മദ്യപന്മാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി ദുബായ് ഭരണകൂടം. പുതുവർഷം പിറന്നതോടെ മദ്യത്തിന് മേൽ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി ദുബായ് എടുത്തുകളഞ്ഞു. ഇതോടെ ദുബായി മദ്യവിലയിൽ ഗണ്യമായ കുറവുണ്ടാകും.
വ്യക്തികൾക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസൻസിനായുള്ള ഫീസും ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികൾക്ക് ഇനി മദ്യ ലൈസൻസ് സൗജന്യമായി ലഭിക്കും. ടൂറിസം മേഖലയുടെ വളർച്ച കൂടുതൽ വർദ്ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഇളവുകൾ.
ദുബായിലെ മദ്യവിലയിൽ വലിയൊരു പങ്കും മുൻസിപ്പാലിറ്റി നികുതിയായിരുന്നു. ഇത് പിൻവലിച്ചതോടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാകും. കുറഞ്ഞ വിലക്ക് മദ്യം വാങ്ങാൻ മറ്റ് എമിറേറ്റുകളെ ആശ്രയിച്ചിരുന്നവർക്ക് പുതിയ തീരുമാനം ഗുണം ചെയ്യും. എമിറേറ്റിലെ മദ്യവിൽപന ഉയരുമെന്നും റിപ്പോർട്ടുകളുണ്ട്.
ദുബായിൽ സ്വകാര്യ സ്ഥലങ്ങളിലും ബാറുകൾ പോലെ ലൈസൻസുള്ള പൊതുസ്ഥലങ്ങളിലും മാത്രമാണ് മദ്യപിക്കാൻ അനുമതിയുള്ളത്. 21 വയസിന് മുകളിൽ പ്രായമുള്ള മുസ്‌ലിം ഇതര മതവിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കാണ് മദ്യം ഉപയോഗിക്കാൻ ഔദ്യോഗിക ലൈസൻസ് ലഭിക്കുക.
ദുബായിലെ സ്ഥിര താമസക്കാർക്ക് എമിറേറ്റ്‌സ് ഐഡി ഉപയോഗിച്ചും സന്ദർശകർക്ക് പാസ്‌പോർട്ട് ഉപയോഗിച്ചും ലൈസൻസിന് അപേക്ഷിക്കാം. ലൈസൻസ് ലഭിക്കുന്നവർക്ക് ഒരു പ്രത്യേക കാർഡ് ദുബായ് പൊലീസ് അനുവദിക്കും.
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും | Cashew farming in Kollam Kerala