മലയാളം ഇ മാഗസിൻ.കോം

ആ നിരോധിത ചൈനീസ്‌ ആപ്പുകൾ പേരും രൂപവും മാറിയെത്തി, ചതിക്കുഴിയിൽ വീണാൽ കാശും മാനവും പോകുമേ

സെല്‍ഫി അയച്ചാല്‍ വായ്പ നല്‍കാമെന്ന വിധത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്ന പരസ്യത്തില്‍ നിരവധി പേര്‍ പെട്ടുപോകുന്നതായി റിപ്പോര്‍ട്ട്. സെല്‍ഫിക്കൊപ്പം പാന്‍കാര്‍ഡും വേണമെന്ന നിബന്ധനയുണ്ട്.

വായ്പയ്ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ മതിയാകുമെന്നതും ഈട് വേണ്ടെന്നുമുള്ള മോഹന വാഗ്ദാനങ്ങളില്‍ കുരുങ്ങിയാണ് പലരും ഈ പരസ്യത്തിന് പിന്നാലെ പോകുന്നത്. നിമിഷങ്ങള്‍ക്കകം നിങ്ങളുടെ അക്കൗണ്ടില്‍ പണവും എത്തും.

എന്നാല്‍ പിന്നിടാണ് നാം ചെന്ന് ചാടിയിരിക്കുന്ന ചതിക്കുഴി മനസിലാകുക. തവണ മുടങ്ങിയാല്‍ ഭീഷണിയാകും. ഫോണിലൂടെയും നേരിട്ടും. പ്രതിമാസ തവണ കൃത്യമായി അടച്ചാലും വായ്പ തുകയുടെ പത്തിരട്ടിയിലേറെ ഇവര്‍ നിങ്ങളില്‍ നിന്ന് ഈടാക്കിയിരിക്കും. ഇത്തരത്തില്‍ വായ്പ കെണിയില്‍ പെട്ട പലരും ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്.

പരസ്യത്തിലും നിരവധി കുരുക്കുകള്‍ ഉണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വായ്പ പരസ്യം ഓപ്പണ്‍ ചെയ്താലുടന്‍ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാനുളഅള നിര്‍ദ്ദേശമാണ് ലഭിക്കുക. ഉപഭോക്താവിന്റെ ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, സെല്‍ഫി എന്നിവ അപ് ലോഡ് ചെയ്യണം. ഫോണിലെ ഗാലറി, ഫോണ്‍ നമ്പറുകള്‍, എസ്എംഎസ്, ക്യമറ, തുടങ്ങിയവയിലേക്കുള്ള അനുമതിയും ആപ്പ് സ്വന്തമാക്കും. ഇതിന് ശേഷമാണ് പണം ലഭിക്കുക.

പലിശയിനത്തില്‍ ഇരുപത് ശതമാനത്തോളം പണം ഈടാക്കിയ ശേഷമേ പണം നിങ്ങളുടെ അക്കൗണ്ടില്‍ എത്തൂ. തിരിച്ചടവ് മുടങ്ങിയാല്‍ സ്വകാര്യ ചിത്രങ്ങളടക്കം പ്രചരിപ്പിച്ച് നിങ്ങള്‍ക്കെതിരെ ഇവര്‍ അപമാനിക്കല്‍ നടത്തും.

ഈ വായ്പ അടയ്ക്കാന്‍ കഴിയാതെ ഇരുന്നാല്‍ മറ്റൊരു ആപ്പ് അയച്ച് തന്ന് മറ്റൊരു വായ്പ കുരുക്കുണ്ടാക്കും. ഈ വായ്പ എടുക്കുന്ന തുക മുഴുവന്‍ ആദ്യ വായ്പയിലേക്ക് തിരിച്ച് പിടിക്കും. കുരുക്കുകള്‍ കൂടുതല്‍ മുറുകും. ഇത്തരം ചൈനീസ് ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചെങ്കിലും വീണ്ടും അവ രൂപം മാറി എത്തുകയാണ്.

ഇത്തരം ആപ്പുകളില്‍ കുരുങ്ങുന്നതിന് മുമ്പ് ഇവയ്ക്ക് റിസര്‍വ് ബാങ്ക് അംഗീകാരമുണ്ടോ എന്ന ഉറപ്പുവരുത്തുക.

വായ്പാ ഇടപാടുകള്‍ക്ക് അംഗീകൃത ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ മാത്രം ആശ്രയിക്കുക.

മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളുടെ വിശ്വാസ്യത ആവര്‍ത്തിച്ച് ഉറപ്പാക്കുക. വ്യക്തിഗത വിവരങ്ങളും രേഖകളും ഓണ്‍ലൈനുകളില്‍ പങ്കുവയ്ക്കും മുമ്പ് ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

YOU MAY ALSO LIKE THIS VIDEO

Avatar

Staff Reporter