കൃഷിയിൽ താത്പര്യം ഉള്ളവർക്കും കൃഷിചെയ്യുന്നവർക്കും പരിചിതമായ ഒന്നാണ് ‘ഗ്രോ ബാഗുകൾ’. എന്നാൽ കൃഷിയെ സ്നേഹിക്കുന്നവരിൽ എന്താണ് ‘ഗ്രോ ബാഗ്’ എന്നത് അറിയാത്തവരും ഉണ്ടാകും. അത്തരത്തിലുള്ളവർക്ക് ഈ വിവരം ഉപകാരപ്രദമാകും. അടുക്കള തോട്ടങ്ങൾ ഇന്ന് നമ്മുടെ നാട്ടിൽ വ്യാപകമായി വരുകയാണ് എന്ന് തന്നെ പറയാം. അത്തരം സന്ദർഭങ്ങളിൽ ഗ്രോ ബാഗ് കൃഷി വളരെയധികം ഉപകാരപ്രദമാണ്. ഇതിന്റെ ഗുണമേന്മകളിൽ എടുത്ത് പറയേണ്ടത് ഈട് നില്പ് തന്നെയാണ്. മൂന്നുമുതൽ 4 വർഷങ്ങൾ വരെ ഗ്രോ ബാഗുകൾ കേടുകൂടാതെ നിലനിൽക്കും. അതായത് ഒരിക്കൽ വാങ്ങിയാൽ അടുത്ത നാലുവർഷത്തേയ്ക്ക് ആശങ്ക വേണ്ട എന്നർത്ഥം. മട്ടുപ്പാവ് കൃഷിയ്ക്ക് അനുയോജ്യമായ ഗ്രോ ബാഗുകൾ പല വലിപ്പത്തിൽ വിപണിയിൽ ലഭ്യമാണ്. ചെറിയ ബാഗുകൾക്ക് 10 മുതൽ 15 രൂപവരെ വിലവരാം, വലുതിന് 20 മുതൽ 25 വരെയും നൽകണം.
എന്താണ് ഗ്രോബാഗിൽ കൃഷി ചെയ്യുന്നത് കൊണ്ടുള്ള മെച്ചം എന്നാകും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. കാരണം സാധരണ വീട്ടിൽ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് ബാഗുകളും കവറുകളൂം ഇത്തരം ചെറിയ അടുക്കള കൃഷിക്കായി പലരും ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ അവയൊക്കെ എളുപ്പത്തിൽ നശിച്ച് പോകുകയും അതോടെ നിങ്ങൾ കൃഷി തന്നെ മടുക്കാൻ കാരണമാകുകയും ചെയ്യാം. അവിടെയാണ് ഗ്രോ ബാഗുകളുടെ പ്രസക്തി, ഇവ ഈട് നിൽക്കും എന്ന് മാത്രമല്ല കീറി നശിക്കും എന്ന ഭയവും വേണ്ട. ഗ്രോ ബാഗുകളുടെ ഉൾവശം കറുപ്പാണ്, ചെടിവേരുകളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഇത് സഹായിക്കും. പുറത്തെ വെളുത്ത നിറം സൂര്യപ്രകാശം ആവശ്യാനുസരണം ആഗിരണം ചെയ്യാൻ ചെടികളെ സഹായിക്കും. ഗ്രോ ബാഗുകളുടെ അടി ഭാഗത്ത് തുളകൾ ഉള്ളത് കൊണ്ട് ആവശ്യത്തിനു ജലവും ലഭ്യമാകും.
ഇനി ഗ്രോ ബാഗിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് നമുക്ക് നോക്കാം. ആദ്യം ബാഗിന്റെ അടിവശം കൃത്യമായി മടക്കി ഉള്ളിൽ മണ്ണി നിറയ്ക്കുക. ബാഗിന്റെ മുക്കാൽ ഭാഗം മണ്ണി നിറച്ച് ബാക്കി ഭാഗം ഒഴിച്ചിടുക. വെള്ളവും വളവും നൽകാൻ ഈ സ്ഥലം ആവശ്യമായി വരും. നന്നായി ഇളക്കി കല്ലും കട്ടകളും നീക്കം ചെയ്ത മണ്ണ് കുറച്ച് ദിവസം നന്നായി വെയിൽ കൊള്ളിയ്ക്കുക. തക്കാളി പോലുള്ള പച്ചക്കറികൾ നടുമ്പോൾ നന്നായി വെയിലേറ്റ മണ്ണ് കൂടുതൽ ഗുണകരമാകും.
ചെടി നട്ട ഗ്രോ ബാഗ് ടെറസ്സിൽ ആണ് വയ്ക്കുന്നതെങ്കിൽ അടിവശത്ത് ഇഷ്ടിക നിരത്തിയശേഷം ബാഗ് വയ്ക്കുക. ഇത് ചെടി നനയ്ക്കുമ്പോൾ അധികമായി വരുന്ന വെള്ളം ഒഴുകി ഒലിച്ച് ടെറസ്സ് കേട് വരാതിരിക്കാൻ സഹായിക്കും. ഒപ്പം ഗ്രോ ബാഗിൽ രാസവളവും രാസ കീടനാശിനികളും ഒഴിവാക്കുന്നതും ടെറസ്സ് കേടാകാതെ സംരക്ഷിക്കും. അതായത് മട്ടുപ്പാവിലെ കൃഷിയിൽ പൂർണ്ണമായും ജൈവ കൃഷിരീതികൾ അവലംബിക്കുന്നതാണ് എന്തുകൊണ്ടും അഭികാമ്യം. പയർ, ചീര, തക്കാളി, ഇഞ്ചി, കാച്ചിൽ, ബീൻസ്, കാബേജ്, കോളി ഫ്ലവർ, ക്യാരറ്റ്, പച്ചമുളക്, ചേന, കാച്ചിൽ, കപ്പ, വെണ്ട തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഗ്രോബാഗിൽ സമൃദ്ധമായി വളർന്ന് നല്ല വിളവ് നൽകും.