മലയാളം ഇ മാഗസിൻ.കോം

പ്രളയ ദുരന്തം നേരിടുന്ന മലയാളിക്ക്‌ റെയിൽവേയുടെ വക പെറ്റിയടി ദുരന്തവും, എന്ത്‌ നാടാണ്‌ ഇത്‌?

പ്രളയദുരത്തം പോരാത്തതിനോ ഈ പെറ്റിയടി ദുരന്തവും കൂടി. വെള്ളപ്പൊക്കത്തെത്തുടർന്ന്‌ സംസ്ഥാനത്ത്‌ ഉടനീളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടതിനിടെ പെരുവഴിയിലായ യാത്രക്കാർക്ക്‌ പെറ്റിയടിച്ച്‌ റെയിൽവേയുടെ ഇരുട്ടടി. 22647 കോർബ തിരുവനന്തപുരം എക്‌സ്പ്രസിലാണ്‌ ടിടിഇമാർ ‘പെറ്റിയുടെ പെരുമഴ നടത്തിയതെന്നാണ്‌ യാത്രക്കാരുടെ പരാതി. ഇതേത്തുടർന്ന്‌ ട്രെയിനിനുള്ളിൽ യാത്രക്കാരും ഉദ്യോ‍ഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായി.

\"\"

ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ പല ട്രെയിനുകളും വഴിയിൽ യാത്ര അവസാനിപ്പിച്ച സാഹചര്യത്തിൽ വഴിയിൽ കുടുങ്ങിയ യാത്രക്കാരെ തിരിച്ചെത്തിക്കാൻ റയിൽവേ സംവിധാനം ഒരുക്കിയത്‌. ഇതേതുടർന്ന്‌ കോർബ എക്‌സ്പ്രസ്‌ എറണാകുളത്തിനും തിരുവനന്തപുരത്തിന്നും ഇടയിൽ പാസഞ്ചറായി സർവീസ്‌ നടത്തുമെന്ന്‌ സ്റ്റേഷനുകളിൽ അറിയിപ്പ്‌ ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു. ഏറെനേരം സർവീസ്‌ മുടങ്ങിയ പാതയിൽ എത്തിയ കോർബ എക്‌സ്പ്രസിലാകട്ടെ രണ്ട്‌ ലോക്കൽ കോച്ചുകൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

\"\"

തിരക്കു വർധിച്ചതോടെ ആർപിഎഫും പൊലീസും ചില ടിടിഇമാരും ഇടപെട്ട്‌ യാത്രക്കാരെ സ്ലീപ്പർ എസി കോച്ചുകളിൽ ഉൾപ്പെടെ കയറ്റി അയയ്ക്കുകയായിരുന്നെന്ന്‌ യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ എസി കോച്ചിന്റെ വാതിലിനു സമീപവും മറ്റും നിന്ന്‌ യാത്ര ചെയ്ത സ്ലീപ്പർ ടിക്കറ്റ്‌ എടുത്ത സ്ത്രീകൾ ഉൾപ്പെടെയുളള യാത്രക്കാരോടാണ്‌ കൊല്ലത്തിനു സമീപം മറ്റൊരു ടിടിഇ എത്തി ബഹളം വച്ചതും പിഴ ഈടാക്കിയതും. ഇവർ ആരും തന്നെ എസി കോച്ചിലെ സീറ്റ്‌ ഉപയോഗിച്ചിരുന്നുമില്ല എന്നതാണ്‌ വാസ്തവം.

\"\"

പ്രളയഭീതിയിൽ ഏങ്ങനെയെങ്കിലും ലക്ഷ്യസ്ഥാനത്ത്‌ എത്താൻ ശ്രമിച്ചവരെ റയിൽവേ ഉദ്യോ‍ഗസ്ഥർ തന്നെ റിസർവ്വ്‌ കോച്ചുകളിൽ കയറ്റി വിട്ട ശേഷം പിഴ ഈടാക്കിയത്‌ നീതീകരിക്കാനാവില്ലെന്നും അധികാരികൾ മറുപടി പറയണമെന്നും യാത്രക്കാരുടെ ഔദ്യോ‍ഗിക സംഘടനയായ ഫ്രണ്ട്‌സ്‌ ഓൺ റെയിൽസ്‌ (എഫ്‌ഒആർ) ആവശ്യപ്പെട്ടു.

Avatar

Staff Reporter