രാജ്യത്ത് ഇന്ധന വില റെക്കോഡ് തകർത്ത് കുതിക്കുകയാണ്. പലരും ഈ സാഹചര്യത്തില്‍ ചിലവ് കുറഞ്ഞ മറ്റ് യാത്രാമാര്‍ഗങ്ങള്‍ തെരഞ്ഞെടാനുള്ള ശ്രമത്തിലാണ്. ഇതിന് ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന ഒരു പരിഹാരം, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുക എന്നത് തന്നെയാണ്. ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ തയാറെടുക്കുന്നവര്‍ക്ക് ആശ്വാസമായി ടിഎൻആറിന്റെ ഇലക്ട്രിക് സ്കൂട്ടറുകൾ കേരളത്തിലും എത്തി. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 50 കിലോ മീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ സഞ്ചരിക്കാമെന്ന വാഗ്ദാനവുമയാണ് ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ടിഎൻആർ സ്കൂട്ടറുമായി കേരളത്തിൽ എത്തുന്നത്. കൊച്ചിയിലാണ് വാഹനത്തിന്റെ ആദ്യ ഷോറൂം തുറന്നിരിക്കുന്നത്. സർക്കാർ സബ്സിഡിയും വാഹനം വാങ്ങുന്നവര്‍ക്ക് ലഭിക്കും.
മാസം 3000 രൂപക്ക് പെട്രോൾ അടിച്ച് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി യാത്ര ചെയ്യുന്നവര്‍ക്ക് 400 രൂപ മാത്രമേ ചിലവ് വരികയുള്ളുവെന്ന് കമ്പനി അവകാശപ്പെടുന്നു. ഒരു ലിറ്റർ പെട്രോൾ അടിച്ചാൽ 50 കിലോ മീറ്റർ സ്കൂട്ടറിൽ സഞ്ചരിക്കാൻ കഴിയുന്ന സ്ഥാനത്ത് 5 മണിക്കൂർ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ വരെ മെെലേജ് ലഭിക്കും. രജിസ്ട്രേഷൻ ആവശ്യമുള്ളതും ഇല്ലാത്തതുമായ 8 മോഡൽ സ്കൂട്ടറുകൾ ടിഎൻആർ വിപണിയിൽ എത്തിക്കുന്നുണ്ട്. തൃശ്ശൂരിന് പുറമെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം 70 ഷോറൂമുകൾ കൂടി ഇലക്ട്രോ ഗ്രീൻ മോട്ടോർസ് വരും ദിവസങ്ങളില്‍ തുറക്കുന്നുണ്ട്.
കിടിലൻ ലുക്ക്, സൂപ്പർ പെർഫോമൻസ്, അടിപൊളി ഫീച്ചേഴ്സ് എല്ലാം കൂടി ചേര്‍ന്നതാണ് ഏതർ 450 എക്സ് സ്കൂട്ടര്‍. ബെംഗളൂരു ആസ്ഥാനമായ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഏതർ എനർജി പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാതാക്കള്‍. മെലിഞ്ഞ് അഴകൊത്ത രൂപം. ഒഴുക്കുള്ള ഡിസൈൻ. ലൈറ്റുകൾ എല്ലാം എൽഇഡിയാണ്.. നമ്മുടെ നിരത്തിലുള്ള ഇലക്ട്രിക് സ്കൂട്ടറുമായി ഡിസൈനിലോ പെർഫോമൻസിലോ ഫീച്ചേഴ്സിലോ യാതൊരു തരത്തിലുമുള്ള താരതമ്യം നടത്താൻ കഴിയില്ല. അതുക്കും മുകളിലാണ് ഏതർ 450 എക്സ് എന്നു പറയാം. 6 കിലോവാട്ട് പവറും 26 എൻഎം ടോർക്കും നൽകുന്ന മിഡ് ഡ്രൈവ് പെർമനന്റ് മാഗ്നൈറ്റ് സിംക്രൈണസ് മോട്ടർ ആണ് വാഹനത്തിലുള്ളത്.
ബെൽറ്റ് വഴിയാണ് മോട്ടർ കരുത്ത് വീലിലേക്കെത്തുന്നത്. നിരത്തിലുള്ള സ്കൂട്ടറുകളെ നാണിപ്പിക്കുന്ന പ്രകടനമാണ് ഏതർ പുറത്തെടുക്കുന്നത്. 0-40 കിലോമീറ്റർ വേഗമെത്താൻ വെറും 3.3 സെക്കൻഡ് സമയം മതി. കൂടിയ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ. 2.9 kwh ലിഥിയം അയൺ എൻഎൻസി ബാറ്ററിയാണ്. ബാറ്ററി വീട്ടിൽ ചാർജ് ചെയ്യുകയാണെങ്കിൽ 0-100 ശതമാനമെത്താൻ 5.45 മണിക്കൂർ മതി. 80 ശതമാനമാകാൻ 3.35 മണിക്കൂറും.ഫുൾ ചാർജിൽ 116 കിലോമീറ്റർ വരെ സഞ്ചരിക്കാം. 1.42000 രൂപയാണ് കൊച്ചിയിലെ വാഹനത്തിന്റെ എക്സ് ഷോറൂം വില.
രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരായ ടിവിഎസിന്റെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ആണ് ഐക്യൂബ്. പുതുതലമുറ സ്കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുമായാണ് ടിവിഎസ് ഐക്യൂബ് എത്തുന്നത്. കണക്ട് ടെക്നോളജി വഴി റൈഡര്‍ക്ക് റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അറിയാം. ടിവിഎസിന്റെ എക്സോണെറ്റ് ടിഎഫ്ടി ക്ലെസ്റ്ററാണ് ഐ ക്യൂബില്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പാര്‍ക്കിങ് അസിസ്റ്റന്‍സ്, ബാറ്ററി ചാര്‍ജ് സ്റ്റാറ്റസ്, സ്മാര്‍ട്ട് റൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ജിയോ ഫെന്‍സിങ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തിന്റെ ഹൃദയം. മണിക്കൂറില്‍ 78 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗം. പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.2 സെക്കന്‍ഡുകള്‍ മാത്രം മതി. രണ്ട് ഡ്രൈവിങ്ങ് മോഡുകളുണ്ട്. .ഇക്കോ മോഡില്‍ 75 കിലോമീറ്ററും, സ്പോര്‍ട്ട് മോഡല്‍ 55 കിലോമീറ്ററുമാണ് റേഞ്ച് നല്‍കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ എന്നിവയൊക്കെയാണ് സ്കൂട്ടറിലെ സവിശേതകള്‍. നോണ്‍ റിമൂവബിള്‍ ബാറ്ററി, വെള്ള നിറത്തില്‍ മാത്രമേ ലഭിക്കു എന്നിവ ഈ സ്കൂട്ടറിന്റെ പോരായ്മയാണ്. 93,000 രൂപയാണ് എക്സ് ഷോറൂം വില
ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനിയായ ഒലയുടെ ഇലക്ട്രിക്ക് സ്കൂട്ടറും ഉടന്‍ പുറത്തിറങ്ങും. വാഹനത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം ഓഡറും ഈ ഇലക്ട്രിക്ക് സ്കൂട്ടറിന് ലഭിച്ചു കഴിഞ്ഞു. വാഹനം ബുക്ക് ചെയ്തവരുടെ വീട്ടില്‍ നേരിട്ടെത്തിക്കാനും ഒല പദ്ധതിയിടുന്നുണ്ട്. കൂടുതല്‍ റേന്‍ജ്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്കൂട്ടർ രംഗത്ത് സമഗ്രമാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള , സീരിസ് എസ് (ഔദ്യോഗികമല്ല) എന്നു പേരിട്ടിരിക്കുന്ന ഒല ഇലക്ട്രിക്ക് എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
ഇലക്ട്രിക് സ്കൂട്ടറുകളില്‍ വച്ച് ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ഡിസെെനാണ്. സ്ലീക്കായ ബോഡി പാനലുകള്‍, ഇരട്ട ഹെഡ് ലാമ്പുകള്‍, താഴ്ത്തി സ്ഥാപിച്ച ടേണ്‍ ഇന്‍ഡികേറ്ററുകള്‍ , കറുത്ത അലോയ് വീലുകള്‍, റാപ്പ്എറൗണ്ട് എല്‍ഇഡി ടെയ്ല് ലാംപുകള്‍, കറുത്ത ഗ്രാബ് റെയിലുകള്‍ എന്നിവ ചേര്‍ന്ന ഓല സ്കൂട്ടറിന്റെ രൂപകല്പനയും ആരെയും മയക്കും.
ഏറ്റവും മികച്ച പവര്‍, കൂടിയ ആക്സിലറേഷന്, മികച്ച ട്രാക്ഷന്‍ എന്നവയും ഒല ഇലക്ട്രിക്കിലേക്ക് ഉപഭോക്താക്കളെ അടുപ്പിക്കും. ഒറ്റ ചാര്‍ജില്‍ ഏറ്റവും കൂടുതല്‍ റേഞ്ച് ലഭിക്കുന്നതായിരിക്കും വാഹനം . ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 സാ മുതല്‍ 240 സാ വരെ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഒല ഇലക്ട്രിക് സ്കൂട്ടറിന് വെറും 3.9 സെക്കന്‍ഡ് മതിയാകും. അതിവേഗം ചാർജ് ചെയ്യാവുന്ന ബാറ്ററിയാണു സ്കൂട്ടറിലെ മറ്റൊരു സവിശേഷത. വെറും 18 മിനിറ്റിൽ ബാറ്ററി പകുതിയോളം ചാർജ് ആവുമെന്നാണ് ഓലയുടെ വാഗ്ദാനം.
സാധാരണ ഇരുചക്ര വാഹനത്തിൽ ഒരു കിലോമീറ്റർ യാത്രയ്ക്ക് ഏതാണ്ട് രണ്ടു രൂപ ചെലവാകുമ്പോൾ ഈ ഇലക്ട്രിക് സ്കൂട്ടറിനു ചെലവ് 15–20 പൈസ മാത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 30–40 കിലോമീറ്റർ ദിവസം യാത്ര ചെയ്യുന്ന ഒരാൾക്ക് ഇന്ധനച്ചെലവായി പ്രതിദിനം നൂറു രൂപ വേണ്ടിവരുമ്പോൾ ഇലക്ട്രിക് സ്കൂട്ടറിൽ ഇതേ ദൂരം സഞ്ചരിക്കാൻ വേണ്ടത് ഏകദേശം 12 രൂപയോളം മാത്രമാകും.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 2.5% ആയി കുറച്ച് സംസ്ഥാന സർക്കാർ ഉത്തരവ് ഉടനുണ്ടാകും. കഴിഞ്ഞ വർഷം വരെ 5% നികുതിയാണ് ഈടാക്കിയിരുന്നത്. കേന്ദ്ര സർക്കാർ അംഗീകരിച്ച നിലവാരത്തിലുള്ള ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനു വായ്പയെടുക്കുന്നവർക്ക് പലിശ സബ്സിഡി നൽകുന്നതിനും സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇരുചക്ര വാഹനം ഉപയോഗിച്ച് വിവിധ തരത്തിലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഇലക്ട്രിക്ക് ബെെക്കുകളും ഓട്ടോറിക്ഷകളും ലഭ്യമാക്കുന്നതിന് വായ്പാ സ്കീം പ്രഖ്യാപിച്ചത് പുതുക്കിയ ബജറ്റിലാണ്. വായ്പാ സ്കീമിന് വേണ്ടി 15000 കോടി വിഭാനം ചെയ്തു. പലിശയുടെ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കും. പത്രവിതരണക്കാര്‍, മത്സ്യകച്ചവടക്കാര്‍, ചെറുകിട വ്യാപാരികള്‍, ഹോം ഡെലിവറി ജീവനക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.
വാഹന നികുതിയിൽ വൻ ഇളവും കുറഞ്ഞ മെയിന്റെനന്‍സും ചുരുങ്ങിയ വെെദ്യുത ചിലവും വലിയ സാമ്പത്തിക ലാഭവും ഇലക്ട്രിക്ക് വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. മലിനീകരണവും ചിലവു കുറഞ്ഞതുമായ വെെദ്യുത വാഹനങ്ങള്‍ക്കാണ് വരും കാലത്ത് ഡിമാന്റുള്ളതെന്ന് വാഹനലേകത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.