മലയാളം ഇ മാഗസിൻ.കോം

വിയർപ്പിന്റെ മണം അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുന്ന ഇടം, പബ്ലിക്‌ ശുചിമുറിയും കിച്ചണും ഉപയോഗിക്കുന്നത്‌ പത്ത്‌ നൂറ്‌ പേരാണ്‌: താൻ കണ്ട ദുബായ്‌ ലേബർ ക്യാമ്പിനെക്കുറിച്ച്‌ എമിൽ

പ്രവാസത്തെക്കുറിച്ചാണ്‌. യു.എ.ഇയിൽ എത്തിയിട്ട്‌ 5 വർഷമാകുന്നു, പ്രവാസിയായിട്ടും.. ആദ്യമായി മറ്റൊരു രാജ്യത്ത്‌ കാലു കുത്തുമ്പോൾ കണ്ണു തുറന്നൊന്ന്‌ ചുറ്റും നോക്കാൻ അനുവദിക്കാത്ത കനത്ത വെയിലായിരുന്നു പുറത്ത്‌. കണ്ണു മഞ്ഞളിച്ചിട്ട്‌ ഒന്നും കാണാനാകാത്ത അവസ്ഥ. വന്ന്‌ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ ദുബായി എന്ന വിസ്മയ ലോകത്തിന്റെ പ്രധാന അകർഷണ ഭാഗങ്ങൾ കണ്ടു. ചില്ലു കൊട്ടാരങ്ങൾ, ആകാശം മുട്ടുന്ന കെട്ടിടങ്ങൾ, വന്ന വഴിയേതെന്ന്‌ പോലും മനസ്സിലാക്കി തരാത്ത ഫ്ലൈ ഓവറുകളും റൗണ്ട്‌ എമ്പൊട്ടുകളും തുടങ്ങി ഒരു ഷട്ടറുപോലുമില്ലാത്ത ചില്ലു കടകൾ വരെ അത്ഭുതമായിരുന്നു. പിന്നെയും ഒരുപാട്‌ കഴിഞ്ഞാണ്‌ യഥാർത്ഥ ജീവിതങ്ങൾ കണ്ടത്.

ഒരു സുഹൃത്തിനെ കാണാനാണ്‌ ദുബായിൽ ഒരു ലേബർ ക്യാംപിൽ എത്തിയത്‌. പോക്കറ്റ്‌ റോഡിലൂടെ എത്തിയത്‌ കുറേ കെട്ടിടങ്ങൾക്ക്‌ നടുവിലേയ്ക്ക്‌. വിയർപ്പിന്റെ മണം അന്തരീക്ഷത്തിൽ തന്നെ തങ്ങി നിൽക്കുന്ന ഇടം. ബാൽക്കണികളിൽ മുഴുവൻ തോരണം തൂക്കിയ പോലെ അലക്കിയിട്ട തുണികൾ.

റൂമിലെത്തിയപ്പോൾ 4 സിംഗിൾ കട്ടിലുകൾ. നടുക്ക്‌ ഒരു ചെറിയ ടീപ്പോ. അതിൽ രാവിലെ ഉണ്ടാക്കിയ ഭക്ഷണം മൂടി വെച്ചിരിക്കുന്നു. ടീപ്പോയ്ക്ക്‌ അടിയിൽ ചോറും. ഒരു കുഞ്ഞ്‌ ഫ്രിഡ്ജ്‌, ഇ.സി. കട്ടിലിന്‌ അടിയിൽ താമസക്കാരുടെ സാധനങ്ങൾ. പിന്നെയുള്ള സ്ഥലത്ത്‌ റൂമിലെ 4 ആൾക്കും ഒരുമിച്ച്‌ നിൽക്കാൻ ഇടമില്ല. പബ്ലിക്‌ ശുചിമുറിയും കിച്ചണുമാണ്‌. പത്ത്‌ നൂറ്‌ പേരാണ്‌ ഈ ഒരു അടുക്കള ഉപയോഗിക്കുന്നത്‌.

തിരിച്ചിറങ്ങിയപ്പോൾ എന്റെ അമ്പരപ്പ്‌ കണ്ട്‌ കൂട്ടുകാരൻ പറഞ്ഞത്‌. ആ മുറിയിലെ കട്ടിലുകൾ ഡബിൾ ആണെങ്കിൽ. ആ കട്ടിലിന്‌ അടിയിൽ കിടക്ക ഒരുക്കുന്നവർ പോലും ഉള്ള ഇടങ്ങൾ ഉണ്ടെങ്കിൽ. റൂമിൽ എ. സി ഇല്ലങ്കിൽ. അങ്ങനെയാണ്‌ ഇവിടെ പല ജീവിതങ്ങളും. തൊഴിലാളികൾ താമസിക്കുന്നവയിൽ ഏറ്റവും മികച്ച ഒന്നാണ്‌ നീ കണ്ടത്‌.

പലരും പലയിടത്തും ജോലി ചെയ്യുന്നവർ. പതിനാറും പതിനെട്ടും അതിലധികവും മണിക്കുറുകൾ ജോലി. ജോലിക്ക്‌ പുറമേ പാർട്ട്‌ ടൈം ജോലി ചെയ്യുന്നവർ. വർഷങ്ങളായി നാട്ടിൽ പോകാത്തവർ.. കനത്ത വെയിലിൽ പണിയെടുക്കുന്നവർ. രണ്ടു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർ. അതുമില്ലാത്തവർ. കുബ്ബൂസും തൈരുമാണ്‌ എറ്റവും നല്ല കോമ്പിനേഷൻ എന്ന്‌ പറയുന്നവർ. ശമ്പളത്തിന്റെ ഭൂരിഭാഗവും നാട്ടിൽ അയച്ച്‌ അരിഷ്ടിച്ച്‌ ജീവിക്കുന്നവർ. കഷ്ടപ്പാടുകൾ ഉറ്റവർ അറിയുന്നില്ലല്ലോ എന്ന്‌ ആശ്വസിക്കുന്നവർ.

അങ്ങനെയാണിവിടെ ഭൂരിഭാഗവും ജീവിതങ്ങൾ. ഇവരോടാണ്‌ രണ്ടും മൂന്നും മീറ്റർ അകലം പാലിക്കാൻ പറയുന്നത്‌. Social distancing എന്ന്‌ പറയുന്നത്‌. അസുഖ ലക്ഷണം ഉള്ളവരെ മാറ്റി താമസിപ്പിക്കാൻ പറയുന്നത്‌. എല്ലാറ്റിലും ഉപരിയായി എവിടെയാണോ അവിടെ തന്നെ തൽക്കാലം തുടരുക എന്ന്‌ പറയുന്നത്‌.

ഇങ്ങനൊരു സാഹചര്യത്തിൽ ചെയ്യാൻ പറ്റുന്നതെല്ലാം ഇവിടെ ഭരണാധികാരികൾ ചെയ്യുന്നു. സാമൂഹിക പ്രവർത്തകർ ഓടി നടക്കുന്നു. നാടുകളിലേയ്ക്ക്‌ മടങ്ങി പോകാൻ ആഗ്രഹിക്കുന്നവർക്ക്‌ പോകാൻ എല്ലാ സൗകര്യവും ഒരുക്കി കൊടുക്കുന്നു. പക്ഷെ കാത്തിരിക്കാൻ പറയുന്നു സ്വന്തം നാട്‌.

എന്താണ്‌ ഗൾഫിലെ യഥാർത്ഥ ജീവിതങ്ങൾ എന്ന്‌ കാണാത്തതിന്റെയും കണ്ടില്ലന്ന്‌ നടിക്കുന്നതിന്റെയും പ്രശ്നമാണ്‌. എത്ര തവണ പ്രവാസത്തിന്റെ കണ്ണുനീർ കഥകൾ പറഞ്ഞാലും, എത്ര തവണ പത്തേമാരികൾ കണ്ടാലും, എത്ര ആടുജീവിതങ്ങൾ വായിച്ചാലും നാം അനുഭവിക്കാത്ത ജീവിതങ്ങൾ എല്ലാം നമ്മുക്ക്‌ കെട്ടുകഥകൾ തന്നെ.

എമിൽ ഗ്രെയിൻ മെഴ്സി

Avatar

Staff Reporter