മലയാളം ഇ മാഗസിൻ.കോം

സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക്‌ വൻ തിരിച്ചടി, സ്വർണവില വീണ്ടും റിക്കോർഡ്‌ ഉയരത്തിൽ

കേരളത്തിൽ വീണ്ടും സ്വർണവിലയിൽ വർധനവ്. പവന് 160 രൂപയുടെ വർധനവാണ് ഏപ്രിൽ 14ന്‌ ഉണ്ടായിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 39,640 രൂപയാണ്. ഗ്രാമിന് 20 രൂപ കൂടി 4955 ആയി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു. ഇന്ത്യയിലും ചൈനയിലും യു.എസിലുമൊക്കെ പണപ്പെരുപ്പം വൻതോതിൽ ഉയരുന്നതാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

റഷ്യ – യുക്രൈൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിലും സ്വർണ്ണവില കുതിക്കുകയാണ്. സ്വർണ്ണവില കഴിഞ്ഞ ഒമ്പത് മാസമായി 1780-1880 ഡോളർ വില നിലവാരത്തിൽ അന്താരാഷ്ട്ര വില ചാഞ്ചാടി നിൽക്കുകയായിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2000 ഡോളർ കടക്കാനും വില കുതിക്കാനുമാണ് സാധ്യത. വലിയ ചാട്ടത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. കേരളത്തിൽ സ്വർണവിപണിയിലെ വിലക്കുതിപ്പ് താല്ക്കാലികമായ അമ്പരപ്പും, അനിശ്ചിതത്വവും സൃഷ്ടിച്ചിരിക്കുകയാണ്.

വരും ദിവസങ്ങളിൽ സ്വർണവില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പവന് വില 40,000 കടന്നേക്കും. മാർ‌ച്ച് മാസത്തിൽ സ്വര്‍ണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്.

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter