കോവിഡ് വ്യാപനം തുടങ്ങിയ ശേഷം അത് ചെയ്യരുത് ഇത് ചെയ്യരുത് അത് കഴിക്കരുത് ഇത് കഴിക്കണം എന്നു തുടങ്ങി ഉപദേശങ്ങളുടെ ഭാണ്ടക്കെട്ടുകളാണ് ഓരോരുത്തർക്കു മുന്നിലും പരിചയക്കാരും വഴിപോക്കരും ഉൾപ്പടെയുള്ളവർ നിരത്തുന്നത്. എന്നാൽ രോഗപ്രതിരോധ ശേഷി കൈവരിക്കാൻ ഭക്ഷണകാര്യത്തിൽ തീർച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിവതും പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവർ അത് ഒഴിവാക്കുക തന്നെയാണ് ആദ്യപടി. ഒപ്പം ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് മാറുകയും വേണം. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ പരിചയപ്പെടുത്തുകയാണ് കുദ്രാതി ആയുർവ്വേദ കേന്ദ്രത്തിന്റെ സ്ഥാപകനായ മുഹമ്മദ് യൂസഫ് ഷെയ്ഖ്.

ഇഞ്ചി
നീർവീക്കം കുറയ്ക്കുന്നതിനും ഛർദ്ദി ഒഴിവാക്കുന്നതിനും ഇഞ്ചി വ്യാപകമായി ഉപയോഗിക്കാറുണ്ട്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഉത്തമ പ്രതിവിധി കൂടിയാണ് ഇഞ്ചി. ഇത് ദഹനത്തെയും ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ചില ഗവേഷണങ്ങൾ അനുസരിച്ച് ഇഞ്ചി ക്യാൻസറിനുള്ള സാധ്യത കുറയ്ക്കും. ചായയിലും സൂപ്പിലും ചേർത്ത് ഇത് എളുപ്പത്തിൽ കഴിക്കാം.
വെളുത്തുള്ളി
പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന മറ്റൊന്നാണ് വെളുത്തുള്ളി. നിങ്ങളുടെ ഭക്ഷണത്തിന് അധിക സ്വാദ് നൽകുന്നതിനൊപ്പം, രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുന്നു. മാത്രമല്ല, വെളുത്തുള്ളി ആന്റി ഓക്‌സിഡന്റുകളാൽ സമൃദ്ധമാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും.

കറുവപ്പട്ട
ഭക്ഷണത്തിന് നല്ല മണം നൽകുന്നതിനൊപ്പം കറുവപ്പട്ട പ്രതിരോധശേഷിയും വർധിപ്പിക്കും. ശരീരത്തിനുള്ളിലെ ബാക്ടീരിയകളുടെ വർദ്ധനവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. തൊണ്ടവേദനയ്ക്ക് ഒരു മികച്ച പരിഹാരമായി കറുവപ്പട്ട പ്രവർത്തിക്കുന്നു. കറുവപ്പട്ട ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ഇൻസുലിൻ വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രമേഹ സാധ്യത കുറയ്ക്കും. അതിനാൽ, ഇനി നിങ്ങൾ ചായയോ കാപ്പിയോ ഉണ്ടാക്കുമ്പോൾ അല്പം കറുവപ്പട്ട കൂടി ചേർക്കാൻ ശ്രമിക്കുക.

ചിയാ സീഡ്സ്
വലിപ്പത്തിൽ കുഞ്ഞനാണെങ്കിലും പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണമാണ് ചിയ സീഡ്സ്. ഫൈബർ, അയൺ, കാൽസ്യം എന്നിവ നൽകുന്ന ഇവയിൽ ആന്റി ഓക്‌സിഡന്റുകളും ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എച്ച് ഡി എൽ കൊളസ്ട്രോൾ (നല്ല കൊളസ്ട്രോൾ) ഉത്പാദിപ്പിക്കാൻ ഒമേഗ -3 ഫാറ്റി ആസിഡുകൾ ആവശ്യമാണ്. ഇത് ഹൃദയാഘാതത്തെ തടയുന്നു. ചിയാ സീഡ്സ് നേരിട്ട് അല്ലെങ്കിൽ സാലഡ് അല്ലെങ്കിൽ തൈരിൽ കലർത്തി കഴിക്കാം.

ഗോജി ബെറീസ്
വോൾഫ്ബെറി എന്ന് അറിയപ്പെടുന്ന ഗോജി ബെറീസ് പോഷകങ്ങളുടെ ഒരു കലവറയാണ്. വൈറ്റമിൻ ബി, സി, അവശ്യ ഫാറ്റി ആസിഡുകൾ, അമിനോ ആസിഡുകൾ എന്നിവയ്ക്കൊപ്പം ധാരാളം ധാതുക്കളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ഗോജി ബെറീസ് ആരോഗ്യകരമായ ചർമ്മം നിലനിർത്താനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും കരൾ സംബന്ധമായ തകരാറുകൾ തടയുകയും വിഷാദവും ഉത്കണ്ഠയും കുറയ്ക്കുകയും ചെയ്യും. ക്യാൻസർ വരുന്നത് തടയാനും ഇവ സഹായിക്കുമെന്നാണ് വിവരം. നിങ്ങളുടെ പ്രഭാതഭക്ഷണം ആരോഗ്യകരമാക്കുന്നതിന് സ്മൂത്തികളിലും മറ്റും ഗോജി ബെറീസ് ചേർക്കാം.