മലയാളം ഇ മാഗസിൻ.കോം

വിശ്വസിച്ചാലും ഇല്ലെങ്കിലും! പല്ലി ചിലച്ചാലും ദേഹത്ത്‌ വീണാലും ഇങ്ങനെ ചില ശുഭ-അശുഭ ലക്ഷണങ്ങളുണ്ടെന്ന്

പല്ലി ചിലയ്ക്കുന്നത് കേള്‍ക്കുന്നതും (ഗൗളീരുതം), പല്ലി ദേഹത്തില്‍ വീഴുന്നതും (ഗൗളീപതനം) ഒക്കെ ഭാവിയെ സംബന്ധിച്ച ഫലസൂചനകളാണെന്ന് വിശ്വാസമുണ്ട്. അതിനെക്കുറിച്ച് ജ്യോതിഷം എന്തുപറയുന്നുവെന്ന് നോക്കാം.

ഒരു കഥ പറഞ്ഞു തുടങ്ങാം. ഒരിക്കല്‍ മരീചി തുടങ്ങിയ ഏതാനും മഹര്‍ഷിമാര്‍ ബ്രഹ്മദേവനെ സമീപിക്കുകയും ഭൂതവര്‍ത്തമാനഭാവി ഫലങ്ങള്‍ (ത്രികാലഫലങ്ങള്‍), ചുരുക്കത്തില്‍ അറിയാന്‍ എന്തെങ്കിലും എളുപ്പവഴി പറഞ്ഞുതരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ബ്രഹ്മാവ് ഉത്തരം നേടാനായി അവരെ ശിവസന്നിധിയിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്.

മഹര്‍ഷിമാര്‍ ശിവനെ നാല്പതുനാള്‍ തപസ്സനുഷ്ഠിച്ചു. ഒടുവില്‍ കറുത്തപക്ഷത്തിലെ ത്രയോദശി ദിവസം ശിവന്‍ അവരുടെ മുന്നിലെത്തി. ഭഗവാന്‍ കൈയ്യില്‍ ഒരുണ്ട ശര്‍ക്കര കരുതിയിരുന്നു. മഹര്‍ഷിമാരുടെ മുന്നില്‍ വെച്ച് ആ ശര്‍ക്കരയുണ്ട പൊട്ടിച്ച് പൊടിപോലെയാക്കിയ ശേഷം ഭഗവാന്‍ അത് മുകളിലോട്ടെറിഞ്ഞു. അപ്പോള്‍ അതില്‍ നിന്നും വെളുപ്പ്, കറുപ്പ്, ചുമപ്പ്, മഞ്ഞ, പച്ച എന്നീ വര്‍ണങ്ങളില്‍ അയ്യഞ്ച് ജീവികള്‍ ഉത്ഭവിച്ചു. ‘ഇവ പതനം (വീഴ്ച), സഞ്ചാരം, ശബ്ദം, ആരോഹം (മുകളിലോട്ട് കയറല്‍), അവരോഹം (താഴോട്ട് ഇറങ്ങല്‍) എന്നീ അഞ്ച് കാര്യങ്ങളിലൂടെ നിങ്ങള്‍ ആഗ്രഹിച്ചതിന്‍വണ്ണം ചുരുക്കത്തില്‍ ത്രികാലഫലം നല്‍കും’ എന്ന് മഹര്‍ഷിമാരെ അറിയിച്ചശേഷം ഭഗവാന്‍ അപ്രത്യക്ഷനായി. ഈ ജന്തുക്കളെ കൊല്ലുന്നവര്‍ക്ക് ബ്രാഹ്മണശിശുഹത്യാപാപം ലഭിക്കും എന്നൊരു ഫലശ്രുതിയും ഉണ്ട്.

ശര്‍ക്കരയ്ക്ക് ‘ഗുളം’ എന്നാണ് സംസ്‌കൃതനാമം. ഗുളം / ശര്‍ക്കര പൊടിയാക്കിയതില്‍ നിന്നും ഉണ്ടായ ജീവിയായതിനാല്‍ അതിന് ‘ഗൗളി’ എന്ന് പേരുമുണ്ടായി. അതിനെക്കുറിച്ചുള്ള ശാസ്ത്രം ഗൗളീശാസ്ത്രവുമായി.

യാത്രാവേളയില്‍ ഗൗളിയുടെ/പല്ലിയുടെ ശബ്ദം കേള്‍ക്കുന്നത് ഫലസൂചകമാണെന്ന് കരുതുന്നു. പല്ലി അന്നേരം മുകളിലും കിഴക്കും പടിഞ്ഞാറും വടക്കും — ഇവയിലൊരു ഭാഗത്ത്– ഇരുന്ന് ശബ്ദിച്ചാല്‍ യാത്രകൊണ്ട് ഇഷ്ടസിദ്ധിയുണ്ടാകും. അഗ്‌നികോണില്‍– തെക്ക്കിഴക്ക്– നിന്നും ശബ്ദിച്ചാല്‍ ധനം ലഭിക്കും. വായുകോണില്‍– വടക്ക് പടിഞ്ഞാറ്– നിന്നും ശബ്ദിച്ചാല്‍ ദേശാന്തരയാത്ര (തുടര്‍യാത്ര) ഉണ്ടാവും. നിരൃതികോണില്‍ — തെക്ക് പടിഞ്ഞാറ്– നിന്നും ശബ്ദിച്ചാല്‍ ദുഃഖവും ഈശാനകോണില്‍ — വടക്ക് കിഴക്ക് — നിന്നും ശബ്ദിച്ചാല്‍ കാര്യതടസ്സവും തെക്കേ ദിക്കില്‍ നിന്നും ശബ്ദിച്ചാല്‍ മരണവും ഫലം.

ഗൗളീപതനഫലം കൂടി നോക്കാം. ശിരോമധ്യത്തില്‍ പല്ലി വീണാല്‍ അമ്മ, ഗുരു, സഹോദരന്‍ ഇവര്‍ക്ക് നാശവും, മധ്യമൊഴിച്ച് മറ്റ് ശിരോഭാഗങ്ങളില്‍ വീണാല്‍ കലഹവും, നെറ്റിയില്‍ വീണാല്‍ നിധിദര്‍ശനവും നെറ്റിയുടെ ഒത്തനടുക്കായാല്‍ രാജസമ്മാനവും ഫലം. മൂക്കിന്‍തുമ്പില്‍ വീണാല്‍ രോഗങ്ങളും, മേല്‍ – കീഴ് ചുണ്ടുകളില്‍ വീണാല്‍ ധനവും ഐശ്വര്യവും ഉണ്ടാകും. കവിളുകളില്‍ ധനക്ഷയം ഭവിക്കും. ചെവികള്‍, കണ്ണുകള്‍, ഗണ്ഡങ്ങള്‍ ഇവകളില്‍ ഗൗളി പതിച്ചാല്‍ മരണചിന്തയുണ്ടാകുന്നതാണ്.

കഴുത്തില്‍ വീണാല്‍ സജ്ജനസമ്പര്‍ക്കം, തോളില്‍ ദുഃഖം, മാറില്‍ മഹാപീഡ, വയറില്‍ വലുതായ ഭയം, കൈകളില്‍ ദ്രവ്യലാഭം, പാര്‍ശ്വങ്ങളില്‍ ശത്രൂപദ്രവം, ഗുഹ്യഭാഗത്ത് സര്‍പ്പഭയം, തുടകളിലും കാല്‍മുട്ടുകളിലും ആശൗചം, പാദങ്ങളില്‍ തീര്‍ത്ഥയാത്ര, പാദങ്ങളുടെ ചുവട്ടില്‍ ക്ഷീരഭോജനം എന്നിങ്ങനെയാണ് ഫലങ്ങള്‍ പറയപ്പെട്ടിരിക്കുന്നത്. പുരുഷന്മാര്‍ക്ക് വലത്ത്ഭാഗത്തും സ്ത്രീകള്‍ക്ക് ഇടത്തുഭാഗത്തും ഗൗളീപതനം ഉത്തമമെന്നുമുണ്ട്. അരയാല്‍, അത്തി എന്നീ വൃക്ഷങ്ങളുടെ ചുവട്ടിലും നദീതീരത്തിലും ദേവാലയത്തിലും വെച്ച് പല്ലിവീണാല്‍ ദോഷമില്ല എന്നും ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ദോഷശാന്തിക്കായി ശിവഭജനവും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.

ഞായര്‍ മുതല്‍ ഏഴ് ദിവസങ്ങളിലും, കിഴക്ക് മുതല്‍ അഷ്ടദിക്കുകളിലും ഗൗളീപതനഫലം / ഗൗളീരുതഫലം പഞ്ചാംഗത്തിലും മറ്റും വിശദമായി നല്‍കിയിരിക്കുന്നു. ഇവിടെ ചേര്‍ത്തിരിക്കുന്ന കഥ, ആശയം, ഫലം എന്നിവയ്ക്ക് പണ്ഡിതരത്‌നം ഓണക്കൂര്‍ ശങ്കരഗണകന്റെ ‘ജ്യോതിഷനിഘണ്ടു’ അവലംബം.

എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ്. Phone: 98460 23343

Avatar

Staff Reporter