മലയാളം ഇ മാഗസിൻ.കോം

ഒടുവിൽ മകൾ പറഞ്ഞു അമ്മേ, ഇത്‌ ന്യൂ‍ ജനറേഷനാ.. അമ്മയുടെ അവസാന മറുപടി പക്ഷെ മകൾക്ക്‌ താങ്ങാൻ കഴിഞ്ഞില്ല!

ഒരു യുദ്ധം കഴിഞ്ഞ പ്രതീതി! ഇന്ത്യയും പാകിസ്ഥാനും തമ്മിൽ..വെടിയുണ്ടകളുടെ ശബ്ദവും ചീറിപ്പായുന്ന യുദ്ധവിമാനങ്ങളുടെ മുരൾച്ചയും… ഭയാനകമായ അന്തരീക്ഷം, ഏതു നിമിഷവും എന്തും സംഭവിക്കാം.

ഒരു ന്യൂജെൻ മകളും അവളുടെ അത്ര ന്യൂ അല്ലാത്ത അമ്മയും തമ്മിലുള്ള യുദ്ധ സമാനമായ അന്തരീക്ഷമാണ് മേൽ വിവരിച്ചത്. യുദ്ധ കാരണമായി മാറിയതാകട്ടെ ഒരു സാധാരണ വാക്കും. ജനറേഷൻ ഗ്യാപ്!

ഇന്നും ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഈ ജനറേഷൻ ഗ്യാപ്. പഴമയിൽ നിന്നും പുതുമയിലേക്ക് എത്താനുള്ള ദൂരമാണോ അതോ പഴമയെ അംഗീകരിക്കാനും പുതുമയെ വരവേൽക്കാനുമുള്ള മനസ്സില്ലായ്മയാണോ ഇത്? ചിന്തകൾക്കും കണ്ടെത്തലുകൾക്കുമൊടുവിൽ ഞാൻ മനസ്സിലാക്കിയെടുത്ത ചില ഭീകര സത്യങ്ങൾ ജനറേഷൻ ഗ്യാപ് എന്ന വാക്കിന്റെ നിഘണ്ടുവിലേക്കായി സമർപ്പിക്കുന്നു.

സീൻ 1: ലൊക്കേഷൻ വീട്, പശ്ചാത്തലം വീട്ടിലെ കാതു പൊത്തിയ ചുവരുകൾ
അമ്മ: എടീ നീ പോയി ആ ഡ്രസ്സ് ഊരിക്കളഞ്ഞേ.. എന്തൊരു കോലമാ പെണ്ണേ ഇത്? നാലാളിന്റെ മുന്നിലേക്കാ പോകുന്നത്… മനുഷ്യനെ നാണം കെടുത്താനായി ഓരോ കോലവും കാട്ടി ഇറങ്ങിക്കോളും. അവിടെയും കാണിച്ച് ഇവിടെയും കാണിച്ച്.. ട്രെൻഡാത്രേ ട്രെൻഡ്.. ഇതാണ് ട്രെൻഡെങ്കിൽ വല്ലവനും നിന്നെ കയറി പിടിക്കും, പറഞ്ഞില്ലെന്നു വേണ്ട.

മകൾ: എന്റമ്മേ അമ്മ ഏതു കാലത്താ ജീവിക്കുന്നത്? അമ്മയായാലും കുറച്ചൊക്കെ മോഡേണാവണം. ഒരു പഴങ്കഞ്ഞി സാരിയും കൊണ്ട് ഇറങ്ങിക്കോളും.. കുറച്ചൊക്കെ ഗെറ്റപ്പിൽ നടക്കണം. പ്രായമെത്രയായാൽ എന്താ? ഒരാളിന്റെ ഫസ്റ്റ് പേഴ്സണാലിറ്റി എന്നു പറയുന്നത് അവനവന്റെ വസ്ത്രധാരണമാണ്. അത് കഴിഞ്ഞേ അമ്മ ഏത് തറവാട്ടിലെയാണെന്ന് ആളുകൾ തിരക്കൂ… ഞാൻ പറയുന്ന ഡ്രസ്സൊന്നും ഇവിടെയാരും ഇടാറില്ലല്ലോ. എന്നെയും തൽക്കാലം നന്നാക്കാൻ നോക്കണ്ട.. പണ്ടാരടങ്ങാൻ ഒരു മുടിഞ്ഞ ജനറേഷൻ ഗ്യാപ്!!

സീൻ:2 ലൊക്കേഷൻ ബന്ധുവിന്റെ കല്യാണത്തിന് പോകാനായി തയാറെടുക്കുന്ന വീട്ടുകാർ
അമ്മ: ദൈവമേ നിന്റെ സ്വർണ്ണമെല്ലാം എന്തിയേ? ചന്തയ്ക്കല്ല.. കല്യാണത്തിനാ പോകുന്നെ.പെണ്ണേ പോയി ഓർണമെന്റ്സൊക്കെ ഇട്ടോണ്ട് വാ. പണ്ടൊക്കെ ഒരു തരി പൊന്ന് കാണാൻ കൊതിച്ചിട്ടുണ്ട്. ഇന്ന് ഇവൾക്കൊക്കെ നൂറും നൂറ്റിയമ്പതും അടുക്കി പെട്ടിയിൽ വച്ചിരിക്കുന്നതിന്റെ അഹങ്കാരമാ. പോട്ടേ ആൾക്കാരെന്തു വിചാരിക്കുമെന്നെങ്കിലും ഓർക്കണ്ടേ? കെട്ടിച്ചു വിട്ട പെണ്ണാ.. ഒള്ളതെല്ലാം ഞങ്ങളെടുത്ത് തൂക്കി വിറ്റെന്നു വിചാരിക്കും, അല്ലാതെന്താ.. ഒരു മൊട്ട കമ്മലും നൂലു മാലയും. എന്നാ അതെങ്കിലും അവൾക്ക് ഗോൾഡ് ഇട്ടൂടെ? അഹങ്കാരി!

മകൾ: അയ്യോ അമ്മേ ഇതാ ഇപ്പോഴത്തെ സ്റ്റൈൽ! ഗോൾഡ് ഒന്നും ആരും ഉപയോഗിക്കത്തില്ല..അത് ഒരു ഇൻവെസ്റ്റ്മെന്റായി അങ്ങനെ ലോക്കറിൽ ഇരിക്കുന്നതാ ഒരു സുഖം. നാട്ടിലെ പേരുകേട്ട ജുവൽറി മൊതലാളി അല്ലേ ജോയ് ആലുക്കാസ്. അങ്ങേരുടെ മോൾടെ കല്യാണത്തിന് എത്ര സ്വർണ്ണം ഇട്ടു? അതെന്താ ഇല്ലാഞ്ഞിട്ടാ? ഇപ്പോൾ സ്വർണ്ണമൊക്കെ അടച്ചു പെട്ടിയിലാക്കി ലോക്കറിൽ വയ്ക്കുന്നതാ അതിന്റെയൊരു സ്റ്റൈൽ. മാത്രമല്ല ഈ ഗോൾഡൊക്കെ ഏതു പ്രായത്തിലും ഇടാലോ ഈ ഫാൻസിക്കുട്ടന്മാരെ അങ്ങനെ എപ്പഴും പറ്റുമോ എന്റെ പൊന്നമ്മച്ചീ.. ഈ പട്ടുസാരീം ചുറ്റി മുല്ലപ്പൂവും വച്ച് കയ്യിലും കാതിലും പൊന്നുമിട്ട് ഇങ്ങനെ അണിഞ്ഞൊരുങ്ങി നടക്കുന്നവരെ ഇന്നത്തെ പയ്യന്മാർക്കു പോലും വേണ്ട.. എന്നിട്ടും എന്റെ അമ്മച്ചി ഇപ്പോഴും പുരാതനകാല ജീവിയായിപ്പോയല്ലോ..

സീൻ:3 ലൊക്കേഷൻ പഠിത്തം കഴിഞ്ഞ് ജോലിയൊന്നുമാകാത്ത മക്കൾ ഉള്ള വീട്
അമ്മ: എടീ പിഎസ്സി ടെസ്റ്റിനുള്ള ആപ്ളിക്കേഷൻ നീ അയച്ചില്ലേ ഇതുവരെ? എത്ര പ്രാവശ്യം ഞാൻ പറഞ്ഞു? ഇത്രയും അഹങ്കാരം പാടില്ല നിനക്കൊന്നും. എനിക്കും നിന്റെ അച്ഛനുമൊക്കെ സർക്കാർ ജോലി ഉള്ളതുകൊണ്ടാ നീയൊക്കെ ഇന്ന് ഇത്രയ്ക്ക് അഹങ്കാരം കാണിക്കാനും മാത്രം വളർന്നത്. ടെസ്റ്റെഴുതി എത്രയും വേഗം ഒരു ജോലി നേടാനുള്ളതിന് ഓരോ മൊടന്തൻ ന്യായങ്ങളും പറഞ്ഞോണ്ടിരിക്കുവാ അവൾ. നീയൊക്കെ അനുഭവിക്കാൻ ഇരിക്കുന്നതേയുള്ളൂ..

മകൾ: എനിക്ക് സർക്കാർ ജോലിയോട് താൽപ്പര്യമില്ലെന്ന് ഞാൻ എത്ര വട്ടം പറഞ്ഞതാ?എന്തിനാ എന്നെ ഇങ്ങനെ നിർബന്ധിക്കുന്നെ? എനിക്ക് സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനാണ് താൽപ്പര്യമെന്ന് നിങ്ങളോടൊക്കെ ഞാൻ പറഞ്ഞതല്ലേ? ഒരു ഗവണ്മെന്റ് ജോലി.. റിട്ടയറാകുമ്പോൾ പെൻഷൻ കിട്ടുമെന്ന് കരുതി എന്റെ ജീവിതം നാലു കാലിൽ തളച്ചിടാൻ എന്നെ കിട്ടില്ല.

സീൻ: 4 ലൊക്കേഷൻ ദുബായിലെ മകളുടെ ഫ്ളാറ്റ്
മകൾ: അമ്മയെന്താ വിഷമിച്ചിരിക്കുന്നെ? നമ്മുടെ ഫ്ളാറ്റിൽ നിന്ന് നോക്കിയാൽ എത്ര മനോഹരമായ കാഴ്ച്ചകളാ കാണാൻ കഴിയുക? ഇനി ഇവിടിരുന്ന് ബോറടിച്ചിട്ടാണെങ്കിൽ താഴെ ലോണുണ്ടല്ലോ അവിടെ പോയിരിക്കാം.. അല്ലെങ്കിൽ ടി വി കാണാം.. അടുത്ത മാളിലേക്ക് ഒന്നു പോയി വരാം. അല്ല എന്താ അമ്മയുടെ പ്രശ്നം?

അമ്മ: എടീ എനിക്ക് ആരോടെങ്കിലുമൊക്കെ ഒന്ന് സംസാരിക്കണം. നീ ഇവിടുത്തെ അയൽക്കാരെയൊക്കെ ഒന്ന് പരിചയപ്പെടുത്തി താ. അടുത്തു താമസിക്കുന്നവരുമായി എപ്പോഴും നല്ല ബന്ധങ്ങൾ ഉണ്ടാക്കണം. ഒരാവശ്യത്തിന് അവരൊക്കെയേ കാണൂ.. പറഞ്ഞേക്കാം. എന്നും അച്ഛനും അമ്മയും ഒന്നും അടുത്ത് കാണില്ല.

മകൾ: ഹ..ഹ..ഹ.. അയൽക്കാരേ.. തൊട്ടടുത്ത ഫ്ളാറ്റിൽ താമസിക്കുന്നത് മലയാളികളാണെന്ന് ഞങ്ങൾ ഇവിടെ താമസമായി എട്ടു മാസം കഴിഞ്ഞാ അറിഞ്ഞത് പോലും. അമ്മേ ഇത് മെട്രോ സിറ്റിയാ.. ഇവിടെ ആർക്കും ആരോടും സംസാരിക്കാൻ സമയമില്ലാ..ആരുടെയും കാര്യങ്ങളിൽ ഇടപെടാൻ താൽ പ്പര്യവുമില്ല. അവരവർക്ക് അവരവരുടെ കാര്യം മാത്രം. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണമെന്ന് കേട്ടിട്ടില്ലേ.. അതു തന്നെ!

സീൻ: 5 ലൊക്കേഷൻ ലേബർ റൂം
അമ്മ: അയ്യേ നീ എന്തായീ പറയണേ.. പ്രസവ സമയത്ത് അവനും കൂടി നിന്റെ കൂടെ നിൽക്കണമെന്നോ? ഇത്തിരിയെങ്കിലും നാണവും മാനവുമുള്ള പെണ്ണുങ്ങൾ ഇങ്ങനൊക്കെ പറയുമോ ഈശ്വരാ? പണ്ട് നിന്നെ പ്രസവിച്ച് കിടക്കുമ്പോൾ നിന്റെ മുത്തശ്ശി വേതിടാൻ വരുമ്പോൾ പോലും ഞാൻ സമ്മതിച്ചിരുന്നില്ല. ഞാൻ തന്നെയാ എല്ലാം ചെയ്തത്. പ്രസവവും കഴിഞ്ഞ് മൂന്നു മാസവും കഴിഞ്ഞാ ഞാൻ നിന്റെ അച്ഛനെ പിന്നെ നേരാം വണ്ണം ഒന്ന് കണ്ടത് പോലും.അല്ലെങ്കിലും ഇക്കാര്യങ്ങളൊക്കെ ആണുങ്ങൾ കാണാൻ പാടുണ്ടോ? ഇനി എന്തൊക്കെ കേൾക്കണം ദൈവമേ!

മകൾ: അപ്പോൾ അമ്മയും മുത്തശ്ശിയും തമ്മിലും ചില ജനറേഷൻ ഗ്യാപ്പൊക്കെ ഉണ്ടായിരുന്നു അല്ലേ? ഇവിടെ എല്ലായിടത്തും ലേബർ റൂമിൽ ആവശ്യമെങ്കിൽ ഭർത്താവിനും നിൽക്കാം. ഹോസ്പിറ്റലിൽ അതിനുള്ള സൗകര്യമൊക്കെയുണ്ട്. എത്ര പേരാ ഡെലിവറി വീഡിയോ എടുത്ത് വയ്ക്കുന്നതെന്നറിയാമോ? ഞാൻ അതൊന്നും ചെയ്തില്ലല്ലോ..

സീൻ: 6 ലൊക്കേഷൻ, തറവാട്ട് വീട്ടിനുള്ളിലെ ഒരു സായന്തനം
മകൾ: അമ്മേ എനിക്കാരാ ഈ പേരിട്ടത്? അച്ഛനാണോ? അച്ഛന് വേറെ ഒരു പേരും കിട്ടിയില്ലേ?എന്റെ അച്ഛാ ഒരു മാതിരി ചെയ്ത്തായിപ്പോയി ഇത്. വേറെ എന്തോരം പേരുകളുണ്ടായിരുന്നു ഈ ലോകത്ത്. എന്നിട്ട് അച്ഛന് കിട്ടിയത് ഒരു ‘ദേവിക’. വല്ല കാവ്യാന്നോ… നവ്യാന്നോ… മിനിമം മീരാ ജാസ്മിൻ എന്നെങ്കിലും ഇടാമായിരുന്നു. എന്റെ മക്കൾക്ക് ഞാൻ പേരിട്ട് കാണിച്ചു തരാട്ടോ..

അമ്മ: എടീ ഈ ‘സാവര്യ’ എന്നൊക്കെ എങ്ങനാ വിളിക്കുക? കേൾക്കുമ്പോൾ കുറച്ച് പുതുമയൊക്കെ ഉണ്ട്. എങ്കിലും ഒരുമാതിരി സവാരിയായിപ്പോയി. ഇതാണോ നിന്റെ മോഡേൺ പേര്? കഷ്ടം! ഞാൻ അവളെ കുട്ടിമാളൂന്നേ വിളിക്കൂ…

സീൻ: 7 ലൊക്കേഷൻ കോർപ്പറേറ്റ് ഉടമസ്ഥയായ മകളുടെ ബെഡ് റൂം
അമ്മ: സ്വന്തമായി വരുമാനമുണ്ടെന്നു കരുതി ഇത്രയും അഹമ്മതി പാടില്ല. എത്ര കാശാ നീ കൊണ്ടുക്കളയുന്നത്? എത്ര ജോഡി ചെരുപ്പുകളാ നിന്റെ മുറിയിൽ കിടക്കുന്നത്? ഒരാൾക്ക് ജീവിക്കാൻ ഇത്രയധികം വസ്ത്രങ്ങൾ വേണോ മോളേ? ഞാനും നിന്റെ അച്ഛനുമൊക്കെ ആണ്ടിൽ ഒന്നോ രണ്ടോ വസ്ത്രങ്ങളാ വാങ്ങിയിരുന്നത്. കാശെന്നു പറയുന്നത് മഹാലക്ഷ്മിയാ.. ഉള്ളത് സൂക്ഷിച്ച് കൈകാര്യം ചെയ്താൽ നിന്റെ പിള്ളാർക്ക് ഉപയോഗപ്പെടും. അല്ലെങ്കിൽ നിന്റെയൊക്കെ ഇഷ്ടം പോലെ ജീവിക്ക്.

മകൾ: അമ്മേ ഇന്ന് കോർപ്പറേറ്റ് ലൈഫാണ്. ഇല്ലെങ്കിലും എല്ലാം ഉണ്ടെന്ന് കാണിക്കണം. പച്ച മലയാളത്തിൽ പറഞ്ഞാൽ കുറച്ച് ജാഡയൊക്കെ കാണിച്ചാലെ നാലാളുകൾക്ക് മുന്നിൽ നേരാം വണ്ണം ജീവിക്കാൻ പറ്റൂ.. പിന്നെ ഞാൻ വളർന്നു വന്ന ഓണം കേറാ മൂലയൊന്നുമല്ലല്ലോ ഇത്. ഇവിടെ ഇത്തിരി വേഷം കെട്ടൊക്കെ വേണം. ഇവിടുത്തെ മലയാളികളെയൊക്കെ അമ്മ കാണുന്നതല്ലേ? നാട്ടിൽ ഏതെങ്കിലുംഗ്രാമങ്ങളിലൊക്കെയാവും അവരുടെ തറവാട്. പക്ഷേ അവർ അങ്ങനെയാണോ ഇവിടെ ജീവിക്കുന്നത്?

സീൻ: 8 ലൊക്കേഷൻ തറവാട് വീട്, പശ്ചാത്തലം ഫോൺ സംഭാഷണം
അമ്മ: നിന്റെ ചേട്ടനുണ്ടല്ലോ അവന് നമ്മുടെ വീടൊന്നും വേണ്ടാ പോലും. നാട്ടിലെ വീടും പറമ്പുമൊക്കെ കളഞ്ഞിട്ട് അച്ഛനും അമ്മയും അവന്റെ കൂടെ പോയി താമസിക്കാൻ.നിന്റെ കൂടെ ദുബായിൽ വന്ന് താമസിച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയില്ല അപ്പോഴാ അവന്റെ അമേരിക്ക. ഞങ്ങൾ തനി നാട്ടിൻ പുറമാ.. ഞങ്ങൾക്കതേ പറ്റൂ.. ഇനി നിനക്കും വീട് വേണ്ടാങ്കിൽ ഞങ്ങളെ വല്ല ശരണാലയത്തിലും ആക്കിയേരേ.അവിടെ ആർക്കും തമ്മിൽ ജനറേഷൻ ഗ്യാപ്പൊന്നും കാണില്ലല്ലോ..

മകൾ: വീടു വേണ്ട എന്നു പറഞ്ഞാൽ നിങ്ങളെ വേണ്ട എന്നാണൊ അതിനർത്ഥം? ആ വീടും പറമ്പും വിറ്റിട്ട് നിങ്ങൾ ഞങ്ങളുടെ കൂടെ വന്ന് താമസിച്ചാൽ പോരെ? അവിടെ കിട്ടുന്നതിൽ കൂടുതൽ സൗകര്യം നിങ്ങൾക്ക് ഇവിടെ കിട്ടില്ലേ? മാത്രമല്ല,ആ പട്ടിക്കാട്ടിൽ വന്നാൽ കുട്ടികളുടെ ഭാവി എന്താകും? അവർക്ക് നല്ല വിദ്യാഭ്യാസം വേണ്ടേ? പിന്നെ ഞങ്ങളുടെ ജോലി? കാലം മാറിയില്ലേ അമ്മേ?

അമ്മ: ഈ പട്ടിക്കാട്ടിൽ തന്നാ നീ വളർന്നത്. നീയും നിന്റെ ചേട്ടനുമൊക്കെ വലിയ ദുബായ്ക്കാരിയും അമേരിക്കക്കാരനുമൊക്കെ ആയത് ഈ പട്ടിക്കാട്ടിലെ സ്കൂളിൽ പഠിച്ചിട്ട് തന്നെയാ.. പഴയതൊന്നും ആരും മറക്കരുത്!

സീൻ: 9 ലൊക്കേഷൻ ദുബായ് ഫ്ളാറ്റ്
മകൾ: അയ്യോ ചേട്ടാ നാട്ടീന്ന് കോളുണ്ടായിരുന്നു.. എന്റെ അമ്മ.. പോയീന്ന്… ഹാർട്ട് അറ്റാക്ക് ആയിരുന്നു. ഹോസ്പിറ്റലിൽ വച്ചാ മരണം സംഭവിച്ചത്. അവസാന നിമിഷം അമ്മ ഞങ്ങളെ രണ്ടു പേരെയും കാണണം എന്നു പറഞ്ഞത്രേ.. എനിക്ക് അമ്മയെ ഇപ്പോ കാണണം. വേഗം ടിക്കറ്റ് ബുക്ക് ചെയ്യൂ.. നമുക്ക് പോകാം.

അമ്മ: എന്നെ കാണാനായി എന്റെ മകളും മകനും വരുമ്പോൾ ഇതവർക്ക് കൊടുക്കണം. കറുത്ത നിറത്തിലെ വസ്ത്രങ്ങളാ.. ഇതും ധരിച്ച് എന്നോടൊപ്പം സെൽഫിയെടുക്കാൻ അവരോട് പറയണം. അത് ഫേസ്ബുക്കിൽ അപ് ലോഡ് ചെയ്ത് കൺടോലൻസ് മെസേജുകൾ വായിച്ച് നെടുവീർപ്പിടാൻ പറയണം. മരണത്തിലെങ്കിലും ഞാൻ മോഡേൺ ആയെന്ന് കരുതി അവർ സന്തോഷിക്കട്ടെ. അല്ലെങ്കിലും മരണത്തിനെന്ത് ജനറേഷൻ ഗ്യാപ്?

സജിതാ സാൻ | Copyright Protected

Avatar

Staff Reporter