മലയാളം ഇ മാഗസിൻ.കോം

കെട്ടിയവനോട് സ്നേഹം തോന്നി പോകുന്ന ചില നിമിഷങ്ങൾ ഉണ്ട്: പ്രസവ മുറിയിൽ നിന്ന് ഒരു ഭാര്യ പറയുന്നു!

2014 മെയ് 12. രാവിലെ ഒരു വേദന വന്നാണ് എഴുന്നേറ്റത്. പ്രസവവേദന മുൻപ് അനുഭവിച്ചിട്ടില്ലാത്തത്കൊണ്ട് ശരിക്കുള്ള വേദന ആണോ തോന്നലാണോ അറിയില്ല.

\"\"

പറഞ്ഞിരുന്ന ദിവസം 9 ആരുന്നു. 3 ദിവസം മുൻപോട്ടു പോയി. ആദ്യത്തേത് ചിലപ്പോ താമസിക്കും. അമ്മ പറഞ്ഞതോർത്തു. വീട്ടിൽ വിളിച്ചു അവരെ ആധി പിടിപ്പിക്കണ്ട എന്നോർത്തു. ഒന്നാമത് അമ്മക്ക് വരാൻ പറ്റാത്തതിൽ നല്ല വിഷമം ആരുന്നു. കാരണം ഞങ്ങൾ മറ്റൊരു നാട്ടിൽ. സഹായത്തിനു ആരും ഇല്ല. എന്റെ കെട്ടിയവന് പിന്നെ ഒരു പെങ്ങൾ പോലും ഇല്ല. അതുകൊണ്ട് ഇതൊക്കെ നല്ല പിടിപാടാണ്! പക്ഷെ എനിക്കെന്തോ ഞാൻ തന്നെ ആയതിൽ പേടി ഒന്നും തോന്നിയില്ല. അമ്മയുടെ സ്നേഹം ഇടയ്ക്കു മിസ് ചെയ്തതല്ലാതെ

എന്താണെങ്കിലും കൊറച്ചു സമയം കൂടെ നോക്കാം. ആദ്യം വയറിനു മുറുക്കം(കോണ്ട്രാക്ഷൻ) പിന്നെ വേദന. അതിന്റെ ഇടവേള കുറഞ്ഞു വരും. വേദന കൂടിയും വരും. ഇങ്ങനാണ് പ്രസവ വേദന എന്നാണു ചേച്ചി പറഞ്ഞു തന്നത്. ഞാനും കെട്ടിയവനും മുഖത്തോടു മുഖം നോക്കി. അത്ര വല്യ താളത്തിനൊന്നും അല്ല വേദന. അതങ്ങു വന്നു നല്ല വേദനയായി ആദ്യം തന്നെ. ഹോ ഇത് ചുമ്മാ പറ്റിപ്പാരിക്കും. ഞാൻ ഓർത്തു.

\"\"

ഇവിടെ വേദന വന്നാൽ നേരെ ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആകാൻ ഒന്നും പറ്റത്തില്ല. ആദ്യം അവര് തരുന്ന ഒരു നമ്പർ വിളിച്ചു വേദനയുടെ കാഠിന്യം നമ്മൾ ഫോണിലൂടെ പറയണം. ആശുപത്രിക്കാർക്കു ബോധ്യപ്പെട്ടാൽ വരാൻ പറയും. 9 മണി വരെ നോക്കി. വേദന കൂടുന്നതല്ലാതെ കുറയുന്നില്ല. അപ്പോളാണ് അടുത്തുള്ള വീട്ടിലെ ഒരു ചേച്ചി പള്ളി കഴിഞ്ഞു എന്റെ വിവരം അന്വേഷിക്കാൻ ആ വഴി വരുന്നത്. ചേച്ചി എന്നെ കണ്ടത്തെ പറഞ്ഞു ഇത് പ്രസവ വേദനയാണ്! ആശുപത്രിക്കാരെ വിളിച്ചു ഇത്തിരി വേദന കൂട്ടി പറഞ്ഞോ അല്ലെങ്കിൽ അവർ വരാൻ സമ്മതിക്കൂല എന്ന് പറഞ്ഞു!

അങ്ങനെ അവർ എന്നോട് വന്നോളാൻ പറഞ്ഞു. നന്നായി ഡ്രൈവ് ചെയ്യുന്ന എന്റെ കെട്ടിയവൻ അന്ന് ടാക്സി വിളിച്ചു. പേടി ആയിട്ടൊന്നുമല്ല. കൈക്കു എന്നതോ ഒരു വിറയൽ പോലെ പോലും. കെട്ടിയവനും ആ ചേച്ചിയും ഞാനും പാക്ക് ചെയ്ത ബാഗും സമേതം പത്തു മിനിറ്റുകൊണ്ട് ഹോസ്പിറ്റൽ എത്തി. പിന്നെ പരിശോധനയും എല്ലാം പെട്ടന്നായിരുന്നു. ഡയലേഷൻ ആയിട്ടില്ല പോലും. ഹോ പോയിട്ട് പിന്നെ വരാൻ പറയും. ചേച്ചി പിറുപിറുത്തു. കർത്താവേ ഈ വേദനയും വെച്ചോണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കാനോ. വണ്ടിക്കാതെങ്ങാനും വച്ച് സംഭവം നടന്നാലോ!

കർത്താവേ ഇവിടെ തന്നെ കിടന്നോളാൻ പറയണേ. ഞാൻ പ്രാർത്ഥിച്ചു. അവര് പറഞ്ഞു കുറച്ചു നേരം കിടന്നോളാൻ.(സന്തോഷം) എന്താ കാരണം എന്ന് ചോദിച്ചപ്പോ പറയുവാ കൊച്ചിന് ഹാർട്ട് ബീറ്റ കൊറവാ. കൊറച്ചു സമയം കിടന്നു നോക്കണം എന്ന്. എന്റെ മാതാവേ ഇതെന്തു പരീക്ഷണം. എന്റെ കെട്ടിയവന്റെ മുഖത്തു ചോരമയം കാണുന്നില്ല. ഇരുനിറം ആരുന്നു. ഇപ്പൊ ദേ വെളുത്തു!

\"\"

ചേച്ചി പറഞ്ഞു സാരമില്ല. ഞാനും ഓർത്തു സാരമില്ല. പിന്നെ പതുക്കെ കൊച്ചിന്റെ അനക്കവും ഹാർട്ട് റേറ്റും എല്ലാം നോർമൽ ആയി വന്നു. എന്റെ വേദന കൂടി കൂടി വന്നു. ഇടയ്ക്കു കെട്ടിയവൻ ഒന്ന് ചായ കുടിക്കാൻ പോയി. അപ്പൊ എനിക്ക് വന്ന ദേഷ്യം! പിന്നെയും വേദന. നേഴ്സ് ഇടക്കിടെ വന്നു നോക്കി. വേദന കുറക്കാൻ വല്ലതും വേണോ എന്ന് ചോദിച്ചു. കാരണം വേദന മാത്രേ ഒള്ളു. കോണ്ട്രാക്ഷൻ കുറവാണ്. ഞാൻ പറഞ്ഞു വേണ്ട. പിടിച്ചു തിരിക്കാൻ കെട്ടിയവന്റെ കൈ ഉണ്ടല്ലോ. ധാരാളം! അങ്ങേരെ പിന്നെ ഭക്ഷണം കഴിക്കാനും എങ്ങും വിട്ടില്ല.

അങ്ങനെ വൈകിട്ട് ആറു മണിയായി. ഒന്നും സംഭവിക്കിന്നില്ല. എടി ഞാൻ പോയി ഒരു ചായ കുടിച്ചിട്ട് വരാം. തല വേദനിക്കുന്നു. കെട്ടിയവൻ യാചനാ ഭാവത്തിൽ. വേണ്ട! ഞാൻ അലറി. ഇപ്പൊ എങ്ങാനും സംഭവം നടന്നാൽ നിങ്ങക്ക് കോഡ് കട്ട് ചെയാൻ പറ്റൂല. (ഇവിടെ കെട്ടിയവന്മാർക്കാണ് പുക്കിൾ കോടി മുറിക്കാൻ അവസരം)

അങ്ങനെ ആറു അൻപത്തായപ്പോളേക്കും ഒരു ശക്തിയായ വേദനയും കരച്ചിലും. ഒരു നിമിഷം എടുത്തു. തിരിച്ചറിയാൻ! ഞാൻ ഒരമ്മയായി!! പുറത്തെടുത്ത കുഞ്ഞിനെ ആദ്യമായ് കെട്ടിയവന്റെ അടുത്ത് കൊടുത്തപ്പോ ഞാൻ ആ കണ്ണിൽ കണ്ടു. ഇതുവരെ കാണാത്ത ഒരു ഭാവം. ഒരു തിളക്കം!! പിന്നെ ഒരു വിജയിയുടെ ഭാവത്തിൽ കോഡ് കട്ട് ചെയ്തു. കണ്ടാൽ തോന്നും അങ്ങേരാണ് പ്രസവിച്ചതെന്നു.

അതിനു ശേഷം വീട്ടുകാരെയും കൂട്ടുകാരെയും ഒക്കെ വിളിച്ചു പറഞ്ഞു. ആകെ ബഹളം. എനിക്ക് അതിനുശേഷം ചെറിയൊരു കോംപ്ലിക്കേഷൻ. സ്റ്റിച് ചെയാൻ തിയേറ്ററിൽ കൊണ്ടുപോകേണ്ടി വന്നു. ജനിച്ചു നിമിഷങ്ങൾ മാത്രമായ കുഞ്ഞിനെ എന്റെ കെട്ടിയവന് കൊടുത്തിട്ടു എന്നെ കൊണ്ടുപോയി. ഞാൻ ചോദിച്ചു. അവനു വിശക്കില്ലേ? ഇല്ല അവൻ ഉറങ്ങിക്കോളും എന്ന് നേഴ്സ്.

\"\"

3 മണിക്കൂർ കഴിഞ്ഞു ഞാൻ തിരിച്ചു വന്നപ്പോളുണ്ട് അങ്ങേര് ആ കൊച്ചിനേം കൊണ്ട് (ഇരുന്നിടത്തുന്നു ഒന്ന് അനങ്ങി പോലും ഇല്ലാന്ന് തോന്നുന്നു) ഇരിക്കുന്നു! ശ്വാസം വിടുന്നുണ്ടോ എന്നറിയാൻ സൂക്ഷിച്ചു നോക്കണം. പാവം ആദ്യമായിട്ടാ ഒരു കുഞ്ഞിനെ അതും (ഇത്ര ചെറുത്) ഒന്ന് കയ്യിൽ എടുക്കുന്നത് തന്നെ. അവൻ ഏറ്റവും സുരക്ഷിതമായ കൈകളിൽ സുഖമായി ഉറങ്ങുന്നു.

പിന്നെ വാർഡിൽ വന്നു. ചേച്ചി കൊണ്ട് വന്ന ഭക്ഷണം ഞാൻ കഴിച്ചു. വല്ലാത്ത വിശപ്പാരുന്നു. അങ്ങേരുടെ വിശപ്പൊക്കെ കെട്ടുപോയിരുന്നു. ഇപ്പോഴും വല്ലതും പറഞ്ഞു തല്ലു കൂടുമ്പോ ഞാൻ ഓർക്കും ശ്വാസം പിടിച്ചുള്ള ആ ഇരുപ്പ്. അതോർക്കുമ്പോ ഒരു സ്നേഹം ഒക്കെ തോന്നും!!

രചന: ഗ്രീഷ്മ ഷിജോ

Avatar

Staff Reporter