മലയാളം ഇ മാഗസിൻ.കോം

ആരെയും മയക്കുന്ന ഫോർട്ട്‌ കൊച്ചി ബീച്ചിലെ സൂര്യാസ്തമയം കാണാം, വേറെയുമുണ്ട്‌ കാഴ്ചകൾ

ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള യാത്രകള്‍ ചരിത്രത്തിലേക്കുള്ള യാത്ര കൂടിയാണ്. വിവിധ കാലഘട്ടങ്ങളിലായി ഇവിടം വാണ വ്യത്യസ്ത വിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ ഇടകലര്‍ന്ന് ഇന്നും നിലനില്‍ക്കുന്ന സ്ഥലം. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. ജലമാര്‍ഗത്തിലൂടെയാണെങ്കില്‍ ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ഈ വശ്യതീരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്.

കേരളത്തിലെ ആദ്യത്തെ യുറോപ്യന്‍ ടൗണ്‍ഷിപ്പായ ഫോര്‍ട്ട് കൊച്ചി സഞ്ചാരികള്‍ക്കായി ഒട്ടേറെ വശ്യതകള്‍ കരുതിവെച്ചിരിക്കുന്നു. പൊതുവെ വൈകുന്നേരങ്ങളിലാണ് ഇവിടെ തിരക്ക് അനുഭവപ്പെടുക. കടൽ പാലത്തിൽ കയറി നിന്ന് കാഴ്ചകൾ കാണാനായി എത്തുന്നവർ നിരവധിയാണ്. അതുപോലെ തന്നെ, ഫോർട്ട് കൊച്ചിയിലെ ചീനവലകളും തെരുവ് വ്യാപാരശാലകളും സഞ്ചാരികളുടെ മനസ്സ് കീഴടക്കുക തന്നെ ചെയ്യും. അസ്തമയ സൂര്യന്റെ പോക്കുവെയിലിലേക്ക് ചീനവലകള്‍ മുങ്ങി നിവരുമ്പോഴും ചുവന്ന് തുടുത്ത ഫോര്‍ട്ട് കൊച്ചിയുടെ സായാഹ്നങ്ങളില്‍ തിരക്കിന്റെ തിരയിളക്കങ്ങളുണ്ട്.

പരമ്പരാഗത ചീനവലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ഫോര്‍ട്ട് കൊച്ചിയുടെ ആകര്‍ഷണമാണ്. മീൻ പിടിക്കുന്നതിനുള്ള വളരെ പുരാതനമായ ചൈനീസ്‌ സാങ്കേതിക വിദ്യയായ ചീനവലകൾ ലോകത്ത്‌ ഇപ്പോഴും ഉപയോഗിക്കുന്ന ഏക ഇടമായിരിക്കാം നമ്മുടെ നാട്‌. ഇന്നും ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഏറ്റവും മനോഹരമായ ഈ കാഴ്ച കൊച്ചിയുടേ ഹിസ്റ്റോറിക്കൽ ഐക്കണുകളിൽ ഒന്നാണ്‌. ചീനവലകൾ കാണാനും അവരോടൊപ്പം മീൻപിടിക്കാനുമൊക്കെ സ്വദേശികളും വിദേശികളുമായ സഞ്ചാരികൾക്ക്‌ വലിയ ഉത്സാഹമാണ്‌.

പോർച്ചുഗീസ്‌ – ഡച്ച്‌ – ഇംഗ്ലീഷ്‌ സംസ്കാരങ്ങളുടെ ശേഷിപ്പുകളും ജൈന ജൂത മതങ്ങൾ അടക്കമുള്ള വിവിധ മതവിശ്വാസങ്ങളുടെ കേന്ദ്രവും കൂടിയാണ്‌ ഫോർട്ട്‌ കൊച്ചി. പോർച്ചുഗീസുകാർക്ക്‌ കൂടുതൽ സ്വാധീനമുണ്ടായിരുന്ന സ്ഥലം കൂടിയായിരുന്നു ഫോർട്ട്കൊച്ചി. വാസ്കോഡഗാമയെ ആദ്യം അടക്കം ചെയ്തതും ഫോർട്ട്‌ കൊച്ചിയിലെ യൂറോപ്യൻ പള്ളിയായ സെന്റ്‌ ഫ്രാൻസിസ്‌ പള്ളിയിലാണ്‌. നിരവധി തവണ കേരളത്തിൽ വന്നിട്ടുള്ള വാസ്കോഡഗാമ താമസിച്ചിരുന്നതും ഈ കടൽത്തീരത്തിനടുത്താണ്‌.

കുടുംബവുമൊത്ത്‌ ഫോർട്ട്‌ കൊച്ചി ബീച്ചിൽ എത്തുന്നവർക്കായി നിരവധി കാര്യങ്ങളാണ്‌ ബീച്ചിനോട്‌ ചേർന്ന് ഒരുക്കിയിരിക്കുന്നത്‌. ചിൽഡ്രൻസ്‌ പാർക്കും ഭക്ഷണശാലകളും ഷോപ്പിംഗ്‌ കേന്ദ്രങ്ങളും ഉൾപ്പടെ ഒരു വൈകുന്നേരം ഗംഭീരമാക്കാൻ ഇതിനേക്കാൾ മികച്ച ഒരിടം കൊച്ചിയിൽ ഉണ്ടാകില്ല.

കൊച്ചിക്ക്‌ കൊച്ചി എന്ന പേരു വരാൻ കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. കൊച്ച് അഴി എന്ന പേരാണ്‌ കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌. പഴയ ലൈറ്റ് ഹൗസും കെട്ടിടങ്ങളുമായി പ്രൗഢമാണ് ഈ കടല്‍ത്തീരം. ഫോർട്ട് കൊച്ചിയുടെ ആ പഴയ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ താവളമുറപ്പിച്ചിരിക്കുന്നതും കേരളത്തിന്റെ ഗോവ എന്നറിയപ്പെടുന്ന ഫോർട്ട് കൊച്ചിയിലാണ്.

പള്ളിയുടെ തൊട്ടടുത്തായുള്ള വാസ്കോ സ്ക്വയർ മുതൽ ബീച്ച്‌ വരെയുള്ള വാക്‌ വേ വഴി നടക്കാൻ ഇഷ്ടമില്ലാത്ത ഒരു സഞ്ചാരിയും ഉണ്ടാകില്ല. ഏറ്റവും മികച്ച സായാഹ്ന സവാരിയാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഫോർട്ട്‌ കൊച്ചി ബീച്ചും സൺസെറ്റും ചീനവലകളും നമ്മുടെ തൊട്ടു മുന്നിലൂടെ പോകുന്ന കപ്പലുകളും ഒരിക്കലും മനസിൽ നിന്ന് മായാത്ത കാഴ്ചകളായിരിക്കും നിങ്ങൾക്ക്‌ സമ്മാനിക്കുന്നത്‌ തീർച്ച. Watch Video:

Avatar

Staff Reporter