ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്ബ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീമായ സിഇആർടി-ഇന്‍. ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നുമാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷണം സാധ്യമാകുന്നു എന്നതിനാൽ വളരെ ഗുരുതരമായ പ്രശ്നമായാണ് സി ആർ ടി സി ഇൻ ഇതിനെ കാണുന്നത്.
ഗുരുതര സുരക്ഷാ അപകടങ്ങളിലേക്ക് നയിക്കുന്ന ജാവാസ്ക്രിപ്റ്റ് എഞ്ചിനിലെ V8 നാണ് തകരാറു സംഭവിച്ചിരിക്കുന്നത്. ഇതുവഴി ഹാക്കർമാർക്ക് അനായാസം സിസ്റ്റം ഹാക്ക് ചെയ്യാനും വിവരങ്ങൾ ചോർത്തിയെടുക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടാർഗെറ്റഡ് സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യുന്നതിലൂടെയാണ് ഹാക്കർമാർക്ക് വിവരങ്ങൾ ചോർത്താൻ കഴിയുക. ഇതോടെ അവ തടയാനുള്ള മാർഗവും ഗൂഗിളും സി ആർ ടി സി ഇന്നും ചേർന്ന് മുന്നോട്ടു വെച്ചിട്ടുണ്ട്. ക്രോം അപ്ഡേറ്റ് ചെയ്യുക എന്നതാണ് പ്രാഥമിക നടപടി. കൂടാതെ നിങ്ങള്‍ ഗൂഗിള്‍ ക്രോമിന്റെ 129.0.6668.70 അല്ലെങ്കില്‍ അതിന് ശേഷമുള്ള പതിപ്പാണ് ഉപയോഗിക്കുന്നതെന്നും ഉറപ്പുവരുത്തണം.