മലയാളം ഇ മാഗസിൻ.കോം

2020 ഏപ്രിൽ 14 മുതൽ 2021 ഏപ്രിൽ 13 വരെയുള്ള സമ്പൂർണ്ണ വിഷുഫലവും ദോഷപരിഹാരങ്ങളും

വിശദമായ വിഷുഫലം താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്‌.

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഈ വർഷം പൊതുവേ മെച്ചമായിരിക്കും. ധനവരവും ചെലവും ഉണ്ടാവും. വാഹന ലാഭം ഉദ്യോഗകയറ്റം എന്നിവ പ്രതീക്ഷിക്കാം. വ്യാപാര വ്യവസായ രംഗങ്ങളിൽ ഉള്ളവർക്ക്‌ മെച്ചപ്പെട്ട ലാഭം ലഭിക്കും. രാഷ്ട്രീയക്കാർക്ക്‌ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവും. മിഥുനം, വൃശ്ചികം, മീനം എന്നീ മാസങ്ങൾ പൊതുവേ ഗുണമായിരിക്കില്ല. ശിവപൂജയും സുബ്രമഹ്ണ്യ ദർശനവും നടത്തണം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ഗുണഫലം ഉണ്ടാവുമെങ്കിലും ദോഷങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക വരവ് ഉണ്ടാവുമെങ്കിലും ചെലവും അതിനൊപ്പമായിരിക്കും. ഉദ്യോഗസ്ഥര്‍ക്ക് ആരോപണങ്ങളെ നേരിടേണ്ടിവരും. പ്രമോഷന്‍ താമസിക്കാന്‍ ഇടയുണ്ട്. ഭര്‍ത്താവുമായി കലഹിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശിവ പൂജയും ശ്രീരാമക്ഷേത്ര ദര്‍ശനവും ദോഷ ഫലങ്ങള്‍ക്ക് കുറവ് വരുത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൊതുവെ നല്ല സമയമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ബാധ്യതകള്‍ അലട്ടാത്ത കാലമാണിത്. സമൂഹത്തില്‍ മാന്യത ലഭിക്കും. ദീര്‍ഘയാത്രകള്‍ സഫലമാവും. വിദേശത്തുള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. മക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാവും. ദോഷ പരിഹാരങ്ങള്‍ക്കായി ശിവപൂജ നടത്തണം. അയ്യപ്പ ക്ഷേത്രത്തില്‍ നീരാജ്ഞനം നടത്തുന്നതും ഉത്തമമാണ്.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പൊതുവെ ദോഷ സമയമാണ്‌. ഇടപെടുന്ന കാര്യങ്ങളിൽ വിജയം കാണുമെങ്കിലും ശത്രുക്കൾ ശക്തിയാർജ്ജിക്കുന്നത്‌ കരുതിയിരിക്കണം. കുടുംബാന്തരീക്ഷത്തിൽ നിന്ന്‌ എപ്പോഴും സമാധാനം ലഭിക്കണമെന്നില്ല. വീട്ടമ്മമാർക്ക്‌ ദാമ്പത്യ സൗഖ്യം കുറയും. ഉദ്യോഗസ്ഥർക്ക്‌ മേലധികാരികളിൽ നിന്ന്‌ വിമർശനം കേൾക്കേണ്ടി വരും. കൃഷിക്കാർക്കും പൊതുവേ ഗുണകരമായ സമയമല്ല. ദോഷ പരിഹാരത്തിന്‌ ശിവപൂജയും വിഷ്‌ണു ക്ഷേത്ര ദർശനവും നടത്തണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങും. ആരോഗ്യപരമായും മാനസികപരമായും വളരെ നല്ല കാലമാണ്. സാമ്പത്തിക ഇടപാടുകള്‍ കോടതിയിലെത്താന്‍ അനുവദിക്കരുത്. ധനപരമായ ബുദ്ധിമുട്ടുകള്‍ അലട്ടിയേക്കാം. ദാമ്പത്യ സുഖം അനുഭവപ്പെടും എങ്കിലും ദുരാരോപണങ്ങള്‍ക്ക് വിധേയരാവും. മേലധികാരികളുടെ പ്രീതിയും ആനുകൂല്യങ്ങളും ഫലം. ഗണപതി പ്രീതിയും ശാസ്താ ക്ഷേത്ര ദര്‍ശനവും ദോഷ ഫലങ്ങള്‍ കുറയ്ക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പൊതുവെ നല്ല കാലമാണ്‌. ദീർഘ നാളായി കാത്തിരുന്ന സമ്പാദ്യം കൈയ്യിൽ വന്ന്‌ ചേരും. സുഖഭോഗങ്ങളിൽ കൂടുതൽ താൽപര്യം പ്രദർശിപ്പിക്കും. വിദ്യാർത്ഥികൾക്ക്‌ മികച്ച വിജയം നേടാനാവും. ഉദ്യോഗസ്ഥർക്ക്‌ സർക്കാരിൽ നിന്ന്‌ അനുകൂല പ്രതികരണമുണ്ടാവും. വ്യാപാരികൾക്ക്‌ അപ്രതീക്ഷിത ലാഭം. ശിവ ഭജനം, സുബ്രമഹ്ണ്യ ദർശനം എന്നിവ ദോഷ ശാന്തി നൽകും.

വിശദമായ വിഷുഫലം താഴെ വീഡിയോയിൽ നൽകിയിട്ടുണ്ട്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഈ വർഷം ഗുണപ്രദമാണ്‌. സന്താന ഗുണം ദാമത്യഗുണം എന്നിവയും സാമ്പത്തിക ലാഭവും ഫലം. കുടുംബാന്തരീക്ഷം ആശങ്കകൾ ഇല്ലാത്ത വിധം സുന്ദരമായിരിക്കും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത്‌ നടത്തും. എതിരാളികൾ നിഷ്പ്രഭരാവും. ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ കാലതാമസം നേരിട്ടേക്കാം. എന്നാൽ, കലാ കായിക രംഗത്തുള്ളവർക്ക്‌ മികച്ച നേട്ടമുണ്ടാവും. വ്യാപാരികൾ പുതിയ സംരംഭങ്ങൾ തുടങ്ങും. ദോഷപരിഹാരത്തിനായി ശിവ ക്ഷേത്രത്തിൽ ദർശനം നടത്തുക.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഗുണഫലങ്ങൾ ഉള്ള വർഷമാണ്‌. നാനാ വഴികളിൽ നിന്ന്‌ ആദായം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. വാഹനം വാങ്ങാനുള്ള യോഗമുണ്ട്‌. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. കുടുംബ സമാധാനം ലഭിക്കും. ദാമ്പത്യപരമായി നല്ലകാലമാണ്‌. വ്യവസായം പുരോഗതി നേടും. സേനാ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക്‌ പ്രമോഷൻ പ്രതീക്ഷിക്കാം. ദീർഘകാലമായി അകന്നു നിന്ന സുഹൃത്തുക്കൾ അഭിനന്ദനവുമായി അടുത്തെത്തും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിഷുഫലം പൊതുമേ മെച്ചമാണ്‌. ബന്ധുഗുണം പലതരത്തിലും ലഭിക്കും. ധനപരമായ വരവ്‌ വർദ്ധിക്കും. സൗഹൃദവും സഹായ മനസ്കതയും പ്രദർശിപ്പിക്കും. അവിചാരിതമായ ധനലാഭത്തിനും സാധ്യതയുണ്ട്‌. വീട്ടമ്മമാരുടെ മനോകാമനകൾ പൂർത്തിയാവും. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതീവ പുരോഗതിയുണ്ടാവും. സകല ഐശ്വര്യങ്ങൾക്കും രാമമന്ത്രം ഉരുവിടുന്നതും ശാസ്താ ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമാന്യം ഗുണകരമാണ്‌. മാനസികമായ പിരിമുറുക്കങ്ങൾ എല്ലാം അകലും എന്നതാണ്‌ ഏറ്റവും പ്രധാനം. രോഗബാധകൾ ഭേദമാവും. സാമ്പത്തിക നില മെച്ചപ്പെടും. വീട്ടമ്മമാർക്ക്‌ ദാമ്പത്യ സൗഖ്യം ലഭിക്കും. എന്നാൽ, ആരോപണങ്ങളെ നേരിടേണ്ടി വരും. ഏതു വിഷയത്തിലും സംയമനത്തോടെ കാര്യങ്ങൾ തീർപ്പുകൽപ്പിക്കാൻ ശ്രമിക്കുക. ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഗണപതി ഹോമം നടത്തുന്നതും ഉത്തമ ഫലങ്ങൾ നൽകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂലമായ സമയമാണിത്. ജീവിതത്തില്‍ പൊതുവെ ഗുണകരമായ മാറ്റം ദര്‍ശിക്കാം. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കും. സന്താനഗുണമുണ്ടാവും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ഏതു വിധത്തിലുമുള്ള മത്സരങ്ങളെ അതിജീവിക്കാന്‍ കഴിയും. മീനം, കര്‍ക്കിടകം മാസങ്ങള്‍ അത്ര മെച്ചമാവില്ല. ദോഷ ശാന്തിക്കായി ധര്‍മ്മ ദേവതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. വരവും ചെലവും ഒരു പോലെ ആയിരിക്കും. തൊഴില്‍ സ്ഥലത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം കരുതിയിരിക്കണം. കുടുംബിനികള്‍ക്ക് അകാരണമായ മനോ വിഷമം ഉണ്ടാവും. മക്കളുടെ പുരോഗതി കാരണം വീട്ടില്‍ സമാധാനം ഉണ്ടാവും. മിഥുനം, തുലാം മാസങ്ങള്‍ ഗുണകരമായിരിക്കില്ല. ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാടുകള്‍ നടത്തുന്നത് ദോഷ ശാന്തി നല്‍കും.

Avatar

Staff Reporter