മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവുമായി പിടിയിലായ 19കാരി സ്വർണ്ണം കടത്താൻ ശ്രമിച്ചത് ഒരു ലക്ഷം രൂപക്കും സൗജന്യ വിമാന ടിക്കറ്റിനും വേണ്ടിയാണെന്ന് പൊലീസിന് മൊഴി നൽകി. കസ്റ്റംസിനെ വെട്ടിച്ച് കരിപ്പൂർ വിമാനത്തവളത്തിനു പുറത്തുവന്ന യുവതിയിൽനിന്നും
ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത നിലയിൽ 1884 ഗ്രാം 24 ക്യാരറ്റ് സ്വർണമാണു പൊലീസ് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഹലയാണ് പിടിയിലായത്.
സാമ്പത്തികമായ ആവശ്യം ഉള്ളതിനാലാണ് ഇത്തരത്തിൽ സ്വർണം കടത്തിയതെന്നും വിമാനത്തവളത്തിനു പുറത്തുവന്നാൽ സ്വർണം കൊണ്ടുപോകാനുള്ളവർ എത്തുമെന്നും സ്വർണം ഇവരെ ഏൽപിക്കാനായിരുന്നു നിർദ്ദേശമെന്നും യുവതി പൊലീസിനു മൊഴി നൽകി. കാരിയറാകാൻ ഒരു പേടിയും വേണ്ടെന്നും സ്ത്രീകളെ പരിശോധനയിൽ ഒരിക്കലും പിടികൂടില്ലെന്നും പറഞ്ഞ് ആത്മവിശ്വാസം നൽകി. എന്തുവന്നാലും ഞങ്ങൾകൂടെയുണ്ടാകുമെന്നും എന്തുവന്നാലും ഭയപ്പെടരുതെന്നും മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാകരുതെന്നും സ്വർണം നൽകിയവർ ഉപദേശിച്ചിരുന്നു. വിമാനത്തവളത്തിനു പുറത്തുവരുമ്പോൾ വാട്സ്ആപ്പിൽ ഫോൺചെയ്യാനായിരുന്നു നിർദ്ദേശമെന്നുമാണ് യുവതിയുടെ മൊഴി.
അതേ സമയം യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇവരെ ജാമ്യത്തിൽവിട്ടു. കസ്റ്റഡിയിലെടുത്ത സ്വർണം കോടതിയിൽ സമർപ്പിക്കുകയും അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനും സമർപ്പിക്കുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക് വൻ പ്രതീക്ഷയാണ് ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം | Gyr Cattle Farming