മലയാളം ഇ മാഗസിൻ.കോം

പാദരക്ഷകള്‍ രക്ഷയ്ക്കോ ഫാഷനോ? ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

നിത്യജീവിതത്തില്‍ വസ്ത്രംപോലെതന്നെ ചെരുപ്പിനും പ്രാധാന്യമേറിക്കഴിഞ്ഞു. വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്നത് പരിഷ്കൃതസമൂഹത്തിന് ചേര്‍ന്നതല്ല. വീട്ടില്‍നിന്ന് കാറിലേക്കും കാറില്‍നിന്ന് ഓഫീസിലേക്കും ചരിക്കുന്നവര്‍ക്ക് ചെരുപ്പുകള്‍ പാദരക്ഷകളാണെന്ന് പറയാനാവില്ലെങ്കിലും ചെരുപ്പുകളിന്ന് സംസ്കാരത്തിന്റെയും ഫാഷന്റെയും ഭാഗമായിക്കഴിഞ്ഞു. തലച്ചുമടുമായി പൊള്ളുന്ന ടാര്‍റോഡില്‍ക്കൂടി നടക്കുന്ന തൊഴിലാളിക്ക് ചെരുപ്പ് പാദരക്ഷകനാണ്. ഇലക്ട്രിക് ലൈറ്റുകള്‍ നൃത്തംചെയ്യുന്ന റാംപില്‍ ക്യാറ്റ് വാക്കിങ്ങ് നടത്തുന്ന മോഡല്‍ഗേളിന് ചെരുപ്പ് ഫാഷന്റെ പര്യായമാണ്. അങ്ങനെ വ്യത്യസ്ത സാമൂഹ്യതലങ്ങളില്‍ ചെരുപ്പുകള്‍ക്ക് വ്യത്യസ്ത ഭാവവും കൈവരുന്നു.
പാദങ്ങള്‍ക്ക് പരിക്കേല്‍രക്കാതെ സംരക്ഷിച്ചുപോന്ന ചെരുപ്പുകള്‍ ഫാഷന്റെ ഭാഗമായതോടെ പാദങ്ങളില്‍ ആരോഗ്യപ്രശ്നങ്ങളും ഉടലെടുത്തു. ഉയരമില്ലാത്തവര്‍ക്കായുള്ള ഹൈഹീല്‍,, പ്രമേഹരോഗികള്‍ക്കായി സോഫ്റ്റ് മെറ്റീരിയല്‍, സ്പോര്‍ട്ട്സ് ഷൂകള്‍, എയര്‍ഹോസ്റസുമാര്‍ക്കായി പോയിന്റഡ് ഷൂകള്‍ തുടങ്ങി വിവിധ ആവശ്യക്കാരെ ലക്ഷ്യമിട്ട് ചെരുപ്പുകമ്പോളം കുതിക്കുമ്പോള്‍ പാദരക്ഷകളുടെ തെരഞ്ഞെടുക്കലിന് വലിയ പ്രാധാന്യമുണ്ട്. കാഴ്ചയ്ക്ക് ഭംഗിയുള്ള ചെരുപ്പുകള്‍ ആരോഗ്യത്തിന് ഇണങ്ങുന്നവയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ചെരുപ്പു വാങ്ങുമ്പോള്‍ വില, ഈട്, ഭംഗി എന്നിവയ്ക്കൊപ്പം അതിന്റെ മെറ്റീരിയല്‍, ഷെയ്പ്പ്, ഹീല്‍, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്.

ഹീല്‍ കൂടുതലായാല്‍
ചെരുപ്പുകളിലെ റാണി എപ്പോഴും ഹൈഹീല്‍ ചെരുപ്പുകള്‍ത്തന്നെ. മടമ്പ് പൊങ്ങിയതരം ചെരുപ്പുകളാണ് ഹൈഹീല്‍ വിഭാഗത്തില്‍ പെടുന്നത്. കടയില്‍ ചെന്നാല്‍ കച്ചവടക്കാരന്റെ ആദ്യത്തെ ചോദ്യം ഹൈഹീലോ സാദായോ എന്നായിരിക്കും. സ്ത്രീകളാണ് ഹൈഹീലുകളെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എത്ര ഉയരമുണ്ടെങ്കിലും ഹൈഹീലുണ്ടെങ്കിലേ ഫാഷനബിളാവൂ എന്നൊരു തോന്നലാണ് പലര്‍ക്കും. ബ്രിട്ടനിലെ വിഖ്യാത രാജകുമാരി ഡയാന മുതല്‍ ഹോളിവുഡിലെ രോമാഞ്ചമായ മഡോണവരെയുള്ളവര്‍ക്ക് പോയിന്റഡ് ഷൂവിനോടാണ് പ്രിയം. ഡയാനയുടെ ഷൂകള്‍ ലക്ഷക്കണക്കിന് ഡോളറുകള്‍ക്ക് ലേലം ചെയ്തുപോയത് ഒരുകാലത്ത് വലിയ വാര്‍ത്തയായിരുന്നു. തമിഴകത്തിന്റെ മുഖ്യമന്ത്രി കുമാരിജയലളിതയുടെ ആഢംബര ചെരുപ്പുകളും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

ചെരുപ്പ് ഏതു വിലയുടേതുമായിക്കൊള്ളട്ടെ, അത് പരിധിയില്‍ കൂടുതല്‍ ഉയരമുള്ളതായാല്‍ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകള്‍ കാല്‍പാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. അതുകൊണ്ട് ഇനി നടുവേദനക്കാര്‍ ഡോക്ടറെ കാണാന്‍ പോകുംമുമ്പ് അവരുടെ ചെരുപ്പുകളെക്കുറിച്ച് ആലോചിക്കുക. ഹൈഹീലാണെങ്കില്‍ ഉടന്‍തന്നെ അതു മാറ്റിനോക്കുക.

പൊക്കമില്ലാത്തവര്‍ക്ക്
ഉയരം കുറഞ്ഞവര്‍ പൊക്കം കൂടുതല്‍ തോന്നിക്കാന്‍വേണ്ടിയാണ് ഹൈഹീല്‍ ചെരുപ്പുകള്‍ തെരഞ്ഞെടുക്കാറ്. പക്ഷേ, മടമ്പു മാത്രം പൊങ്ങിയിരുന്നതുകൊണ്ട് പൊക്കം കൂടുകയില്ല. ഫലമോ? നടുവേദന, സന്ധിവേദന, പേശിവേന തുടങ്ങി പലവിധ വേദനകള്‍. ഇക്കൂട്ടര്‍ ചെരുപ്പു വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഹീലിനൊപ്പംതന്നെ ഉയരമുള്ള സോളുള്ള ചെരുപ്പാണോയെന്നാണ്. അതായത് ചെരുപ്പിന്റെ എല്ലാ ഭാഗത്തിനും ഒരേ ഉയരം ഉണ്ടായിരിക്കണം. അത്തരം പൊക്കമുള്ള സോളുകളുള്ള ചെരുപ്പുകളും വിപണിയിലുണ്ട്. ഒരിഞ്ചില്‍ കൂടുതല്‍ ഹീലുള്ള ചെരുപ്പു ധരിക്കുന്നവര്‍ ദിവസം നാലു മണിക്കൂറിലധികം നില്‍ക്കരുതെന്നാണ് ആരോഗ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. സിനിമയിലെ ഒരു പാട്ടുസീനില്‍ നായിക പോയിന്റഡ് ഷൂ ഇട്ടതുകണ്ട് ഒരു നഴ്സ് അതു വാങ്ങി ധരിച്ചാല്‍ നടുവേദനയും അനുബന്ധപ്രശ്നങ്ങളും വിളിച്ചുവരുത്തലായിരിക്കും ഫലം.

Avatar

Staff Reporter