തിരക്കു പിടിച്ച നഗരജീവിതവും തൊഴില്‍പരമായ സമര്‍ദ്ദങ്ങളും ഒഴിവാക്കാനായി മാത്രം യാത്രകള്‍ ചെയ്യുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ ഒന്നിനും സമയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന മലയാളികളില്‍ നിന്ന് എബിനെ വ്യത്യസ്‌തമാക്കുന്നത് അദ്ദേഹത്തിന്റെ യാത്രകളോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.
സ്ഥിരജോലിയായിട്ടും സമ്മര്‍ദ്ദങ്ങള്‍ യാതൊന്നുമില്ലെങ്കിലും കൂടി തന്റെ ആഗ്രഹത്തെ കൂടെ കൂട്ടാന്‍ ഉയര്‍ന്ന ജോലിയും പ്രവാസ ജീവിതവും അവസാനിപ്പിച്ചയാളാണ് എബിന്‍ ജോസ് എന്ന ചെറുപ്പക്കാരന്‍. ഓരോ ചെറിയ യാത്രകളിലും ഹരം കണ്ടെത്തിയ എബിന്റെ ഹൃദയത്തോട് ഏറ്റവും ചേര്‍ന്നു നിന്നതും ഈ യാത്രകളോടുള്ള പ്രണയമായിരിക്കാം. ഒരുപക്ഷേ, അതായിരിക്കാം 16 വര്‍ഷം നീണ്ടു നിന്ന ആഫ്രിക്കയിലെ ജീവിതത്തിന് എന്നേന്നേക്കുമായി വിരാമമിടാനുള്ള സ്വന്തം തീരുമാനത്തെ വളരെയധികം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ ഇദ്ദേഹത്തിന് സാധ്യമായതും.
കോട്ടയംകാരനായ എബിന്‍ ജോസ് തന്റെ ഇഷ്ടമേഖലയായ യാത്രകളിലേക്ക്‌് പൂര്‍ണ്ണമായും കടന്നു ചെന്നിട്ട് കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ വളരെ ചെറുപ്പത്തില്‍ അച്ഛന്റെ വിരലില്‍ തൂങ്ങി നടപ്പു തുടങ്ങിയ കാലം മുതല്‍ തന്നെ യാത്രകള്‍ എന്നത് കൗതുകമായി മനസില്‍ കുടിയേറിയതാണ്. അതുകൊണ്ട് തന്നെയാവാം 17 വര്‍ഷങ്ങള്‍ കൊണ്ട് 19 രാജ്യങ്ങളോളം സഞ്ചരിക്കാനും ജീവിതവൈവിധ്യങ്ങളും സാംസ്‌്‌ക്കാരികവൈരുദ്ധ്യങ്ങളും മനസിലാക്കാനും എബിന് കഴിഞ്ഞത്.
തന്റെ ബംഗാളി പ്രണയത്തിന് വേണ്ടി ആദ്യമായി ഇന്ത്യന്‍ അതിര്‍ത്തി താണ്ടിയ എബിന് സൊമാലിയ യാത്ര എന്നത് ആഫ്രിക്കന്‍ യാത്രകളുടെ തുടക്കം മാത്രമായിരുന്നു. കായലും റബ്ബര്‍ത്തോട്ടവുമില്ലാത്ത, ഋതുഭേദങ്ങള്‍ക്കനുസരിച്ച് മുഖം മാറുന്ന, ഹിമാലയന്‍ നാട്- നേപ്പാള്‍, മലയിടുക്കും മരുഭൂമികളും മനോഹരമാക്കുന്ന സൊമാലിയ, മണല്‍പ്പരപ്പിന്റെയും ദ്വീപുകളുടെയും സവിശേഷതകളാല്‍ ആകര്‍ഷമായ മാലിദ്വീപ്, കാടുകളും കാട്ടുമൃഗങ്ങളും നിറഞ്ഞ ഉഗാണ്ട, ഗോത്രവര്‍ഗ്ഗക്കാരുടെയും ചരിത്രസ്‌മാരകങ്ങളുടെയും ഈറ്റില്ലമായ എത്യോപ്യ എന്നീ രാജ്യങ്ങളെല്ലാം എബിന് ഏറെ പ്രിയപ്പെട്ടതാണ്. മഡഗാസ്‌ക്കര്‍, ഘാന, ടാന്‍സാനിയ, കെനിയ, എറിത്രിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളും സഞ്ചരിച്ച എബിന്റെ യാത്രകള്‍ വെറും കാഴ്‌ച്ചകള്‍ക്കു വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് ഓരോ നാടിന്റെയും പൈതൃകത്തെയും അടിയുറച്ച ജീവിതപാരമ്പര്യത്തെയും അടുത്തറിയാനുള്ള ശ്രമമായിരുന്നു.
യാത്രാനുഭവങ്ങളില്‍ കൗതുകവും സാഹസീകവുമായ ഒട്ടേറെ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാനുണ്ട് എബിന്. ഏതൊരു മലയാളിയെയും പോലെ പട്ടിണിപ്പാവങ്ങളുടെയും കപ്പല്‍ കൊള്ളക്കാരുടെയും നാടാണ് സൊമാലിയ എന്ന ധാരണയുമായി ചെന്നെത്തിയ എബിന് ഏറെ വിസ്‌മയമായത് നമ്മുടെ നാട്ടില്‍ പ്രൈവറ്റ് ബസ്സുകളെന്ന് തോന്നിപ്പിക്കും വിധത്തില്‍ തിക്കും തിരക്കുമായി ജീവനുള്ള കോഴികളോടൊപ്പമുള്ള വിമാനയാത്രയുമാണ്. കൂടാതെ ഭാര്യയെയും മൂന്ന് മാസം പ്രായമായ മകളെയും കൂട്ടി എത്യോപ്യയിലെ ടൊസ്സ പര്‍വ്വതം അതിസാഹസീകമായി കീഴടക്കിയതും ഉഗാണ്ടയിലെ മര്‍ച്ചിസണ്‍ ഫാള്‍സ് നാഷണല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ ആനകള്‍ക്കൊപ്പം നടന്നതുമെല്ലാം ത്രസിപ്പിക്കുന്ന യാത്രാനുഭവങ്ങളാണ്.
വിദേശരാജ്യങ്ങളില്‍ യാത്രയാരംഭിച്ച് സ്വന്തം നാടിന്റെ അന്തസത്ത തേടിയെത്തി എന്നതാണ് എബിനെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു വസ്‌തുത. ലോകരാജ്യങ്ങളിലൂടെ സഞ്ചരിച്ച എബിന്‍ ഇന്നെത്തി നില്‍ക്കുന്നത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ അടിവേരുകള്‍ തേടി ഗോത്രോത്സവങ്ങളുടെ നഗരമായ നാഗാലാന്റിലെ ഹോണ്‍ബില്‍ ഫെസ്റ്റിവെല്ലിലാണ്. അധികമൊന്നും കേട്ടുകേള്‍വിയില്ലാത്ത ആഘോഷമായി മാറുമ്പോളും ഗോത്രതാളത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്തായ വേദിയാണ് ഹോബില്‍ ഫെസ്റ്റിവെല്‍ എന്നാണ് എബിന്റെ അഭിപ്രായം.
16 ഓളം ഗോത്രങ്ങളും അവരുടെ കലാ-കായിക-ഭക്ഷണവൈവിധ്യങ്ങളും ഇടകലര്‍ത്തി കരകൗശലവസ്‌തുക്കളുടെയും കല്ലുമാലകളുടെയും പ്രദര്‍ശനവും വില്‍പ്പനയുമാണ് ഹോണ്‍ബില്‍ ഫെസ്റ്റിവെല്ലിന്റെ മുഖ്യാകകര്‍ഷണം. ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ സമൃദ്ധിയും പാരമ്പര്യവും യാത്രാപ്രേമികളിലേക്ക് എത്തിക്കാന്‍ #OutOnRoads4Hornbill എന്ന പേരില്‍ യാത്രാവിവരണ പരിപാടിയും ഒരു ഡോക്യുമെന്ററിയും നടപ്പാക്കാനാണ് എബിന്‍ ലക്ഷ്യമിടുന്നത്.
യാത്രകള്‍ക്ക് പുറമെ എബിന്‍ ജോസ് മികച്ച എഴുത്തുകാരനും ട്രാവല്‍ ബ്ലോഗറുമാണ്. യാത്രനുഭവങ്ങളെ ആസ്‌പദമാക്കി അഫ്‌ളിക്ഷന്‍സ് ഓഫ് ലവ് എന്ന നോവലും ഓര്‍ഡിയല്‍, ഹോറോസ്‌കോപ് എന്നീ ചെറുകഥാ സമാഹാരവും ഇതിനകം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഇ.ജെ എന്ന തൂലികാനാമത്തില്‍ തന്റെ സൊമാലിയന്‍ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കി \’സൊമാലി ഡെയ്‌സ്\’ എന്ന നോവലിന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് ഇന്നദ്ദേഹം. തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കാനും പുത്തന്‍ യാത്രാപ്രേമികള്‍ക്ക് പ്രചോദനം നല്‍കി യാത്രകളെ പ്രോത്സാഹിപ്പിക്കാനുമായി ജോണ്ട് മങ്കി എന്ന പേരില്‍ യൂട്യൂബ് ചാനലും എബിന് സ്വന്തമായുണ്ട്.
യാത്രകള്‍ക്കെന്നും മികച്ച പിന്തുണയുമായി നില്‍ക്കുന്ന തന്റെ ഭാര്യയും മക്കള്‍ക്കുമൊപ്പം ലോകത്തിന്റെ ഓരോ കോണിലും ചെന്നെത്തണമെന്നതാണ് എബിന്റെ ആഗ്രഹം. അനുഭവങ്ങളാണ് മികച്ച അധ്യാപകനെങ്കില്‍ യാത്രകളാണ് ഏറ്റവും വലിയ ഗുരുക്കന്മാരെന്നാണ് അദ്ദേഹത്തിന്റെ കാഴ്‌ച്ചപ്പാട്.
സൂരജ് ജെയ് മേനോൻ