മലയാളം ഇ മാഗസിൻ.കോം

സൗജന്യ സേവനങ്ങൾ അവസാനിപ്പിക്കുന്നു, ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ ഇനി മുതൽ ഫീസ്‌ നൽകണം: പുതിയ മാറ്റങ്ങൾ ഇങ്ങനെ

ഇനി മുതൽ ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന്‌ നിശ്ചിത ഫീസ്‌ ഈടാക്കും. ജിമെയിൽ, ഡ്രൈവ്‌ എന്നിവയിലെ പോളിസിയിൽ മാറ്റം വരുത്തിയതിനു പിന്നാലെയാണ്‌ ഗൂഗിൾ പേയിലും മാറ്റം കൊണ്ടുവരാൻ ഗൂഗിൾ തീരുമാനിച്ചത്‌. ഡെബിറ്റ്‌ കാർഡ്‌ ഉപയോഗിച്ച്‌ പണം കൈമാറുമ്പോൾ 1.5% ഫീസ്‌ ഈടാക്കുമെന്ന്‌ കമ്പനി സപ്പോർട്ട്‌ പേജിൽ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ബാങ്ക്‌ അക്കൗണ്ടുകളിലേയ്ക്ക്‌ പണമയയ്ക്കാൻ ഒന്നുമുതൽ മൂന്നുദിവസം വരെ ഇനി സമയമെടുത്തേക്കും. നിലവിൽ മൊബെയിൽ ആപ്പിനൊപ്പം pay.google.com എന്ന പോർട്ടലിലും സേവനം ലഭ്യമാണ്‌. എന്നാൽ ഈ സേവനം വർഷാവസാനം വരെ മാത്രമായിരിക്കും.

അടുത്ത വർഷം ജനുവരി മുതൽ സൈറ്റ്‌ പ്രവർത്തിക്കില്ലെന്ന്‌ ഗൂഗിൾ അറിയിച്ചു. ‘2021 തുടക്കം മുതൽ പണം അയയ്ക്കാനും സ്വീകരിക്കാനും പേ ഡോട്ട്‌ ഗൂഗിൾ ഡോട്ട്‌ കോം ഉപയോഗിക്കാൻ കഴിയില്ല. ഇതിനായി ഗൂഗിൾ പേ ആപ്പ്‌ ഉപയോഗിക്കുക’ എന്നാണ്‌ കമ്പനി അറിയിച്ചിരിക്കുന്നത്‌.

ഫോൺ നമ്പർ ഉപയോഗിച്ച്‌ യു.പി.ഐ പേമെനൃ നടത്താൻ സഹായിക്കുന്ന ഗൂഗിളിൻറെ സ്വന്തം ആപ്പാണ്‌ ഗൂഗിൾ പേ. ആദ്യം ഗൂഗിൾ തേസ്‌ എന്നറിയപ്പെട്ടിരുന്നെങ്കിലും ഗൂഗിൾ പേയെന്ന്‌ പേര്‌ മാറ്റുകയായിരുന്നു. ഫോൺ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക്‌ അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാർഗമായി ഇന്ന്‌ ഗൂഗിൾ പേ മാറിയിരിക്കുകയാണ്‌. വളരെ ലളിതമായ മാർഗത്തിലൂടെ ഉപയോക്താക്കൾക്ക്‌ ഗൂഗിൾ പേ ഉപയോഗിക്കാമെന്നതാണ്‌ ഈ സംവിധാനത്തെ ഏറെ ജനപ്രീയമാക്കിയത്‌.

ബാങ്കുകളുടെ സൈറ്റിൽ കയറിയുള്ള ഓൺലൈൻ ബാങ്കിംഗ്‌ പോലെ അത്ര കടുപ്പമില്ല ഗൂഗിൾ പേ വഴിയുള്ള പണമിടപാടുകൾ. സ്മാർട്ട്ഫോണും ഇന്റർനെറ്റ്‌ കണക്ഷനുമുണ്ടെങ്കിൽ ഏതു സമയവും പണം കൈമാറാനാകുമെന്ന പ്രത്യേകതയുമുണ്ട്‌. കൂടാതെ പണം കൈമാറുന്നവർക്കും ലഭിക്കുന്നവർക്കുമായി നിരവധി കാഷ്‌ ബാക്ക്‌ ഓഫറുകളും ഗൂഗിൾ നൽകുന്നുണ്ട്‌.

ഗൂഗിൾ പേ ഉപയോഗിച്ച്‌ കോൺടാക്ട്‌ ലെസ്‌ സംവിധാനത്തിലൂടെയും പണം കൈമാറാം. നിയർ ഫീൽഡ്‌ കമ്യൂണിക്കേഷൻ (എൻഎഫ്‌സി) ഉപയോഗിച്ചാണ്‌ ഈ സംവിധാനം പ്രവർത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ്‌ ഇതുവരെ ഗൂഗിൾ പേ വഴി പണമിടപാട്‌ നടത്തിയിരുന്നത്‌.

ക്രഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌ നമ്പറുകൾ ആപ്പിൽ ചേർക്കാനുള്ള സൗകര്യംവന്നതോടെയാണ്‌ മറ്റൊരാൾക്ക്‌ കാർഡ്‌ കൈമാറാതെ പിഒഎസ്‌ മെഷീനുസമീപം കൊണ്ടുചെന്ന്‌ ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്‌. പോയന്റ്‌ ഓഫ്‌ സെയിൽ ടെർമിനലുകളിൽ കാർഡ്‌ ഉപയോഗിക്കാതെയും പിഎൻ നൽകാതെയും ഇടപാട്‌ നടത്താൻ എൻഎഫ്‌സി സംവിധാനംവഴികഴിയും.

Avatar

Staff Reporter