23
October, 2018
Tuesday
01:32 PM
banner
banner
banner

മകളുടെ സൗഹൃദത്തെ ചോദ്യം ചെയ്ത ഉമ്മിച്ചിക്കും വാപ്പയ്ക്കും മകളിൽ നിന്ന് കിട്ടിയത്‌ അതിശയിപ്പിക്കുന്ന മറുപടി!

ഇന്ന് രണ്ടിലൊന്ന് തീരുമാനിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന് മനസ്സിൽ ഉറപ്പിച്ചു ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടക്ക്

“ഡാ.. നോക്കിയും കണ്ടും ഒക്കെ വേണം പെൺകുട്ടി ആണ്…. ആടെ പോയിട്ട് ഒച്ചയും വിളിയും ഒന്നും ഉണ്ടാക്കാൻ നിക്കണ്ട ”

എന്ന് ഹമീദ് പുറകിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു…

അത് കാര്യമാക്കാതെ വണ്ടിയും കൊണ്ട് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു…

വണ്ടി പാർക്ക് ചെയ്തതും ഉമ്മറത്ത് ഫോണും തോണ്ടി കുത്തിയിരിക്കുകയായിരുന്ന കഥാനായിക പതിവ് പോലെ ഉള്ളിവടയും കൊണ്ടുള്ള വരവാണെന്ന് കരുതി വേഗം മുറ്റത്തേക്ക് ഇറങ്ങി വന്നു…

ബൈക്കിൽ നിന്നും ഇറങ്ങിയ ന്റെ കയ്യിൽ പൊതി ഒന്നും കാണാത്തതുകൊണ്ടും പതിവില്ലാത്ത മുഖഭാവവും കണ്ടിട്ടാണെന്ന് തോന്നുന്നു ഓളുടെ മുഖത്തു വല്ലാത്തൊരു പരിഭ്രമം..

അപ്പോഴേക്കും ഞാൻ
” എന്റടുത്തേക്ക് വരണോ അവിടെത്തന്നെ നിക്കണോ അതോ ഓടി രക്ഷപ്പെടണോ എന്നറിയാതെ അന്തിച്ചു നിൽക്കുന്ന ”
അവളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു…

ചെന്ന ഉടനേ ആദ്യം തന്നെ ഓളെ കയ്യിൽ ഉള്ള ഫോൺ തട്ടിപ്പറിച്ചു വാങ്ങി..

അങ്ങനൊരു നീക്കം അവളും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല…
അതുകൊണ്ട് തന്നെ ഫോൺ എളുപ്പത്തിൽ കയ്യിലാക്കാൻ പറ്റി…

അതിനിടക്ക് ഓള്

“ഉപ്പാ.. ഇങ്ങളിത് എന്താണ് കാട്ടണത്… ന്റെ ഫോൺ ഇങ്ങോട്ട് തരീന്ന്.. ഇങ്ങക്കെന്താ പ്രാന്ത് പിടിച്ചോ ”

എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു..

“അതേടീ… അന്നെപ്പോലെ ഓരോന്നിനെ ഉണ്ടാക്കി വച്ചാൽ പ്രാന്തല്ല.. അതിന്റെ അങ്ങേപ്പുറം പിടിക്കും.. ”

എന്ന് പറഞ്ഞുകൊണ്ട് കയ്യിലുള്ള ഫോൺ എറിഞ്ഞു പൊട്ടിക്കാൻ ഓങ്ങിയതാണ്..

എട്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റൊമ്പത് ഉറുപ്യ കൊടുത്ത് ഞാൻ തന്നെ ആണ് ആ ഫോൺ വാങ്ങിക്കൊടുത്തത്..
വാങ്ങിയിട്ട് ഒരു മാസം തികയുന്നേ ഉള്ളൂ…

ഡെയ്‌ലി മുടങ്ങാതെ പണിക്ക് പോയാലും വീട്ടിലെ ചിലവും കാര്യങ്ങളും ഒക്കെ കഴിഞ്ഞു അത്രയും പൈസ ബാക്കി ആവണം ന്നുണ്ടെങ്കിൽ മിനിമം ഒരു മാസമെങ്കിലും എടുക്കും… അതും പിടിച്ചു ചെലവാക്കിയാൽ…

അതോർത്തപ്പോൾ എറിഞ്ഞു പൊട്ടിക്കാനുള്ള തീരുമാനം തൽക്കാലത്തേക്ക് വേണ്ടെന്ന് വച്ച്
ഓളുടെ മുന്നിൽ വച്ച് തന്നെ ഫോൺ തുറന്നു അതിനകത്തിരുന്ന സിമെടുത്ത് വായിലിട്ടു വെറ്റിലടക്ക ചവക്കുന്നതുപോലെ അങ്ങോട്ട്‌ ചവച്ചു നീട്ടിയൊരു തുപ്പ് വച്ച് കൊടുത്തു…

ഹും.. മ്മളോടാ കളി…

അപ്പോളേക്കും

“ഉമ്മാ… ഈ ഉപ്പച്ചിക്ക് വട്ടായി ”

എന്ന് പറഞ്ഞുകൊണ്ട് ഓള് അകത്തേക്കോടി..
പുറകേ തന്നെ ഞാനും വച്ച് പിടിച്ചു..

അകത്തു കയറിയ ഉടനേ തന്നെ മുൻവശത്തെ വാതിൽ അടച്ചു…

അപ്പോഴേക്കും കെട്ട്യോൾ ഡൈനിങ് ഹാളിൽ എത്തിയിരുന്നു..

“ഉപ്പച്ചി ന്റെ ഫോണിലെ സിം ഊരി കടിച്ചു തിന്നു ”

എന്ന പാത്തുമ്മയുടെ സങ്കടംപറച്ചിൽ കേട്ട കെട്ട്യോൾ

“ഇങ്ങക്കല്ലേ മനുഷ്യാ ഇവിടെ ചോറും കറിയും ഒക്കെ ഉണ്ടാക്കി വച്ചത്.. അതൊന്നും പറ്റാഞ്ഞിട്ടാണോ ഇങ്ങള് സിമ്മ് തിന്നാൻ നടക്കണത് ”

എന്ന് ചോദിച്ചുകൊണ്ട് ന്റെ നേർക്ക്‌ തിരിഞ്ഞു…
കാര്യം അറിയാതെ ഉള്ള ഓളുടെ ചാട്ടം കണ്ടപ്പോൾ നല്ല ദേഷ്യം വന്നു…

“ഇന്നലെ എന്തിനാ ഫോക്കസ് മാളിൽ പോയതെന്ന് അന്റെ മോളോട് ചോദിച്ചു നോക്ക് അസ്നാ”

എന്ന് കെട്ട്യോളോട് പറഞ്ഞ ഉടനേ പാത്തുമ്മ ഒന്ന് പരുങ്ങി…
അന്നേരം ഓളുടെ മുഖത്തെ കള്ളലക്ഷണം കണ്ടപ്പോൾ കണ്ണും കൂട്ടി ഒന്ന് കൊടുക്കാനാണ് തോന്നിയത് തൽക്കാലം അത് നിയന്ത്രിച്ചു മറുപടിക്ക് കാത്തു നിന്നു..

“വാപ്പ ചോദിച്ചത് കേട്ടില്ലേ… ഇയ്യെന്തിനാ അവിടെ പോയത്‌ ”

എന്ന് അസ്‌നയും കൂടി ചോദിച്ചപ്പോൾ ഓള് നല്ലോണം ഒന്ന് പരുങ്ങി..

“അത് പിന്നേ… ന്റെ.. ഫ്രണ്ടിനെ കാണാൻ ”

എന്ന മടിച്ചു മടിച്ചുള്ള ഓളുടെ മറുപടി വന്നതോടെ ദേഷ്യം ഇരട്ടിച്ചു…

“കണ്ട ചെക്കന്മാരെ കൂടെ കുത്തിയിരുന്നു കൊഞ്ചിക്കുഴഞ്ഞു ഐസ്ക്രീം തിന്നാനാണെടീ ദജ്ജാലേ ചോദിക്കുന്നതും അല്ലാത്തതും ഒക്കെ വാങ്ങിത്തന്നിട്ട് അന്നെ തീറ്റിപ്പോറ്റി ഇക്കോലത്തിലാക്കിയത് ”

എന്ന് ചോദിച്ചപ്പോൾ..

“ഞാൻ കൊഞ്ചിക്കുഴഞ്ഞിട്ടൊന്നും ഇല്ലല്ലോ.. അമീർ ന്റെ കൂടെ പഠിക്കുന്ന ചെങ്ങായി ആണ്.. ഓന്റെ കൂടെ ഇരുന്നു ഒരു ഐസ്ക്രീം കഴിക്കുന്നത്‌ ഇത്ര വലിയ തെറ്റാണോ ”

എന്നും ചോദിച്ചു ഓള് മുന്നോട്ട് വച്ചതും കിട്ടി മോന്തക്കുറ്റി നോക്കി ഒന്ന്…

തല്ലിയത് കെട്ട്യോൾ ആണ്…
പക്ഷേ അടി കിട്ടിയതോടെ പെണ്ണിന്റെ മുഖമൊക്കെ ചുവന്നു കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ ചാടുന്നത് കണ്ടതോടെ സഹിച്ചില്ല… പാവം തോന്നിപ്പോയി…

അപ്പോഴേക്കും ഓള് ഓടി റൂമിൽ കയറി വാതിലടച്ചു…

“ഹമീദ് പറഞ്ഞിട്ടാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്… ഓന്റെ സ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഇപ്പളെക്കും നാട് മുഴുവൻ പാട്ടായിട്ടുണ്ടാവും…
ഇനി മേലാൽ ഓളെ ഈ പടിക്ക് പുറത്തിറങ്ങാൻ സമ്മയിക്കണ്ട ”

എന്ന് മുറിക്കുള്ളിലിരിക്കുന്ന പാത്തുമ്മ കേൾക്കത്തക്ക ഉച്ചത്തിൽ പറഞ്ഞിട്ടാണ് കുളിക്കാൻ കയറിയത്…

ഇനിയിപ്പോ പെണ്ണിന് ആ ചെക്കനോട് ശരിക്കും പ്രേമം ആയിരിക്ക്വോ..
ഇന്നത്തെ കാലത്ത് പ്രണയം എന്ന് പറഞ്ഞാൽ ഒക്കെ മറ്റേതാണ്
തുടക്കത്തിലേ വിലക്കിയില്ലെങ്കിൽ പെൺകുട്ടികൾ കൈവിട്ടു പോകും…
ന്നാലും കെട്ട്യോളുടെ അടി കുറച്ചു കൂടിപ്പോയോ എന്നൊക്കെയുള്ള ചിന്തകളായിരുന്നു കുളി കഴിയുന്നത്‌ വരെ മനസ്സിൽ…

കുളിച്ചു ചെന്നപ്പോഴേക്കും അസ്ന ചായ എടുത്ത് വച്ചിരുന്നു…

“പാത്തുമ്മക്ക് എന്തെങ്കിലും കൊടുത്തിരുന്നോ ”

എന്ന് ചോദിച്ചപ്പോൾ..

“ഇല്ല.. ഇങ്ങള് വരട്ടെ ന്നും പറഞ്ഞു കാത്തിരിക്കുകയായിരുന്നു… തൽക്കാലം ഇന്നൊരു ദിവസം പട്ടിണി കിടക്കട്ടെ ന്നാലെ പഠിക്കൂ ”

എന്നായിരുന്നു ഓളെ മറുപടി..
തൽക്കാലം മൂളിക്കൊടുത്തെങ്കിലും മോള് കൂടെ ഇല്ലാത്തതുകൊണ്ട് ചായ തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല…

സാധാരണ പണി കഴിഞ്ഞിട്ട് ഓൾക്കുള്ള പരിപ്പുവടയോ ഉള്ളിവടയോ ഒക്കെ കൊണ്ടാണ് വരുക..
എന്നിട്ട് രണ്ടാളുംകൂടി ആണ് ചായകുടി..
ഓൾക്ക് ആവശ്യമുള്ളത് എടുത്തിട്ട് ഉപ്പാക്കും ഉമ്മാക്കും ഉള്ളത് വീതം വച്ചു തരും…

വാങ്ങിക്കൊണ്ടുവരുന്നത് ഞാൻ ആണെങ്കിലും ഓളെ കയ്യിൽ നിന്നും വാങ്ങിക്കഴിക്കുമ്പോ കിട്ടുന്ന ഒരു സംതൃപ്തി വേറെത്തന്നെ ആണ്…

ചായ അവിടെ വച്ചിട്ട് ഓളുടെ റൂമിന്റെ മുന്നിൽ പോയി മുട്ടണോ വേണ്ടേ എന്ന് ചിന്തിച്ചു കുറേ നേരം നിന്നു..
പിന്നെ തൽകാലം വേണ്ടെന്ന് വച്ചു നേരെ അടുക്കളയിലേക്ക് വച്ചു പിടിച്ചു…

“ഇയ്യെന്തിനാടി ന്റെ കുട്ടിനെ തല്ലിയത് ”

എന്ന് ചോദിച്ചു അസ്‌നയോട് കണ്ണുരുട്ടിയപ്പോൾ

“ഓളെ മാത്രല്ല.. വേണ്ടി വന്നാൽ ഇങ്ങളെയും തല്ലും… അല്ലേലും ഓൾക്ക് ഒന്ന് കിട്ടാത്തതിന്റെ കുറവ് നല്ലോണം ഉണ്ട് ”

എന്നായിരുന്നു ഓളെ മറുപടി..

“ന്നാലും ഇയ്യ് തച്ചത് ശരിയായില്ല ”

എന്ന് പറഞ്ഞു നോക്കിയെങ്കിലും..

“ആ.. ഇതിപ്പോ നല്ല കഥ ആയി… ഇങ്ങളെ ഇമ്മാതിരി ഒലക്കമ്മലെ കളി കാരണമാണ് പെണ്ണ് തന്നിഷ്ടം കാട്ടി നടക്കുന്നത്..
മോള് വാപ്പാനിം ഉമ്മാനെയും ചവിട്ടിത്തേച്ചിട്ട് ഏതെങ്കിലും ഒരു പ്രാന്തന്റെ കൂടെ ഇറങ്ങിപ്പോകുമ്പോളെ ഇങ്ങള് പഠിക്കൂ ”

എന്ന ഓളുടെ പ്രസ്ഥാവനയുംകൂടി ആയപ്പോൾ തൃപ്തി ആയി…
അല്ലേലും ഓളോട് പറഞ്ഞു പിടിച്ചു നിൽക്കാൻ പറ്റില്ല എന്നറിയാവുന്നതുകൊണ്ട് മെല്ലെ പിൻവാങ്ങുകയല്ലാതെ രക്ഷയില്ലായിരുന്നു…

രാത്രി ആയപ്പോഴേക്കും

“മര്യാദക്ക് പുറത്തിറങ്ങിയില്ലെങ്കിൽ വാതില് ചവിട്ടിപ്പൊളിച്ചിട്ടു അന്റെ നടപ്പുറം ഞാൻ കടപ്പുറമാക്കും ”

എന്നുള്ള അസ്‌നയുടെ ഭീഷണിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ പാത്തുമ്മ പുറത്തിറങ്ങി…

എല്ലാരും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നതെങ്കിലും പാത്തുമ്മ ഞങ്ങളോട് മിണ്ടാതെ തലയും താഴ്ത്തി ഒരേ ഇരിപ്പായിരുന്നു..

ഓളോട് അങ്ങോട്ട്‌ മിണ്ടാൻ എനിക്കും എന്തോ ഒരു വല്ലാത്ത ചമ്മൽ…

വിളമ്പിയ ചോറ് അതേ പടി ബാക്കി വച്ചിട്ട് എഴുന്നേൽക്കാൻ പാത്തുമ്മ ഒരു ശ്രമം നടത്തിയെങ്കിലും

“മുയ്മൻ തിന്നാതെ ഇരുന്നോടത്തു നിന്നും അനങ്ങിയാൽ അന്റെ മോന്ത പിടിച്ചു ഞാൻ ചുമരിന്മേൽ ഉരക്കും…
പിന്നെ അന്നെ കണ്ടാൽ ആർക്കും ഐസ്ക്രീം വാങ്ങിത്തരാൻ തോന്നൂല ”

എന്ന അസ്‌നയുടെ അടുത്ത ഭീഷണികൂടി വന്നതോടെ എന്തൊക്കെയോ കാട്ടി പ്ലേറ്റിൽ ഉള്ള ചോറൊക്കെ മനസ്സില്ലാ മനസ്സോടെ തീർത്തു ഓള് വീണ്ടും റൂമിൽ പോയി വാതിലടച്ചു…

റൂമിൽ പോയി കിടന്നിട്ടാണെങ്കിൽ ഒരു സമാധാനവും ഇല്ല…
അസ്ന ചെന്ന് കിടന്ന ഉടനേ കൂർക്കംവലി തുടങ്ങി…
എനിക്കാണെങ്കിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല…

മോള് ഒറ്റക്കാണ് കിടക്കുന്നത്…
ഇനിയിപ്പോ ഓൾക്ക് വാശി തോന്നി എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കുമോ എന്നൊക്കെ ഉള്ള വല്ലാത്തൊരു ഭയം..

അല്ലേലും മനുഷ്യന്മാർക്ക് എന്തെങ്കിലും കൈയബദ്ധം ഒപ്പിക്കാൻ വല്യ കാരണം ഒന്നും വേണ്ട…

ഒരുത്തൻ ഉപ്പുമാവിൽ ഉപ്പ് കൂടിപ്പോയ ദേഷ്യത്തിന് ഭാര്യയെ തല്ലിക്കൊന്ന കഥ രണ്ടു ദിവസം മുൻപാണ് ഫേസ്ബുക്കിൽ വായിച്ചത്…

മനുഷ്യന്മാരെ സമാധാനം നശിപ്പിക്കാൻ വേണ്ടി അമ്മാതിരി ഓരോ കഥകൾ പടച്ചുണ്ടാക്കുന്ന ഹമുക്കുകളെയൊക്കെ വെടി വച്ചു കൊല്ലണം…

എന്നൊക്കെ മനസ്സിലോർത്തു കിടന്ന് അറിയാതെ മയങ്ങിപ്പോയി…

സമയം ഏകദേശം പന്ത്രണ്ടര ഒക്കെ ആയപ്പോൾ വാതിലിൽ ഒരു മുട്ട് കേട്ടാണ് എണീറ്റത്…

വാതിലു തുറന്നു നോക്കിയപ്പോൾ പാത്തുമ്മ…

“ന്താ കുട്ട്യേ.. ഈ നേരത്ത്.. ഉപ്പാനോടുള്ള പിണക്കം മാറിയോ ”

എന്ന് ചോദിച്ചെങ്കിലും അതിനുള്ള മറുപടി തരാതെ ഒരു കടലാസ് എന്റെ കയ്യിൽ ഏല്പിച്ചിട്ട് ഓള് തിരിച്ചു റൂമിൽ കയറി കതകടച്ചു….

ഈ നട്ടപ്പാതിരക്ക് എന്തിന്റെ നോട്ടീസ് ആണാവോ ഓള് കൊണ്ടുത്തന്നത് എന്നോർത്തു ലൈറ്റ് ഇട്ടു നോക്കിയപ്പോൾ സംഗതി ഒരു കത്താണ്…

“പ്രിയപ്പെട്ട ഉപ്പാ….

ഇനിക്ക് ഈ ലോകത്ത് ന്റെ ഉപ്പയും ഉമ്മയും കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ…

പക്ഷേ.. ഞാനൊരു പതിനെട്ടു വയസ്സ് തികഞ്ഞ പെൺകുട്ടി ആണ്…
ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ആരോടെങ്കിലും പ്രണയം തോന്നിക്കൂടെന്നോ ആരുമായും സൗഹൃദം പങ്കുവെക്കാൻ പാടില്ലെന്നോ എന്നൊന്നും തീരുമാനിക്കാൻ നിങ്ങൾക്ക് അവകാശമില്ല…
അതേ സമയം ഒരു മകൾ എന്ന നിലയ്ക്ക് സ്നേഹം കൊണ്ട് എന്നെ അനുസരിപ്പിക്കാൻ ഉള്ള കടമ നിങ്ങൾക്കുണ്ട്…

എനിക്ക് എന്റേതായ സ്വാതന്ത്ര്യങ്ങൾ ഉണ്ട് അതിനെ പാടേ നിഷേധിച്ചുകൊണ്ടാവരുത് മാതാപിതാക്കൾ എന്ന നിങ്ങളുടെ കടമ നിറവേറ്റേണ്ടത്…..
ഇത്രയും കാലം നിങ്ങളെനിക്ക് തന്നിരുന്ന സ്വാതന്ത്ര്യം ഞാൻ ഇന്നേവരെ ദുരുപയോഗം ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പ്‌ തരാൻ പറ്റും…

പക്ഷെ.. അരുത് ചെയ്യരുത് മിണ്ടരുത് പ്രണയിക്കരുത് എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളെക്കാൾ വലിയ പ്രലോഭനങ്ങൾ മറ്റൊന്നും ഇല്ല എന്നുകൂടി നിങ്ങൾ ഓർത്താൽ കൊള്ളാം…

അമീറുമായുള്ള എന്റെ നല്ല സൗഹൃദത്തെ തെറ്റിദ്ധരിച്ചിട്ട് എന്തുകൊണ്ട് അവനെ പ്രണയിച്ചുകൂടാ അവനെ പ്രണയിച്ചാൽ എന്താണ് കുഴപ്പം എന്നൊരു തോന്നൽ എന്റെ ഉള്ളിൽ ഉണ്ടാകാൻ നിങ്ങൾ ഒരു കാരണമാകരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു…

ചില നിയമങ്ങൾ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ എന്നിവ കിട്ടുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നതിലേക്കാണ് മനുഷ്യനെ നയിക്കുക… അത്തരം ഒരു അവസ്ഥയെ ഞാൻ ഭയപ്പെടുന്നു..

അതുകൊണ്ട് ദയവു ചെയ്തു എന്നെ ശ്വാസം മുട്ടിക്കാതിരിക്കുക…
മരണം വരെ നിങ്ങളെ രണ്ടാളെയും മനപ്പൂർവം വേദനിപ്പിക്കാതെ ജീവിക്കാൻ കഴിയണേ എന്നുള്ള പ്രാർത്ഥനയോടെ
ഇങ്ങളെ സ്വന്തം മോൾ..
പാത്തു… ”

എന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം…

അത് വായിച്ചതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപോലായി അവസ്ഥ…

കാര്യം സമാധാനപരമായി ചോദിക്കാൻ നിൽക്കാതെ എടുത്തു ചാടി പ്രതികരിച്ചത് തെറ്റായിപ്പോയി എന്നുള്ള കുറ്റബോധം എന്നെ വല്ലാതെ പിടിമുറുക്കിതുടങ്ങിയിരുന്നു….

ഒപ്പം പാത്തുവിനെപ്പോലൊരു മോളെ കിട്ടിയതിൽ വല്ലാത്ത അഭിമാനം തോന്നി..
ഇത്രയും ബുദ്ധിയും തിരിച്ചറിവും ഒക്കെ ഉള്ള ഒരു പെണ്ണാണ് അവളെന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയോ എന്നൊരു തോന്നൽ…

ഓളെ കുറുമ്പും കുസൃതിയും കളിയും ചിരിയും ഒക്കെ കണ്ടിട്ട് വല്യ ലോകവിവരമൊന്നുമില്ലാത്ത ഒരു പൊട്ടിപ്പെണ്ണാണെന്നായിരുന്നു അതുവരെ ധരിച്ചു വച്ചിരുന്നത്…

ഏതായാലും അതോടുകൂടി നാളെ പിറ്റേന്ന് എനിക്ക് എന്തെങ്കിലും പറ്റിയാൽ ന്റെ മോളുടെ അവസ്ഥ എന്താവും എന്നുള്ള പേടികൂടി ഇല്ലാതായിക്കിട്ടി…

വേഗം അസ്‌നയെ തട്ടി വിളിച്ചിട്ട് മോളെഴുതിയ കത്ത് വായിച്ചു കേൾപ്പിച്ചു കൊടുത്തു…

ഉറക്കപ്പിച്ചിൽ എല്ലാം കേട്ടിരുന്ന ശേഷം

“ഇങ്ങളോട് ഞാൻ അപ്പളേ പറഞ്ഞതല്ലേ.. ഇങ്ങളെ പട്ടാളച്ചിട്ട ഒന്നും ഇന്നത്തെ കാലത്തെ കുട്ട്യോളുടെ അടുത്ത് നടക്കൂലെന്നു.. മര്യാദക്ക് ഓൾക്ക് നാളെത്തന്നെ ഒരു പുത്യേ സിമ്മ് വാങ്ങിക്കൊടുത്ത് പ്രശ്നം സോൾവാക്കിയാൽ ഇങ്ങക്ക് കൊള്ളാം ”

എന്ന് പറഞ്ഞു കുറ്റം മുഴുവൻ എന്റെ തലയിൽ ഇട്ടിട്ട് ഓള് കിടക്കാൻ നോക്കുന്നതിനിടക്ക്

“ഇയ്യ് എപ്പളാണ്ടി ഇതൊക്കെ പറഞ്ഞത് ”

എന്ന് ചോദിച്ചെങ്കിലും അതിനുള്ള മറുപടി തരാതെ ഓള് കൂർക്കംവലി തുടങ്ങിയിരുന്നു…

#മകളുടെ_കാമുകൻ | By Saleel Bin Qasim

[yuzo_related]

CommentsRelated Articles & Comments