കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളായി ഫേസ്ബുക്ക് തുറന്നാൽ കാണുന്നത് ഒരു പുതിയ ചലഞ്ചാണ്. വാർദ്ധക്യ ചലഞ്ച്. വർഷങ്ങൾ കഴിയുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന മാറ്റമാണ് ഈ ചലഞ്ചിലൂടെ ഫേസ്ബുക്ക് ലോകത്തെ അറിയിക്കുന്നത്.
ഭാവിയിലേക്കു ചുഴിഞ്ഞുനോക്കാനുള്ള മനുഷ്യന്റെ ശീലം പലതരത്തില്‍ മുതലെടുക്കപ്പെടാറുണ്ട്. ജോല്സ്യന്മാര് നടത്തുന്ന പ്രവചനം ഇടക്കാലത്ത് കംപ്യൂട്ടര്‍ ജ്യോതിഷ വിശാരദന്മാര് കയ്യടക്കിയത് അങ്ങിനെയാണ്.

വയസായാല്‍ താനെങ്ങനെ ഇരിക്കുമെന്ന് അറിയാന്‍ ഉല്ക്കണ്ഠയില്ലാത്തവരില്ല. ആ ആവേശം മുതലെടുത്ത ഒരു ആപ് അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഫേസ് ആപ് നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ അത്ര കൃത്യമായിരുന്നില്ല. യൗവനത്തിന്റെ പൊട്ടുംപൊടിയും തൂത്തുമാറ്റുമ്പോള്‍ സ്വാഭാവികത പോകുന്നതായിരുന്നു പരാതി.
എന്നാല്‍ പുതിയ ആപ്പില്‍ ഇതൊക്കെ ഏറെക്കുറേ പരിഹരിച്ചിട്ടുണ്ട്. അതായത് മുഖത്തെ ഭാവങ്ങള്‍ ഭാവികാലത്തേക്ക് കൈമാറാന്‍ ആപ്പിന് കഴിഞ്ഞു അതോടെ ഉല്‍പ്പന്നം കൂടുതല്‍ മെച്ചമായി. അതായത് ഒരാളുടെ വാര്‍ദ്ധക്യം അതു കൃത്യംതന്നെ എന്ന് കൂടുതല്പേരെക്കൊണ്ട് സമ്മതിപ്പിക്കാന്‍ ഇപ്പോഴാകുന്നു. ചുളിവും മുടിനരയും മാത്രമല്ല ഭാവങ്ങളില്കൂടി വാര്‍ദ്ധക്യം കടന്നുവന്നതാണ് ആപ് സൂപ്പറാക്കിയത്.
എന്തായാലും ആപ്പിലേക്ക് സ്വന്തം പടം കൊടുത്ത് ചങ്കുതകരുന്ന ആകാഴ്ച ആസ്വദിച്ചവരില്‍ പ്രമുഖ നടീനടന്മാരുമുണ്ട്. സെലിബ്രിറ്റികളെ പ്രായമാക്കികാണിക്കാനായിരുന്നു ഏറെപ്പേരും ശ്രമിച്ചത്. എന്നാല്‍ സ്വന്തനിലയ്ക്ക് ഇത്തരത്തില്‍ ശ്രമം നടത്തി ചിത്രം പോസറ്റ് ചെയ്തവരാണ് നീരജ്മാധവ് തുടങ്ങിയ പരിപാടി പിന്തുടര്ന്ന് കുഞ്ചാക്കോ ബോബന്, മഞ്ജുവാര്യര്‍, ടോവിനോ, സംയുക്താമേനോന്‍ തുടങ്ങി വന്‍താരനിരതന്നെ രംഗത്തെത്തി.

നടീനടന്മാരുടെ വാര്‍ദ്ധക്യം കാണാന്‍ സമൂഹമാധ്യമങ്ങളില്‍ തിരക്കുമേറി. ഓ വലിയമാറ്റ മൊന്നുമില്ലെന്ന് പറഞ്ഞ് പാടേ തളര്‍ത്തുന്ന കമന്റുകളും നടീനടന്മാര് പരസ്പരം അയക്കുന്നുണ്ട്. പക്ഷേ ആപ്പില്പോലും ചില സൂപ്പര്‍താരങ്ങളുടെ പ്രായം മാറുന്നില്ലെന്നും ആപ്പിനെ നേരത്തേ പറഞ്ഞ് ചട്ടം കെട്ടിയിട്ടുണ്ടോ എന്ന ട്രോളുകളും പുറത്തിറങ്ങുന്നുണ്ട്.
നേരത്തെ മറ്റൊരു ചലഞ്ച് ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. വർഷത്തിനിടയിൽ നിങ്ങൾക്ക് വന്നിട്ടുള്ള മാറ്റം അറിയിക്കുന്ന 10 ഇയർ ചലഞ്ച്. 2009 ലെയും 2019 ലെയും ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്കിന്റെ രസകരമായ ഒരു ചലഞ്ചാണ് #10YEARCHALLENGE. നിരവധിയാളുകളാണ് ചലഞ്ച് ഏറ്റെടുത്ത് രംഗത്ത് എത്തിയത്. എന്നാൽ പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് പോലെ തന്നെ ഫേസ് ആപ്പ് ചലഞ്ചും ഒരു കെണിയാണെന്നാണ് വിദഗ്ദർ പറയുന്നു.

പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ ആണ് ഇത് സംബന്ധിച്ച വിശദീകരണം നേരത്തെ തന്നെ നൽകിയിരുന്നു. #10YEARCHALLENGE എന്നത് ഫേസ്ബുക്ക് പുതിയ ഫേസ് റെക്കഗനൈഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നാണ് അന്ന് അവർ ട്വീറ്റ് ചെയ്തിരുന്നത്. അതിപ്പോൾ സത്യമായിരിക്കുകയാണ്.
ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ഒരു തന്ത്രമാണ് ഇതെന്നാണ് വിദഗ്തര്‍ അഭിപ്രായപ്പെടുന്നത്. ഒരു കൃത്യമായ കാലയളവില്‍ ഒരാള്‍ക്ക് എന്ത് വ്യത്യാസം വന്നു, അത് ഭാവിയില്‍ എങ്ങനെ മാറും എന്നതുവച്ച് ഒരു വ്യക്തിയെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം ഇതെന്നും അന്ന് പല പ്രമുഖരും അഭിപ്രായപ്പെട്ടിരുന്നു.