മലയാളം ഇ മാഗസിൻ.കോം

തലച്ചോറ് നായിക്ക് തിന്നാൻ കൊടുത്ത ശേഷം കാണാനിരുന്നാൽ ഫോറൻസിക് മികച്ചൊരു സിനിമ തന്നെയാണ്: സലീലിന്റെ റിവ്യൂ

കഴിഞ്ഞ ദിവസമാണ്‌ ടിവിയിൽ ടോവിനോ നായകനായ ഫോറൻസിക്‌ എന്ന സിനിമ പ്രീമിയർ ചെയ്തത്‌. വമ്പൻ പ്രതീക്ഷയോടെയാണ്‌ ചിത്രം തീയറ്ററുകളിൽ റിലീസ്‌ ചെയ്തതും പിന്നീട്‌ ലോക്ഡൗണിനെ തുടർന്ന് പിൻവലിച്ചതും. ചിത്രത്തിന്റെ ടെലിവിഷൻ പ്രീമിയറിനു വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ ചിത്രത്തിനെക്കുറിച്ച്‌ പ്രമുഖ ഓൺലൈൻ എഴുത്തുകാരനായ സലീൽ പങ്കുവച്ച കുറിപ്പ്‌ വൈറലാവുകയാണ്‌. സലീലിന്റെ ഫോറൻസിക്‌ റിവ്യൂ വായിക്കാം.

ഫോറൻസിക് കണ്ടു… സീരിയൽ കില്ലർ വിഭാഗത്തിൽ പെടുന്ന ക്രൈം ത്രില്ലർ മൂവി.. പിന്നെ ടോവിനോ ഇത്രയും കാര്യങ്ങൾ ആണ് സിനിമ കാണാൻ പ്രചോദിപ്പിച്ച കാര്യങ്ങൾ…

തലച്ചോറ് നായിക്ക് തിന്നാൻ കൊടുത്ത ശേഷം കാണാനിരുന്നാൽ ഫോറൻസിക് മികച്ചൊരു സിനിമ തന്നെയാണ്… അത്യാവശ്യം കോമൺസെൻസ് ഉപയോഗിച്ച് കണ്ടാൽ അതിന്റെ തിരക്കഥ എഴുതിയ ഊളയുടെ മുഖത്ത് തുപ്പാൻ തോന്നുകയും ചെയ്യും…

സ്റ്റോറി പാറ്റേൺ മികച്ചതായിരുന്നു അതുകൊണ്ടാവാം ടോവിനോയും മമതയും ഒക്കെ തല വച്ചുകൊടുത്തിട്ടുണ്ടാവുക..

സിനിമയുടെ മേക്കിങ് ശരാശരി നിലവാരം പുലർത്തുന്നത് ആയതുകൊണ്ട് അവിടെയും പ്രശ്നങ്ങളില്ല….

പിന്നെ സിനിമയുടെ പേര് സൂചിപ്പിക്കുന്ന രീതിയിൽ ഫോറൻസിക്കിന് ഈ സിനിമയിൽ എന്താണ് റോൾ എന്നുള്ളതാണ് ചോദ്യം…

സംഗതി ഒക്കെ കൊള്ളാമായിരുന്നു പക്ഷേ വിളമ്പിയത് കോളാമ്പിയിൽ ആയിപ്പോയി എന്നുള്ളതാണ് സീൻ…

സിനിമയിൽ കാണിക്കുന്ന ആദ്യത്തെ ക്രൈം സീനിലെ കുട്ടിയുടെ ഡ്രസ്സിൽ നിന്ന് കണ്ടെടുക്കുന്ന തെളിവുകളിൽ നിന്ന് അബദ്ധങ്ങളുടെ ഘോഷയാത്ര തുടങ്ങുന്നു…

കമ്പിവേലിയിൽ തട്ടിയുള്ള സ്‌ട്രെയിൻ മാർക്ക് വച്ചിട്ടാണ് കുട്ടി അതുവഴിയാണ് നടന്നുപോയതെന്ന അനുമാനത്തിൽ എത്തുന്നത്..

കുട്ടി അതുവഴി നടന്നു പോയപ്പോൾ കമ്പിവേലിയിൽ ഉരസി എന്ന് പറഞ്ഞു കമ്പിവേലിയുടെ ആകൃതിയിൽ ഉള്ള സ്‌ട്രെയിൻ മാർക്ക് കാണിക്കുന്നും ഉണ്ട്…

കമ്പിവേലിയിൽ ചാരി നിന്നു എന്ന് അനുമാനിക്കുന്നതാണെങ്കിൽ അത് അംഗീകരിക്കാമായിരുന്നു.. പക്ഷേ അതുവഴി നടന്നുപോകുമ്പോൾ സ്‌ക്വയർ രൂപത്തിലുള്ള സ്‌ട്രെയിൻ മാർക്ക് വന്നു എന്ന് പറയുന്നത് അല്പം അവിശ്വസനീയമാണ്…

ബാക്കിയുള്ള തെളിവുകളും അവിശ്വസനീയമാണെങ്കിൽ കൂടി ഒരു ഊഹത്തിന്റെ പുറത്ത് നമുക്ക് കണ്ടില്ലെന്ന് വെക്കാം…

പിന്നെ ഹോസ്പിറ്റലിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു ശേഷം ഡസ്റ്റ് ബിന്നിൽ ചോക്ലേറ്റ് കവർ ഉപേക്ഷിച്ചു എന്ന് പറയുന്നത്…

അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടിയാണ് അത് ചെയ്തതെന്നാണ് പറയുന്നതെങ്കിലും അതിബുദ്ധിമാനായ ഒരു കുറ്റവാളിക്ക് അങ്ങനൊരു ഊളത്തരം ചെയ്യേണ്ട ആവശ്യം എന്താണ് എന്ന് മനസ്സിലാവുന്നില്ല..

അങ്ങനെ ചെയ്തത് അന്വേഷണം വഴിതെറ്റിക്കാൻ ആണെന്ന് ടോവിനോ പറയുന്നുണ്ടെങ്കിലും ഏത് രീതിയിലാണ് അന്വേഷണം വഴിതെറ്റാൻ പോകുന്നത് എന്നതും പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം ഉത്തരം കിട്ടാത്ത ചോദ്യമാണ്..

മാത്രവുമല്ല ആ ചോക്ലേറ്റ് കവറിൽ നിന്ന് കുറ്റവാളിയുടെ dna കിട്ടിയത് അന്വേഷണത്തിന് സഹായകമാവുകയാണ് ചെയ്തത്..

റിസർവോയറിന്റെ അടിത്തട്ടിൽ മൃദദേഹങ്ങൾ ഉണ്ടെന്നുള്ള അനുമാനത്തിൽ എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് ടോവിനോ എത്തിച്ചേർന്നത് എന്നതും എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല…

അതിലെ ഒരു മൃതദേഹത്തിൽ മാത്രം തിരുവനന്തപുരത്തുള്ള മണ്ണിന്റെ അംശം കണ്ടെടുക്കുകയും അതിൽ നിന്ന് മരിച്ച ആൾ ആരെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്തു അതിലൂടെ കൊലയാളിയിലേക്ക് എത്തി എന്നൊക്കെ പറയുമ്പോൾ… ആശ്ചര്യം തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…

പിന്നെയുള്ളത് മരിച്ചു എന്ന് പറയപ്പെട്ട മമതയുടെ കുട്ടിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവാണ്.. സീരിയൽ കില്ലർ ആ കുട്ടിയെ അത്രയും കാലം കൊല്ലാതെ സൂക്ഷിച്ചത് പ്രതികാരം ചെയ്യാൻ വേണ്ടി ആണ് എന്ന് പറയുന്നുണ്ടെങ്കിലും അതിലൂടെ എന്ത് തരത്തിലുള്ള പ്രതികാരമായിരിക്കാം അയാൾ ഉദ്ദേശിച്ചത്.?

കുട്ടി മരിച്ചു എന്ന് ടോവിനോയും കുടുംബവും മമതയും വിശ്വസിച്ചത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കാം.?

കുട്ടി മരിച്ചതിന്റെ പേരിലുള്ള പ്രശ്നത്തിൽ ടോവിനോയുടെ ചേട്ടനായ സൈജുവും മമതയും പിരിഞ്ഞു എന്ന് പറയുന്നതല്ലാതെ കുട്ടിയുടെ അമ്മയും പോലീസ് ഓഫീസർ കൂടി ആയ മമ്തയോ ടോവിനോയുടെ കുടുംബമോ കാണാതായ കുട്ടിക്ക് വേണ്ടി എന്തെങ്കിലും ഒരു അന്വേഷണം നടത്തിയതായും പറയുന്നില്ല…

പിന്നെ കുറ്റവാളിക്ക് സീരിയൽ കില്ലിംഗ് നടത്താനുണ്ടായ ചേതോവികാരവും അല്പം സ്‌ട്രെയിഞ്ച് ആണ്

പഴയ സീരിയൽ കില്ലിംഗ് കേസിൽ അന്വേഷണത്തിൽ പരാജയപ്പെടുകയും തെറ്റായ കുറ്റവാളിയെ അറസ്റ്റ് ചെയ്തു യഥാർത്ഥ കുറ്റവാളിയായ വില്ലന്റെ ഏഴയലത്ത് പോലും എത്താതെപോയ മമ്തയോട് അയാൾക്ക് പ്രതികാരം ചെയ്യാൻ തോന്നിയ ചേതോവികാരം അതെന്തായിരിക്കാം.?

വഴിയിൽ വച്ചു ചെക്കിങ് നടത്തിയതാണോ മമത ചെയ്ത തെറ്റ്…

അതിബുദ്ധിമാനായ കൊലയാളി മോനെയും കൊണ്ട് കാറിൽ പോകുമ്പോൾ തന്നെ മൃതദേഹം കൂടെ കൊണ്ടുപോവുകയും പോലീസ് ചെക്കിങ് കണ്ടു പേടിച്ചു മകൻ കാറിൽ ഇരിക്കുമ്പോൾ തന്നെ മൃതദേഹം വഴിയിൽ കണ്ട ഒരു സ്കൂൾ ബസ്സിൽ ഉപേക്ഷിക്കുകയും മകൻ അത് കാണുകയും വീട്ടിലെത്തി അയാളുടെ രഹസ്യങ്ങൾ കണ്ടെത്തുകയും ടെറസിൽ നിന്ന് വീണു മരിക്കുകയും ചെയ്തു എന്ന് പറയുമ്പോൾ..
ന്റമ്മേ.. ഓർക്കാൻ കൂടി വയ്യ..

അതിന്റെ പേരിൽ വഴിയിൽ ചെക്കിങ് നടത്തിയ പോലീസുകാരിൽ മമ്തയോട് മാത്രം വൈരാഗ്യം തോന്നുന്നതൊക്കെ അല്പം കടന്ന കൈ അല്ലേ..

ഇനി ടിവിയിൽ മോൻ മമതയെ കണ്ടതാണ് പ്രതികാരത്തിന് കാരണമെങ്കിൽ ആദ്യം അത് കാണിച്ച ചാനലുകാരോടല്ലേ പ്രതികാരം ചെയ്യേണ്ടത്..??

ഇതിന്റെ ഇടക്കും തലക്കും അബദ്ധങ്ങളുടെ ഘോഷയാത്ര നീണ്ടു പോകുന്നുണ്ടെങ്കിലും ക്ളൈമാക്സ് ആണ് വല്ലാതെ ചിരിപ്പിച്ചത്….

കില്ലറെ കാറിൽ കയറ്റിക്കൊണ്ടുപോയി ഓടുന്ന കാറിൽ വച്ചു അതുവരെ കണ്ടെത്തിയ സത്യങ്ങൾ എല്ലാം തുറന്നുപറഞ്ഞു വില്ലനെ പ്രവോക്ക് ചെയ്തു ഓടുന്ന കാറിനുള്ളിൽ വച്ചു സംഘട്ടനം നടത്തി ഒടുക്കം കാർ പറന്നു പോകുന്ന കൃത്യ സമയം നോക്കി കൊലയാളിയുടെ സീറ്റ്ബെൽറ്റ് ഊരിക്കളഞ്ഞു അയാളുടെ കൊല അതി വിദഗ്ദമായി നടപ്പിലാക്കിയ മാസ്റ്റർ പ്ലാനിങ്.. ഹോ.. ഭയങ്കരം തന്നെ സമ്മതിച്ചു പോയി…

സീറ്റ് ബെൽറ്റ് ഇട്ടാൽ കാർ തവിടുപൊടി ആയാലും ചാവില്ലെന്നും
സീറ്റ്ബെൽറ്റ് ഊരിക്കളഞ്ഞാൽ ഗ്ലാസ് പൊട്ടിച്ചു തെറിച്ചുവീണു ചാവുമെന്നുമുള്ള നല്ലൊരു സന്ദേശം അതിലൂടെ നൽകാൻ സാധിക്കുന്നുണ്ട്..

ഇനിയിപ്പോ പ്ലാൻ ചെയ്തതല്ല.. സ്വാഭാവികമായും സംഭവിച്ച ഒരു കൊലപാതകമാണ് അതെന്ന് വച്ചാലും ഓടുന്ന കാറിൽ വച്ചു ഒരു സ്ട്രഗിൾ നടക്കുമ്പോൾ ആക്സിലേറ്റർ പരമാവധി കൊടുത്തു കാർ എവിടേലും കൊണ്ടുപോയി ഇടിപ്പിച്ചു കൂടെയുള്ള ആളെ മാത്രം കൊള്ളാൻ പറ്റും എന്ന് വിശ്വസിക്കുന്ന ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ എന്തുമാത്രം ഊള ആയിരിക്കും..

കാറിന്റെ വലതുഭാഗം വഴിയിൽ കണ്ട ജെസിബിയിൽ ഇടിച്ചു ടോവിനോ മാത്രം ചത്തു വില്ലൻ രക്ഷപ്പെട്ടു ഫോറൻസിക് 2 എന്ന ഒരു ഊളപടം കൂടി വരും നിങ്ങളൊക്കെ എവിടേലും പോയി രക്ഷപ്പെട്ടോളൂ
എന്നുള്ള മുന്നറിയിപ്പോടെ വില്ലൻ സ്ലോമോഷനിൽ നടന്നു പോകുന്നത് കാണിക്കാതെ അവസാനിപ്പിച്ചു തന്നതിന് അതിന്റെ അണിയറപ്രവർത്തകരോട് നന്ദി പറഞ്ഞുകൊണ്ട് ഇത് ഇവിടെ വച്ചു നിർത്തുന്നു….

സലീൽ ബിൻ ഖാസിം

Avatar

Staff Reporter