സോഷ്യൽ മീഡിയയുടെയും ഇൻസ്റ്റാഗ്രാമിന്റെയുമൊക്കെ കടന്നു വരവോടെ നമ്മുടെ കുഞ്ഞുങ്ങളിൽ കാണാൻ സാധിക്കുന്നത് പ്രകടമായ മാറ്റങ്ങളാണ്. കുഞ്ഞുങ്ങൾ മാത്രമല്ല മുതിർന്നവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. എല്ലാവരും ലൈക്കും ഷെയറും ഒക്കെ കിട്ടാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. മിതമായ അളവിൽ ഇവയുടെ ഉപയോഗം അത്ര പ്രശ്നമല്ല, എന്നാൽ ദിനംപ്രതി അഡിക്ട് ആവുന്നത് മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കും എന്ന കാര്യം ഉറപ്പാണ്.
ടിക് ടോക് വന്നതോടെയാണ് ആളുകൾ കൂടുതലായും റീൽസുമായി അടുപ്പം കാണിച്ചു തുടങ്ങുന്നത്, എന്നാൽ ആ അടുപ്പം ഇപ്പോൾ അകലാൻ പറ്റാത്ത വിധമായിട്ടുണ്ട്. ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും ധർമസങ്കടത്തിലായിരുന്നു. അപ്പോഴാണ് ഇൻസ്റാഗ്രാമിലും റീൽസ് വന്നു തുടങ്ങിയത്. മുതിർന്നവരായിരുന്നു ആദ്യമൊക്കെ ഇതിന് അടിമപ്പെട്ടിരുന്നത് എങ്കിൽ , ഇപ്പോൾ അത് കുഞ്ഞു കുട്ടികളിൽ പോലും വ്യാപിച്ചിരിക്കുകയാണ്.
പല വിധത്തിലും കുഞ്ഞുങ്ങളെ ഇൻസ്റ്റാഗ്രാം റീൽസ് ബാധിക്കുന്നുണ്ട്. ഒരു ദിവസം ഒരു റീലുപോലും കണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ല എന്നായി മാറിയിട്ടുണ്ട് കാര്യങ്ങൾ. ഇങ്ങനെ റീൽസ് കാണുന്നത് പതിവായാതോടെ അതിൽ കാണുന്നതാണ് യഥാർത്ഥ ജീവിതം എന്ന തോന്നൽ പല കുട്ടികളിലും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അതൊരു വിധത്തിൽ കോൺടെന്റ് ഉണ്ടാക്കുന്നവരുടെ കഴിവാണ്. റീൽസിൽ കാണുന്നതല്ല യഥാർത്ഥ ജീവിതം എന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. അല്ലാത്തപക്ഷം അതവരുടെ വ്യക്തിത്വം തകരാനും വിഷാദരോഗത്തിലേക്കും നയിച്ചേക്കാം.
അതുപോലെതന്നെ കുട്ടികളെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഓൺലൈൻ ഗേമുകളിൽ അഡിക്ട് ആകുന്നത്. ഇത് ഭാവിയിൽ കുട്ടിയുടെ സ്വഭാവത്തെ സാരമായി ബാധിക്കുകയും പെരുമാറ്റവൈകല്യമായി മാറാനുമിടയുണ്ട്. വളരെ ആക്ടീവായ കുട്ടി പെട്ടെന്ന് ഉൾവലിയുക, എപ്പോഴും ഫോൺ ഉപയോഗിക്കുക, മറ്റുള്ളവരെ തീരെ ശ്രദ്ധിക്കാതിരിക്കുക, തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. ഇത് കാണാതെ പോകുന്നത് നിങളുടെ കുഞ്ഞുങ്ങളെ പടുകുഴിയിൽ കൊണ്ടെത്തിച്ചേക്കും. ഈ സാഹചര്യത്തിൽ മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ബോധവത്കരണം നൽകേണ്ടതായി വരുന്നു.
കുട്ടികളെ അമിതമായി നിയന്ത്രിക്കുന്നതിനു പകരം കൃത്യമായി നിരീക്ഷിക്കുകയും അവരെ കൂടെയിരുത്തി സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുകയുമാണ് ആദ്യം വേണ്ടത്. ശേഷം ഉത്തരവാദിത്വത്തോടെ സമൂഹമാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് പറഞ്ഞു കൊടുക്കണം.
മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കുന്നതിനായി പുസ്തകങ്ങൾ വാങ്ങി നൽകലാണ് മറ്റൊരു വഴി. അത് വായനയുടെ ലോകത്തേക്ക് കുട്ടികളെ കൊണ്ടെത്തിക്കുന്നു. കൂടാതെ വ്യായാമത്തിന്റെ ആവശ്യകതയെ പറ്റിയും പറഞ്ഞു കൊടുക്കണം. ഇത് നിങ്ങളുടെ കുട്ടികളുടെ മെന്റൽ-ഫിസിക്കൽ ഹെൽത്ത് കൈവരിക്കാൻ സഹായിക്കും. അതുവഴി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉണർവും ഉന്മേഷവും ഉണ്ടാക്കുന്നതിനും കാരണമാവും.