യു പി ഐ പേയ്‌മെന്റുകളുടെ കാലമാണിത്. ഞൊടിയിണയിൽ ആർക്കും എവിടെ നിന്നും പണം കൈമാറാനും സ്വീകരിക്കാനും കഴിയുന്ന കാലം. എന്നാൽ ഇതേ യു പി ഐ ഉപയോഗിച്ച് ലോൺ എടുക്കാൻ പറ്റും എന്നതാണ് ഇപ്പോൾ സന്തോഷകരമായ വാർത്ത. ഇനി ലോണെടുക്കാൻ ആർക്കും വെയിലും മഴയുമൊന്നും കൊണ്ട് ബാങ്കുകളായ ബാങ്കുകൾ മുഴുവൻ കയറി ഇറങ്ങേണ്ടി വരില്ല. മറ്റു നൂലാമാലകളും ഇല്ല.
പണമിടപാടുകൾക്കായി ആളുകൾ ഇന്ന് കൂടുതലും ഉപയോഗിക്കുന്നത് ഗൂഗിൾ പേ ആണ്. ഇതേ ഗൂഗിൾ പേയ് ആണ് ഇനി ഒറ്റ ക്ലിക്കിൽ ഉപയോക്താക്കൾക്ക് ലോൺ നൽകാൻ ഒരുങ്ങുന്നത്. ഫെഡറൽ ബാങ്ക്, ഡി എം ഐ ബാങ്ക് , ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ലോൺ നൽകുക. തിരിച്ചടവിനായി ബാങ്കിൽ നേരിട്ടെത്തേണ്ട ആവശ്യവുമില്ല. 1 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഓരോ ഗഡുവായി തിരിച്ചടക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.
എന്നാൽ ഉപയോക്താക്കളുടെ അർഹത അനുസരിച്ച് ട്രാൻസാക്ഷൻ ഹിസ്റ്ററി, ക്രെഡിറ്റ് സ്കോർ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗൂഗിൾ പേ ലോൺ നൽകുക. ഇതിനായി ഗൂഗിൾ പേയിൽ കാണുന്ന ലോൺ ഓപ്ഷനിൽ തങ്ങളുടെ പേര് വിവരങ്ങളും ഒപ്പും നൽകേണ്ടതായി വരുന്നു. അപ്പോൾ, എടുക്കുന്ന തുകക്ക് അനുസരിച്ച ലഭിക്കേണ്ട പലിശ വിവരങ്ങളും അവിടെ കാണാൻ സാധിക്കും.