മലയാളം ഇ മാഗസിൻ.കോം

സോഷ്യൽ മീഡിയയിൽ പെട്ടെന്ന് പടർന്നു പിടിച്ച് ട്രെൻഡായ ഫുൾജാർ സോഡയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!

കേരളത്തിലെ പുതിയ തരംഗമായി മാറിയ ഫുള്‍ ജാര്‍ സോഡയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന തുടങ്ങി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഫുള്‍ ജാര്‍ സോഡ വില്‍ക്കുന്നതെന്ന് കണ്ടെത്തി.

\"\"

ടിക്ടോക്, ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മാധ്യമങ്ങളിലായിരുന്നു ഫുൾജാർ സോഡ ചലഞ്ച് പോലെ ആളുകൾ ഏറ്റെടുത്ത് വൈറൽ ആക്കുകയായിരുന്നു. എന്നാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക എന്നതിനപ്പുറം ഒരു ആസ്വാദനം ഫുൾ ജാർ സോഡയുടെ കാര്യത്തിൽ ഉണ്ടായിരുന്നില്ല. നല്ല തിരക്കുണ്ടായിരുന്ന ജ്യൂസ് കടകളിൽ പോലും ഇപ്പോൾ ആരും ഫുൾ ജാർ സോഡ അന്വേഷിച്ച് വരില്ലെന്ന് തിരുവനന്തപുരം വഴുതയ്ക്കാടുള്ള പ്രമുഖ ജ്യൂസ് സ്ഥാപന ഉടമ പറയുന്നു.

\"\"

ഫുൾ ജാർ സോഡ തരംഗമായിരുന്നപ്പോൾ ദിവസം 200 – 300 ഫുൾ ജാർ സോഡകൾ ആയിരുന്നു വില്പന നടത്തിയിരുന്നതെങ്കിൽ ഇന്നത് പത്തോ അതിൽ താഴെയോ ആവശ്യക്കാർ മാത്രമായി ചുരുങ്ങിയെന്നും ചില സ്ഥാപന ഉടമകൾ പറയുന്നു. ഫുൾ ജാർ സോഡയുടെ ആരോഗ്യ പ്രശ്നങ്ങൾ ഡോക്ടർമാർ ഉൾപ്പടെ ഉള്ളവർ പങ്കു വച്ചതും സോഡ ഫ്ളോപ്പാകാൻ കാരണമായി.

തുരഞ്ഞ് പൊങ്ങുന്ന ഈ പാനീയം നിറയ്ക്കുന്നത് വൃത്തിഹീനമായ ഗ്ലാസുകളില്‍ ആണെന്നും കണ്ടെത്തി. സോഡ തയ്യാറാക്കുന്ന വലുതും ചെറുതുമായ ഗ്ലാസുകള്‍ കഴുകുന്ന വെള്ളം മാറ്റുന്നില്ല. സോഡയിലേക്ക് ഇറക്കുന്ന ചെറിയ ഗ്ലാസിന്റെ അടിഭാഗം വേണ്ടത്ര വൃത്തിയില്ലാത്ത രീതിയിലാണ് കൈകാര്യം ചെയ്യുന്നതെന്നും പരിശോധയില്‍ വ്യക്തമായി. ഇത് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്കുള്ള വകുപ്പിന്റെ നിര്‍ദേശങ്ങള്‍:

\"\"

കച്ചവടക്കാര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കുകയും ഉപഭോക്താക്കള്‍ കാണുന്നവിധം പ്രദര്‍ശിപ്പിക്കുകയും ചെയ്യണം. ജീവനക്കാരുടെ മെഡിക്കല്‍ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ സൂക്ഷിക്കണം.
ഉപയോഗിക്കുന്ന വെള്ളം, ഐസ് മുതലായവ ശുദ്ധവും രോഗാണു വിമുക്തവുമായിരിക്കണം. വൃത്തിഹീനമായ ചുറ്റുപാടുകളിലും ഈച്ച, പൊടി മുതലായവ മലിനപ്പെടുത്തുന്ന സാഹചര്യത്തിലും ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കരുത്. ജീവനക്കാര്‍ വ്യക്തിശുചിത്വം പാലിക്കണം. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും.

\"\"

വാങ്ങുമ്പോഴും ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍. സോഡ മുതലായ കുപ്പി പാനീയങ്ങള്‍ നിയമാനുസൃത ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ നിന്നുമാത്രം വാങ്ങുക. കുപ്പിക്കുപുറത്ത് ഭക്ഷ്യസുരക്ഷാ ലേബല്‍ വ്യവസ്ഥകള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ഉത്പാദകന്റെ മേല്‍വിലാസം, ഉണ്ടാക്കിയ തീയതി, കാലാവധി, ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നമ്പര്‍ മുതലായവ പരിശോധിച്ച് ഉറപ്പുവരുത്തണം.

Avatar

Staff Reporter