മലയാളം ഇ മാഗസിൻ.കോം

എലിഷെറയുടെ പാസ്പോർട്ട്‌ കാണാനില്ല, ലോക്ഡൗൺ കാലത്ത്‌ ദുബായിൽ അകപ്പെട്ട താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

എലിഷെറ റായ്‌ എന്ന ഈ പേര് പ്രേക്ഷകർക്ക്‌ സുപരിചിതമല്ലെങ്കിലും ദേ പാല്‌, കൊച്ചുഗള്ളി എന്നീ ഷോർട്ട്‌ ഫിലിമുകളിൽ അഭിനയിച്ച നടിയെ പരിചയമില്ലാത്ത പ്രേക്ഷകർ ആരും കാണില്ല. അത്രയ്ക്ക്‌ വൈറലായ ഹ്രസ്വചിത്രങ്ങൾ ആയിരുന്നു ഇവയൊക്കെ. ആകെ 3 ഹ്രസ്വ ചിത്രങ്ങളിലാണ്‌ ഇതുവരെ അഭിനയിച്ചിരിക്കുന്നതെങ്കിലും ട്രോളുകളിലെ വരെ സൂപ്പർ താരമാണ്‌ എലിഷെറ ഇപ്പോൾ.

ലോക്ഡൗണിനിടെ ഈ യുവനടിയുമായി ബന്ധപ്പെട്ട്‌ ദുബായിൽ നിന്ന് വരുന്നത്‌ അൽപം ആശങ്കപ്പെടുത്തുന്ന വാർത്തയാണ്‌. താരത്തിന്റെ പാസ്‌പോര്‍ട്ട് ദുബായിൽ വച്ച്‌ നഷ്ടപ്പെട്ടിരിക്കുകയാണ്‌. ഇതോടെ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ് ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനി എലിഷെറ റായി (27). എറണാകുളത്ത് സ്ഥിരതാമസമാക്കിയ എലിഷെറയുടെ പാസ്‌പോര്‍ട്ടിലുള്ള പേര് എലിസബത്ത് തെക്കേവീട്ടില്‍ രാജന്‍ എന്നാണ്. N 2453671 എന്നതാണ് പാസ്‌പോര്‍ട്ട് നമ്പര്‍.

യുഎഇയില്‍ ഒരു ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് എലിഷെറ എത്തുന്നത്. മാര്‍ച്ച് 13നാണ് നടി യുഎഇയില്‍ എത്തിയത്. 18-ാം തീയതി പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് അവര്‍ വ്യക്തമാക്കി. ചിത്രീകരണത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാന്‍ നടി ഒരുങ്ങി ഇരിക്കവെയാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപനം നിലവില്‍ വരികയും വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തത്.

ഇതോടെ മടക്ക യാത്ര മുടങ്ങിയ നടി യുഎഇയില്‍ തന്നെ തുടരുകയായിരുന്നു. അടുത്തിടെയാണ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതായി കാര്യം തിരിച്ചറിയുന്നത്. 18-ാം തീയതി ബര്‍ദുബായിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നിരുന്നതായും അവിടെ വെച്ചാകാം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കുക എന്ന് സംശയിക്കുന്നതായി നടി വ്യക്തമാക്കുന്നു. പാസ്‌പോര്‍ട്ട് നഷ്ടമായെന്ന വിവരം മനസിലാക്കിയ ഉടന്‍ തന്നെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തി അന്വേഷിച്ചു. എന്നാല്‍ പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചില്ല. ഇപ്പോള്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് നടി.

ദുബായില്‍ ഒരു സുഹൃത്തിന്റെ കൂടെയാണ് നടി ഇപ്പോള്‍ താമസിക്കുന്നത്. അടുത്ത ബന്ധുക്കളും പാസ്‌പോര്‍ട്ട് തിരിച്ചുകിട്ടാനുള്ള ശ്രമം നടത്തുന്നുണ്ട്. പാസ്‌പോര്‍ട്ട് കിട്ടിയാല്‍ എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് തിരിച്ചുപോകാനാണ് ഉദ്ദേശ്യമെന്ന് നടി പറയുന്നു.

എലിഷേറ റായ് യൂട്യൂബ് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയത് ദേ പാല് എന്ന ഒറ്റ ഷോര്‍ട് ഫിലിമിലൂടെ ആണ്. കൊച്ചുഗള്ളി, പൊട്ടാസ് തുടങ്ങിയ ഹ്രസ്വ ചിത്രങ്ങളിലും എലിഷേറ തിളങ്ങി. ഗ്ലാമര്‍ പ്രദര്‍ശനത്തിന് മടികാണിക്കാത്ത നടിയുടെ ഹ്രസ്വ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായിരുന്നു. എലിസബത് എന്ന പേര് മാറ്റി എലിഷെറ റായ് എന്നിട്ടതോടെ തനിക്ക് ഭാഗ്യമുണ്ടായെന്നും ഒട്ടേറെ ഹ്രസ്വചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചതായും നടി പറഞ്ഞു. ജൂനിയര്‍ സില്‍ക് സ്മിത എന്നാണ് നടിയെ അറിയപ്പെടുന്നത്.

Avatar

Staff Reporter