മലയാളം ഇ മാഗസിൻ.കോം

ആരോഗ്യത്തിനും ഉന്മേഷത്തിനും ഉത്തമമായ 5 തരം ചായകൾ ഇനി ശീലമാക്കാം

ചായയോ കാപ്പിയോ കുടിയ്ക്കാതെ ഒരു ദിവസം തുടങ്ങുന്നതിനെ പറ്റി ആലോചിക്കാന്‍ കൂടി നമ്മൾ മലയാളികൾക്ക്‌ ഒരിക്കലും കഴിയാറില്ല. വിവിധ തരം രുചിഭേദങ്ങള്‍ ചായയ്ക്ക് ലഭ്യമാണ്. ഗ്രീന്‍ ടീ, ലൈം ടീ, കാര്‍ഡമം ടീ എന്നിങ്ങനെ പോകുന്നു അത്. തുടർച്ചയായി ചായ കുടിക്കുന്നതും അമിതമായി ചായ കുടിക്കുന്നതുമൊക്കെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെങ്കിലും ചായകുടി പൂർണമായും ഒഴിവാക്കാനൊന്നും മലയാളികളെ കിട്ടില്ല. എന്തായാലും ദിവസം ഒന്നോ, കൂടിവന്നാൽ രണ്ടോ ചായ മാത്രം കുടിക്കുന്നതാണ് നല്ലത്. എന്നാല്‍ ആരോഗ്യത്തിന് ഉത്തമമായ നാലുതരം ചായകൾ പരിചയപ്പെടാം.

വേനൽക്കാലത്തൊക്കെ എന്തൊരു അസ്വസ്ഥതയായിരിക്കും ശരീരത്തിന് അല്ലേ? ഈ ചൂടും ജോലിയുടെ ടെൻഷനും എല്ലാം ഒന്ന് കുറച്ചുകിട്ടാൻ എന്താ വഴിയെന്ന് ആലോചിച്ചിരിക്കുമ്പോൾ ഒരു ജീരകച്ചായ കിട്ടിയാലോ? അതെന്താണെന്നാണോ? ജീരകം ഒരു നുള്ളെടുത്ത് ആദ്യം ഒരു 10 സെക്കൻഡ് ചൂടാക്കുക. പിന്നീട് കുറച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൂടാറിക്കഴിയുമ്പോൾ അല്പ്പം തേനും ഒരുനുള്ള് ഉപ്പും ചേർത്ത് കഴിച്ചോളൂ. ഈ ജീരകച്ചായയ്ക്ക് ശരീരത്തിന്റെ ക്ഷീണം മാറ്റാൻ അസാധാരണമായ കഴിവുണ്ട്. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് ജീരകച്ചായ.

അടുത്തത് കറുവാപ്പട്ട ചായയാണ്. ഒന്നര കപ്പ്‌ വെള്ളത്തിൽ ഒരു ചെറിയ കഷ്ണം കറുവാപ്പട്ട ഇട്ട് അടുപ്പിൽ വയ്ക്കുക. ചെറിയ ചൂടിൽ തിളയ്ക്കുന്നതാണ് ഉത്തമം. അതിനാൽ സ്റ്റൗ ലോ ഫ്ലേമിൽ വയ്ക്കുക. ഒരു 20 മിനിറ്റിന് ശേഷം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ വാങ്ങിവയ്ക്കുക. ആറിയ ശേഷം ഉപയോഗിക്കാം. മധുരമോ തേനോ ചേർക്കേണ്ടതില്ല. കറുവാപ്പട്ടയ്ക്ക് ഒരു മധുരമുണ്ടല്ലോ. കൊളസ്ട്രോളിന് അത്യുത്തമമാണ് ഈ കറുവാപ്പട്ട ചായ. ശരീരവേദനയ്ക്കും ഈ ചായ ഗംഭീരമാണ്.

ഇനി കുങ്കുമപ്പൂവ് ചായയെ കുറിച്ച് പറയാം. അല്പ്പം കുങ്കുമപ്പൂവ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക. അഞ്ചുപത്ത് മിനിറ്റ് കഴിയുമ്പോൾ കുറച്ച് തിളച്ച വെള്ളവും തേനും ചേർക്കുക. കാൻസറിനെ പ്രതിരോധിക്കാനും ഹൃദയ സംബന്ധിയായ രോഗങ്ങൾ തടയുന്നതിനും കുങ്കുമപ്പൂവ് ചായയ്ക്ക് കഴിവുണ്ട്. കാഴ്ചശക്തി വർദ്ധിക്കാനും ഈ ചായ കുടിക്കുന്നത് നല്ലതാണ്.

ഇനി ഏലക്ക ചായയാണ്. ഒരു ദിവസം ആരംഭിക്കുന്നത് ഏലക്ക ചായ കുടിച്ചുകൊണ്ടാണെങ്കിൽ അന്നത്തെ ദിവസം അടിപൊളിയായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ. ദഹനശക്തി വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല, വയറിന് അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് മാറുകയും ചെയ്യും. തലവേദന ഇല്ലാതാക്കാനുള്ള കഴിവുണ്ട് ഏലക്ക ചായയ്ക്ക്. ശരീരശുദ്ധിക്കും ശരീരം ചൂടാകാതെ തണുപ്പ് നിലനിർത്തുന്നതിനും ഏലക്കാ ചായ കുടിക്കുന്നത് നല്ലതാണ്.

അടുത്തത്‌ ജിഞ്ചർ ചായ. ഇഞ്ചി ചേര്‍ത്ത ചായയുടെ ഗുണവശങ്ങള്‍ പറയാന്‍ ഏറെയുണ്ട്. ചായയില്‍ ഇഞ്ചി ചേര്‍ത്തുണ്ടാക്കുമ്പോള്‍ ഇത് ഹെര്‍ബല്‍ ചായയായി മാറുകയാണ് ചെയ്യുന്നത്.ആയുര്‍വേദ പ്രകാരം ഇഞ്ചിച്ചായ കുടിച്ചാല്‍ വാത, പിത്ത, കഫ ദോഷങ്ങള്‍ കുറയും. ഈ പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍ മാറാനും ഇത് സഹായിക്കും. വിശപ്പു വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ജിഞ്ചര്‍ ടീയ്ക്കു സാധിയ്ക്കും. ദഹനേന്ദ്രിയ രസങ്ങള്‍ ഉല്‍പാദിപ്പിച്ചാണ് ജിഞ്ചര്‍ ടീ ഈ ഗുണം ചെയ്യുന്നത്. ഇഞ്ചിച്ചായ കുടിയ്ക്കുന്നത് കോള്‍ഡ് പോലുള്ള അസുഖങ്ങള്‍ മാറാനും നല്ലതു തന്നെ. തൊണ്ടവേദനയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് ഇത്. വയറിളക്കം, വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും ജിഞ്ചര്‍ ടീ നല്ലൊരു പരിഹാരം തന്നെയാണ്. ഗ്യാസ്, അസിഡിറ്റി എന്നിവ കുറയ്ക്കാനും ഈ ചയ നല്ലതു തന്നെ. ക്ഷീണം മാറ്റി ശരീരത്തിന് ഊര്‍ജം നല്‍കാനും ജിഞ്ചര്‍ ടീ സഹായിക്കുന്നു. ക്ഷീണിച്ച് ഉറക്കം തൂങ്ങിയിരിക്കുമ്പോള്‍ അല്‍പം ജിഞ്ചര്‍ ടീ കുടിച്ചു നോക്കൂ. ഗുണം കാണാം. ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും ജിഞ്ചര്‍ ടീ നല്ലതാണ്. ഇത് ശരീരത്തില്‍ ചൂട് ഉല്‍പാദിപ്പിച്ചാണ് ഈ ഗുണമുണ്ടാക്കുന്നത്. ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതു തടയാനും ഇത് നല്ലതാണ്.

Avatar

Staff Reporter