സമൂഹ വ്യവസ്ഥിതയുടെ ഭാഗമായി ഒഴിച്ചുകൂടാനാവാത്ത ഒന്നായാണ് നമ്മൾ വിവാഹത്തെ കാണുന്നത്. നിയമത്തിന്റെ പിൻബലത്തോടെയും സമൂഹത്തിന്റെ അംഗീകാരത്തോടെയും സ്ത്രീയുംപുരുഷനും ഒന്നിച്ചു ജീവിക്കുമ്പോൾ അതിനെ മാന്യമായ ഒരു വിവാഹ ജീവിതമായി കണക്കാക്കുന്നതാണ് നമ്മുടെ കാഴ്ചപ്പാട്.
ഒരു പെൺകുട്ടി ജനിക്കുന്നതു മുതൽ അവളുടെ വിവാഹത്തെക്കുറിച്ച് സ്വപ്നം കണ്ടു തുടങ്ങുന്നതാണ് ഒരു ശരാശരി മാതാപിതാക്കളുടെ രീതി. അതിനായി അവർ അവരുടെ ആരോഗ്യവും അദ്ധ്വാനവും സമയവുമെല്ലാം അതിനായി നീക്കിവയ്ക്കുന്നു. ഒപ്പം അവർ തങ്ങളുടെ ചിന്തകളോട് ചേർന്ന് വളരാൻ അവർ കുട്ടികളെ നിർബന്ധിക്കുകയും ചെയ്യുന്നു.

എന്നാൽ ഇന്നത്തെ തലമുറയിലുള്ള പെൺകുട്ടികൾ പലരും വിവാഹം നീട്ടിക്കൊണ്ടു പോകുന്നതിനോ ഒഴിവാക്കുന്നതിനോ ശ്രമിക്കുന്നതായി കാണാം. പഠനം കഴിഞ്ഞതിനു ശേഷം, അല്ലെങ്കിൽ ഒരു ജോലി കിട്ടി സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയതിനു ശേഷം മതി വിവാഹമെന്ന് പറയുന്നവരാണ് പെൺകുട്ടികളിൽ ഭൂരിഭാഗവും. പലരും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവാഹത്തിന് സമ്മതം മൂളുന്നവരാണ്. എങ്കിലും സ്ത്രീകൾ വിവാഹത്തെ വെറുക്കുന്നതിനു മറ്റു ചില കാരണങ്ങൾകൂടിയുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
1. മാതാപിതാക്കൾ തമ്മിൽ സന്തോഷകരമായ ബന്ധം നിലനിക്കാത്ത കുടുംബത്തിൽ വളരുന്ന കുട്ടികൾപൊതുവേ വിവാഹ ജീവിതത്തോട് താല്പര്യം കാണിക്കാതെ വരുന്നു. വിവാഹ ജീവിതം കഷ്ടപ്പാടുകളുടെയും വീർപ്പുമുട്ടലുകളുടെയും ലോകമാണെന്നു അവർ കരുതുന്നു.

2. വീട്ടുകാരുടെയും നാട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി വിവാഹിതരായാലും പിന്നീട് അതൊരു ബാധ്യതയായി തോന്നുന്ന പലരുടെയും ജീവിതം കാണുന്ന പെൺകുട്ടികൾ, വളർന്നു വരുംതോറും വിവാഹമെന്ന ചിന്ത അവരെ തന്നെ പേടിപ്പെടുത്തുന്നതാക്കുന്നു.
3. അത്രയും കാലം വളർന്നു വന്ന സാഹചര്യങ്ങളിൽ നിന്നും മാറി മറ്റൊരിടത്തേക്ക് പോകേണ്ടി വരുന്നതിന്റെ മാനസിക സംഘർഷങ്ങളും കുറവല്ല. തികച്ചും അപരിചിതരായ ആളുകളുടെയും അന്തരീക്ഷത്തിന്റെയും നടുവിൽ അവർ ശ്വാസം മുട്ടൽ അനുഭവിക്കേണ്ടി വരുന്നു. മാത്രമല്ല അന്നുവരെ അമ്മയുടെ കൈപ്പുണ്യമറിഞ്ഞു ഭക്ഷണം കഴിച്ചു ജീവിച്ചവർക്കു അടുക്കളയിൽ കയറാനുള്ള മടിയുണ്ടാവുക എന്നതും സ്വാഭാവികം. ഇതും ചിലരെ വിവാഹ ബന്ധത്തിൽനിന്നും അകന്നു നിൽക്കാൻ പ്രേരിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം.

4. നല്ല ശമ്പളമുള്ള ജോലി, ജോലിയിലെ ഉയർച്ച തുടങ്ങിയ കാര്യങ്ങൾ മനസ്സിൽ താലോലിക്കുന്നവർക്കു വിവാഹ ജീവിതം ഇതിനൊക്കെ ഒരു തടസ്സമായി തോന്നുന്നു. വിവാഹവും കുട്ടികൾ ഉണ്ടാകുന്നതുമൊക്കെ തന്റെ സൗന്ദര്യം കെടുത്തുന്ന കാര്യങ്ങളാണെന്ന് ചിന്തിക്കുന്ന സ്ത്രീകളും കുറവല്ല. ആരെയും ആശ്രയിക്കാതെ സ്വന്തം വരുമാനത്തിൽ സ്വസ്ഥമായി ജീവിക്കുക എന്നതാണ് ഇവർക്ക് സന്തോഷം നൽകുന്നത്.
5. വിവാഹം വെറുമൊരു ആചാരം മാത്രമാണെന്നും മറ്റൊരാളുടെ പേരിൽ അറിയപ്പെടേണ്ടി വരുന്ന ഒരവസ്ഥ മാത്രമേ ഇതുകൊണ്ട് ഉണ്ടാകുന്നുള്ളൂ എന്നും കരുതുന്ന പെൺകുട്ടികൾ ഉണ്ട്. അവിടെയുണ്ടാകുന്ന ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ നിയമം അനുവദിക്കണമെന്ന രീതിയും ഇവർക്ക് അംഗീകരിക്കാനാകുന്നില്ല.