം നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നു, ഇതൊക്കെയാണ് നാടുവിട്ട് ജീവിക്കുന്ന ഒരു ശരാശരി മലയാളിയുടെ ജീവിത ക്രമം.

ഇതിനിടിയിലുണ്ടാകുന്ന സ്വാഭാവികമായ ശാരീരിക അസ്വസ്ഥതകളെയും അസുഖങ്ങളെയും സ്വയം രോഗ നിര്‍ണയത്തിലൂടെയും ചികിത്സയിലൂടെയും നേരിടുന്നു, തൊഴില്‍പരമായ കെട്ടുപാടുകള്‍ക്കിടയിലെ സമയക്കുറവും സാമ്പത്തിക പരാധീനതയും എല്ലാം അയാളെ ഒരു മികച്ച സ്വയം ചികിത്സകനാക്കുന്ന ഘടകങ്ങള്‍ ആയി മാറുന്നു. ഇങ്ങനെ സ്വയം നിര്‍ണിത ആന്‍റി ബയോട്ടിക്കുകളുടെ വര്‍ഷങ്ങള്‍ നീണ്ട ഉപയോഗം ഒരു മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന രാസമാറ്റങ്ങളെയും ഹോര്‍മോണ്‍ വ്യതിയാനങ്ങളെയും ഊഹിക്കാനോ ഉള്‍ക്കൊള്ളാനോ ഒരിക്കലും മെനക്കെടാത്ത ഒരു സാധാരണക്കാരന്‍ തങ്ങള്‍ അകപ്പെട്ട അപകടത്തിന്‍റെ ആഴം തിരിച്ചറിയുമ്പോഴേക്കും അത് ആ വ്യക്തിയുടെ ജീവിതത്തെ അത്യാപത്തിന്‍റെ കുഴിയിലേക്ക് തള്ളിയിട്ടുണ്ടാകും. മനുഷ്യ ശരീരമെന്ന അതി സങ്കീര്‍ണ്ണ യന്ത്രത്തെ അതിന്‍റെ ശരിയായ രീതിയില്‍ സംരക്ഷിക്കേണ്ടതിനു പകരം സ്വയം നാശത്തിന്റെ കുഴിയിലേക്ക് തള്ളുന്നവരുടെ എണ്ണം പ്രവാസ ലോകത്ത് ഏറി വരുന്നതായാണ് സമീപകാല റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്.

തലവേദന മുതല്‍ മാനസിക പിരിമുറുക്കത്തിന് വരെ ശമനം കിട്ടാനായി രാത്രി കിടക്കും മുൻപ് ഒരു ടാബ്ലെറ്റ് എന്ന രീതിയില്‍ സ്വയം അളവും മരുന്നും നിര്‍ണയിക്കുന്നതിലെ അത്യാപത്ത് തിരിച്ചറിയപ്പെടാതെ പോയാല്‍ ജീവിതത്തിനു തന്നെ ഹാനികരമായേക്കാവുന്ന പാര്‍ശ്വഫലങ്ങളായിരിക്കും നമ്മെ തേടിയെത്തുന്നത്. ആദ്യമാദ്യം ശാരീരിക അസ്വസ്ഥതകള്‍ക്ക് ശമനം കിട്ടുമെങ്കിലും അശാസ്ത്രീയവും തുടരെയുള്ളതുമായ മരുന്നുപയോഗം ശരീരത്തിന്‍റെ മെറ്റബോളിക് സിസ്റ്റത്തില്‍ വരെ ഗുരുതരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഒരു ക്ലിനിക്കിലോ ആശുപത്രിയിലോ പോകുമ്പോഴുണ്ടാകുന്ന ചെലവ് ലാഭിക്കുന്നതിന് വേണ്ടിയോ അല്ലെങ്കില്‍ സമയ ലഭ്യതയുടെ കുറവോ മുന്‍ നിര്‍ത്തി സ്വയം ചികിത്സ തേടുന്നവര്‍ പതിയിരിക്കുന്ന അത്യാപത്തിനെ തിരിച്ചറിയാന്‍ വൈകിയാല്‍ ഭാവി ജീവിതത്തിനു മേല്‍ ഇരുള്‍ പരക്കുമെന്നു ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നെങ്കില്‍.

Gayathri Devi

Gayathri Devi | Executive Editor