23
October, 2018
Tuesday
12:42 PM
banner
banner
banner

ഗൂഗിളിന്റെ സോഷ്യൽ നെറ്റ്‌വർക്കായ ഗൂഗിൾ പ്ലസ്‌ നിർത്തുന്നു, പകരം നൊസ്റ്റാൾജിയയുമായി ഓർക്കുട്ട്‌ വീണ്ടും?

സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അതിന്റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ആയ ഗൂഗിൾ പ്ലസ് സേവനങ്ങൾ മതിയാക്കുന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്കനുസരിച്ചു ഗൂഗിൾ പ്ലസ് പ്രോഡക്ട് നൽകാൻ സാധിക്കാത്തതാണ് കാരണം എന്നാണ് കമ്പനി പറയുന്നത്.

എന്നാൽ കഴിഞ്ഞ മാർച്ചിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ബഗ് കടന്നു കൂടിയിരുന്നു. പക്ഷെ ഈ വിവരം ഗൂഗിൾ പുറത്തു അറിയിച്ചിരുന്നില്ല. തേർഡ് പാർട്ടികൾക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന തരത്തിലുള്ള സോഫ്റ്റ്‌വെയർ ബഗ് ആണ് കണ്ടെത്തിയത്. 2011 ലാണ് ഗൂഗിൾ പ്ലസ് തുടങ്ങുന്നത്. അപ്പോൾ മുതൽ തന്നെ ബഗ്ഗ് ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

അന്ന് മുതൽ ഏഴു വർഷത്തോളമായി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ട് എന്നാണ് കരുതേണ്ടത്. എന്നാൽ പ്രൈവസി ആൻഡ് ഡാറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധന പ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങൾ ഒന്നും തന്നെ ചോർന്നിട്ടില്ല എന്നാണ് കമ്പനി പറയുന്നത്.

ഗൂഗിൾ പ്ലസ്‌ നിർത്തുമ്പോൾ സ്വാഭാവികമായും ചോദ്യമുയരുന്നത്‌ ഓർക്കുട്ട്‌ എന്ന ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിനെ ഗൂഗിൾ തിരികെ കൊണ്ടു വരുമോ എന്നതാണ്. ഇതിനോടകം തന്നെ പലരും സാമൂഹ്യമാധ്യമങ്ങൾ വഴി ഓർക്കുട്ട്‌ തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ ചർച്ചകൾക്ക്‌ തുടക്കമിട്ടു കഴിഞ്ഞു.

2004 ൽ ഓർക്കുട്ട്‌ ബയുക്കോക്ടൻ എന്ന വിദ്യാർത്ഥിയാണ് ഓർക്കുട്ട്‌ എന്ന ആദ്യത്തെ ജനപ്രിയ സോഷ്യൽ നെറ്റ്‌വർക്കിന് ജന്മം കൊടുത്തത്‌. പിന്നീട്‌ അത്‌ ഗൂഗിൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട്‌ ഫേസ്ബുക്ക്‌ എന്ന കുറച്ചുകൂടി വിശാലമായ സോഷ്യൽ സൈറ്റ്‌ രംഗത്തു വന്നതോടെ 2014ൽ ഓർക്കുട്ട്‌ എന്നന്നേക്കുമായി ഗൂഗിൾ അടച്ചു പൂട്ടുകയായിരുന്നു.

ഇതിനിടെ ഗൂഗിൾ പ്ലസുമായി വീണ്ടും ഗൂഗിൾ രംഗത്തെത്തിയെങ്കിലും നിലനിൽപ്പില്ലാതെ അതും നിർത്തുകയാണ്. ഈ സാഹചര്യത്തിലാണ് നൊസ്റ്റാൾജിയ ഉയരുന്നത്‌. എന്തുകൊണ്ട്‌ ഓർക്കുട്ട്‌ തിരികെ കൊണ്ടു വന്നു കൂടാ. രണ്ടാം വരവിൽ ഒരുപക്ഷെ ഫേസ്ബുക്കിനേക്കാളും ഉയരത്തിൽ എത്താൻ ഓർക്കുട്ടിന് കഴിഞ്ഞേക്കുമെന്നും ചിലർ പറയുന്നുണ്ട്‌.

അതേ സമയം ഓർക്കുട്ട്‌ സ്ഥാപകൻ ബയുക്കോക്ടൻ ഹലോ എന്ന പുതിയ സോഷ്യൽ നെറ്റ്‌വർക്കുമായി ഇപ്പോൾ രംഗത്തുണ്ട്‌. എന്നാൽ ഇന്ത്യയിൽ ഉൾപ്പടെ അത്ര സ്വീകാര്യമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അല്ല ഹലോ. ഫേസ്ബുക്കിനും ട്വിറ്ററിനും ലഭിക്കുന്ന സ്വീകാര്യത ഇനി ആർക്കെങ്കിലും ലഭിക്കണമെങ്കിൽ അത്‌ ഓർക്ക്ട്ടിന്റെ രണ്ടാം വരവിന് മാത്രമായിരിക്കും.

[yuzo_related]

Comments



Related Articles & Comments