19
November, 2017
Sunday
07:54 PM
banner
banner
banner

ഗൾഫിൽ മികച്ച ഒരു ജോലി തേടുകയാണോ നിങ്ങൾ! എങ്കിൽ ഇതാ ചില ചെറിയ സഹായങ്ങൾ

കഴിഞ്ഞ പതിനാലു വർഷമായി ദുബായിൽ വിവിധ കമ്പനികളുടെ Human Resources Department ൽ ജോലി ചെയ്തതിന്റെ അനുഭവ പരിചയത്തിൽ നിന്നും യു എ യിൽ ജോലി തേടുന്നതിനെ പറ്റിയും ഇവിടെയുള്ള ഇന്റർവ്യൂ രീതികളെ കുറിച്ചും, അതിനു എങ്ങനെ തയ്യാറെടുക്കാം എന്നതിനെ കുറിച്ചും എനിക്കറിയാവുന്ന ചില എളിയ കാര്യങ്ങൾ നിങ്ങളുമായി പങ്കു വയ്ക്കാം.

ജോലി അവസരങ്ങൾ ഒന്നും നഷ്ടപ്പെടാതെ നമ്മളിലേക്ക് എത്തുക എന്നതാണ് പ്രധാനം . ജോലി ഒഴിവുകളെ കുറിച്ച് ശരിയായ സമയത്തു നമ്മൾ അറിഞ്ഞിരിക്കണം. അതിനു ഒരുപാടു ഓൺലൈൻ സേവനങ്ങൾ ഇപ്പോൾ നിലവിലുണ്ട് . എനിക്കറിയാവുന്ന ചില ജോബ് സെർച്ചിങ് സൈറ്റുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം . www.Indeed.ae, www.gulfsalary.com, www.dubizzle.com, www.naukrigulf.com, www.bayt.com. ഇതിനു പുറമെ Khaleej Buzzon ഓൺലൈൻ സൈറ്റിലും Gulf News പേപ്പറിലും ഒഴിവുകൾ പ്രസിദ്ധീകരിക്കാറുണ്ട്.

നിങ്ങൾ നിങ്ങളുടെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും സി വിയിൽ ശരിയായി തന്നെയാണ് രേഖപ്പെടുത്തിയത് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം സിവികൾ ഒഴിവുള്ള കമ്പനികളിലേക്ക് അയച്ചു തുടങ്ങുക . നിങ്ങളുടെ സി വികൾ രണ്ടു പേജിൽ ഒതുക്കാൻ ശ്രമിക്കുക നിങ്ങൾ മുമ്പ് ജോലി ചെയ്ത കമ്പനിയെ കുറിച്ചുള്ള ഒരു ചെറിയ വിവരണം ( ഏതു മേഖലയിൽ ആണ് നിങ്ങളുടെ കമ്പനി ബിസിനസ് ചെയ്യുന്നത് എന്നത് ) സി വിയിൽ വയ്ക്കുന്നത് നന്നായിരിക്കും അത് സി വി ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന ആൾക്ക് നിങ്ങൾക്ക് ഏത് ഫീൽഡിൽ ആണ് അനുഭവ പരിചയം ഉള്ളത് എന്നറിയാൻ സഹായിക്കും.

ഒരു ഒഴിവിനു തന്നെ ആയിരത്തിൽ പരം ആളുകൾ അപേക്ഷ അയച്ചെന്നു വരാം. അത് കൊണ്ട് സി വി അയച്ചിട്ടും റിസൾട്ട് ഒന്നും കിട്ടാത്തത് കൊണ്ട് വിഷമിക്കേണ്ട ആവശ്യം ഇല്ല. ഏതെങ്കിലും കമ്പനി ഇന്റർവ്യൂവിന് വിളിച്ചാൽ അവരുടെ വെബ് സൈറ്റിൽ പോയി ആ കമ്പനിയുടെ വിശദവിവരങ്ങൾ തിരക്കുന്നത് നന്നായിരിക്കും ഇന്റർവ്യൂവിന് വിളിച്ച കമ്പനിയുടെ അടുത്ത് ഏതെങ്കിലും മെട്രോ സ്റ്റേഷൻ ഉണ്ടെങ്കിൽ അവിടെ ഇറങ്ങി ബസ്സിനോ ടാക്സിക്കൊ പോവുന്നതായിരിക്കും ഉചിതം.

ഇന്റർവ്യൂവിന് ക്ഷണം ലഭിച്ചാൽ ആ മെയിലിനു മറുപടി കൊടുക്കുക. നിങ്ങൾ അവർ നിശ്ചയിച്ച ദിവസം അതെ സമയത്തു തന്നെ ഇന്റർവ്യൂവിന് ഹാജരാകും എന്ന് അവർക്കു മെയിലിലൂടെ മറുപടി കൊടുക്കുക. അവർ അയച്ചു തന്നിരിക്കുന്ന ലൊക്കേഷൻ മാപ്പിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തു കയ്യിൽ വയ്ക്കുന്നത് നന്നായിരിക്കും ഇന്റർവ്യൂവിന് കൃത്യ സമയത്തു തന്നെ എത്തുക . ഇന്റർവ്യൂവിന് പോകുമ്പോൾ നിങ്ങളുടെ ഡ്രസ്സ് കോഡ് പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഡ്രസ്സ് ചെയ്തു പോകാൻ ശ്രദ്ധിക്കുക.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പറയാം. ഇന്റർവ്യൂ ചെയ്യുന്ന ആൾ ഉപയോഗിക്കുന്ന ഭാഷ മിക്കവാറും ഇംഗ്ലീഷ് ആയിരിക്കും. അത് കൊണ്ട് തന്നെ ഇന്റവ്യൂവിന് പോകുന്നതിനു മുമ്പേ കുറച്ചു തയ്യറെടുപ്പുകൾ ചെയ്യുന്നത് നന്നായിരിക്കും. ഇന്റർവ്യൂ ചെയ്യുന്ന ആൾ മിക്കവാറും നിങ്ങളെ പറ്റി ഒന്ന് ചുരുക്കി പറയാൻ ആവശ്യപ്പെടും. അതിനു പുറമെ നിങ്ങൾ ചെയ്യുന്ന അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ജോലിയുടെ വിവരണം നൽകാനും ആവശ്യപ്പെടും അത് കൊണ്ട് ഇതിനു രണ്ടിനും ഇംഗ്ലീഷ് ഭാഷയിൽ പ്രാക്ടീസ് ചെയ്യുന്നത് നന്നായിരിക്കും. പിന്നെ നിങ്ങളുടെ പ്ലസ് പോയിന്റും വീക്നെസ്സും ചോദിയ്ക്കാൻ സാധ്യതയുള്ള മറ്റൊരു ചോദ്യം ആണ്. നിങ്ങളുടെ പഴയ കമ്പനിയെ പറ്റിയോ അവിടത്തെ മാനേജ് മെന്റിനെ പറ്റിയോ ഒരിക്കലും മോശമായി പറയരുത്.

നിങ്ങൾ എന്ത് കൊണ്ടാണ് ഇപ്പോഴത്തെ കമ്പനി മാറുന്നത് എന്ന് ചോദിച്ചാൽ. Better opportunities നു വേണ്ടി ആണെന്ന് മറുപടി പറയാം. ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ചോദിക്കുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം പറയുക. പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണ് എന് ചോദിക്കുമ്പോൾ. നിങ്ങളുടെ യോഗ്യതയ്ക്കും അനുഭവ സമ്പത്തിനും അനുസരിച്ചുള്ള ശമ്പളം ആവശ്യപ്പെടാം. മിക്ക കമ്പനികളും ശമ്പളം കുറയ്ക്കാൻ നിങ്ങളുമായി Negotiate ചെയ്തെന്നു വരാം. ചില കമ്പനികൾ ബേസിക് സാലറിക്കു പുറമെ ഹൌസ് അലവൻസ്, ട്രാൻസ്‌പോർട്ടേഷൻ അലവൻസ് എന്നിവയും നൽകാം. അല്ലെങ്കിൽ ബേസിക് സാലറിക്ക് പുറമെ കമ്പനി അക്കമഡേഷനും കമ്പനി ട്രാൻസ്പോർട്ടേഷനും നൽകാം. ഇതൊക്കെ നിങ്ങൾ ചേരുന്ന കമ്പനിയെ ആശ്രയിച്ചിരിക്കും.

ഇനി നിങ്ങളെ ഒരു കമ്പനി സെലക്ട് ചെയ്‌താൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നോക്കാം. കമ്പനി നിങ്ങളെ സെലക്ട് ചെയ്‌താൽ അവർ നിങ്ങൾക്ക് ഓഫർ ലെറ്റർ തരും. ശമ്പളവും ബാക്കിയുള്ള ബെനിഫിറ്റ്സും ഓഫർ ലെറ്റെറിൽ ചേർത്തിട്ടുണ്ടാവും. അതിനു പുറമെ ഡ്യുട്ടി സമയം എത്ര മണിക്കൂർ ആണ് എന്നതും ഏതു ദിവസം ആണ് അവധി ദിവസം എന്നും ഉറപ്പു വരുത്തുക.

ഇത് കൂടാതെ എത്ര വർഷം കഴിഞ്ഞാലാണ് ലീവും ലീവ് സാലറിയും റിട്ടേൺ എയർ ടിക്കറ്റും കിട്ടുക എന്നും ചോദിച്ചു മനസിലാക്കുക കമ്പനിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ കിട്ടുന്ന ഗ്രാറ്റുവിറ്റിയെ പറ്റിയും വ്യക്തമായി ചോദിച്ചു മനസ്സിലാക്കണം. എന്നിട്ടു മാത്രമേ ഓഫർ ലെറ്റെറിൽ ഒപ്പിടാൻ പാടുള്ളൂ. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്റെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയതാണ്. ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ അതിൽ സന്തോഷം.

പ്രശാന്ത് നായർ തിക്കോടി

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments