എസ്ബിടി ഇന്നു മുതൽ എസ്ബിഐ ആയി മാറിയതിനാൽ ഇടപാടുകാർക്കു പ്രത്യേകിച്ചു തങ്ങളുടെ അക്കൗണ്ടുകളിൽ മാറ്റം വരുത്തേണ്ടതില്ലെങ്കിലും ആശയക്കുഴപ്പങ്ങൾ ഏറെയാണ്. എസ്ബിടിയുടെ ഇടപാടുകാരുടെ മുഴുവൻ വിവരവും എസ്ബിഐയിലേക്കു മാറ്റുന്നത് ഇൗ മാസം 24ന് ആണ്. അതോടെ ഇടപാടുകാർ ഇന്റർനെറ്റ് ബാങ്കിങ്ങിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. എസ്ബിഐയുടെ എല്ലാ മൊബൈൽ ആപ്ലിക്കേഷനുകളും അതു കഴിഞ്ഞ് എസ്ബിടി ഇടപാടുകാർക്കും ല്യമാക്കും. ബാങ്ക് കോഡുകളിലും മാറ്റം വരും.
1. ലയനം കാരണം എസ്ബിടി ശാഖയിലെ അക്കൗണ്ട് നമ്പർ, എടിഎം കാർഡ്, ചെക്ക് ബുക്ക്, പാസ്ബുക്ക് തുടങ്ങിയവ തുടർന്നും ഉപയോഗിക്കാം. ഇവ മൂന്നു മാസത്തിനുള്ളിൽ മാറ്റിനൽകും.
2. എസ്ബിടിയുടെ വെബ്‌സൈറ്റിലൂടെ ഇന്റർനെറ്റ് ബാങ്കിങ് ഇടപാടുകൾ നടത്തിയിരുന്നവർ ഇനി മുതൽ എസ്ബിടിയുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്താൽ എത്തുക എസ്ബിഐയുടെ വെബ്‌സൈറ്റിലായിരിക്കും (https://www.onlinesbi.com). ഇതുവരെ ഉപയോഗിച്ചിരുന്ന അതേ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് ഇടപാടുകൾ നടത്താം. എസ്ബിടിയുടെയും എസ്ബിഐയുടെയും വെബ്സൈറ്റുകൾ ഒരേതരത്തിലാണു പ്രവർത്തിക്കുന്നത്.
3. എസ്ബിടി ശാഖകൾ എസ്ബിഐ ശാഖകളാകുമ്പോൾ ഐഎഫ്എസ് കോഡിൽ ഉടൻ മാറ്റമുണ്ടാകില്ല. ജൂലൈ മുതൽ ഐഎഫ്എസ് കോഡുകൾ മാറ്റാൻ ആലോചനയുണ്ട്. വിവിധ ആവശ്യങ്ങൾക്കായി അപേക്ഷ നൽകുമ്പോഴും മറ്റും ബാങ്കിന്റെ പേര് എസ്ബിഐ എന്നു മാറ്റി എഴുതണം.
4. എസ്ബിഐയുടെയും എസ്ബിടിയുടെയും ചില ബാങ്ക് ശാഖകളുടെ പേരു മാറ്റിയിട്ടുണ്ട്. ഒരേസ്ഥലത്ത് ഇരു ബാങ്കുകളുടെയും ശാഖകളുണ്ടെങ്കിൽ ആദ്യം സ്ഥാപിതമായ ശാഖയുടെ പേര് അതേപടി നിലനിർത്തും. രണ്ടാമത്തെ ശാഖയ്ക്കു പുതിയ പേരു നൽകിയിട്ടുണ്ട്. ഇന്നും ഇന്നലെയുമായി പുതിയ പേരുകൾ ബാങ്ക് പരസ്യപ്പെടുത്തിയിട്ടുണ്ട്.
5. രണ്ടു ബാങ്കുകളുടെയും ഇന്റർനെറ്റ് ബാങ്കിങ് ഒരേ പ്ലാറ്റ്ഫോമിലാണു മുൻപും പ്രവർത്തിച്ചിരുന്നത്. അതിനാൽ എസ്ബിടിയിലും എസ്ബിഐയിലും ഒരേ പാസ്‌വേഡും യൂസർനെയിമും അനുവദിച്ചിരുന്നില്ല.
6. ബില്ലുകൾ അടയ്ക്കുമ്പോഴും ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങുമ്പോഴും എസ്ബിടി അക്കൗണ്ട് വഴി പണം അടച്ചിരുന്നത് ഇനി തുടരാനാകും. പണം അടയ്ക്കാൻ എസ്ബിടി അക്കൗണ്ട് തിരഞ്ഞെടുക്കുമ്പോൾ ചെന്നെത്തുന്നത് എസ്ബിഐയുടെ വെബ്സൈറ്റിലേക്ക് ആയിരിക്കും. എസ്ബിടി അക്കൗണ്ടിന്റെ യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്തു പണം അടയ്ക്കാം. ഇരു ബാങ്കും തമ്മിലെ ഡേറ്റ സംയോജനം പൂർത്തിയാകുംവരെ ഇൗ രീതിതന്നെ തുടരണം.
7. വീണ്ടും മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്യേണ്ടതിനെ ആവശ്യമില്ല..
8. പണം കൈമാറാനും മറ്റുമായി ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരുന്ന മറ്റ് ഇടപാടുകാരുടെ വിവരങ്ങൾ വീണ്ടും ചേർക്കേണ്ടതില്ല. അവരുടെ വിശദാംശങ്ങൾ അതേപടി അക്കൗണ്ടിൽ തുടർന്നും ലഭിക്കും.
9. ലയനം കാരണം ബാങ്കിങ് നിരക്കുകളിൽ മാറ്റമുണ്ട്. എസ്ബിഐയുടെ നിരക്കുകളായിരിക്കും എല്ലാത്തരം ഇടപാടുകൾക്കും ഇനി ബാധകമാകുക. മുൻപ് എസ്ബിടിയും എസ്ബിഐയും തമ്മിലെ ഇടപാടുകൾക്കു വാങ്ങിയിരുന്ന ഫീസുകൾ രണ്ടും ഒറ്റ ബാങ്ക് ആയതോടെ ഒഴിവാക്കി.
10. എസ്ബിടിയിൽ അപേക്ഷിച്ചിരുന്ന വായ്പ ഇനി ലഭിക്കും. എന്നാൽ, അപേക്ഷയ്ക്കൊപ്പമുള്ള ചില രേഖകളിൽ വീണ്ടും ഒപ്പിട്ടുനൽകേണ്ടി വന്നേക്കാം.
11. ഒരാൾക്ക് ഇരു ബാങ്കുകളിലും അക്കൗണ്ടുണ്ടെങ്കിൽ രണ്ടും തമ്മിൽ ലയിപ്പിക്കില്ല. എന്നാൽ, ഡേറ്റ സംയോജനം പൂർത്തിയാകുമ്പോൾ രണ്ട് അക്കൗണ്ടുകളും ഒരാളുടേതെന്നു തിരിച്ചറിയത്തക്കരീതിയിൽ ഒറ്റ കസ്റ്റമർ ഇൻഫർമേഷൻ ഫയൽ (സിഐഎഫ്) നമ്പറിനു കീഴിൽ വരും. ഇവ തമ്മിൽ ലയിപ്പിക്കണമെങ്കിൽ ഇടപാടുകാരൻ അപേക്ഷ നൽകണം.
Source Credit: Malayala Manorama