മലയാളം ഇ മാഗസിൻ.കോം

വാർത്തകളിൽ ഇടം നേടിയ ദുർഗ്ഗ എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റ് ആരെന്നറിയാമോ?

എൺപതുകളിലും തൊണ്ണൂറുകളിലും സഹോദരിമാരും അഭിനേത്രികളുമായ അമ്പികയും രാധികയും അഭിനയിച്ചിരുന്ന തമിഴ് ചിത്രങ്ങളിൽ രണ്ടു പേരുടേയും ശബ്ദം ഒന്നു തന്നെ ആയിരുന്നു. അന്ന് ആർക്കും അറിയില്ലായിരുന്നു ആ മനോഹര ശബ്ദത്തിന്റെ ഉടമ ഡബ്ബിംഗ് ആർട്ടിസ്റ്റായ ദുർഗ സുന്ദരരാജന്റേതാണെന്ന്. വർഷങ്ങളോളം തമിഴ്‌ ചലച്ചിത്ര വേദിയിൽ നിറഞ്ഞ്‌ നിന്ന ശബ്ദമായിരുന്നു അവരുടേത്‌. എന്നാൽ ഇപ്പോൾ കേരളത്തിലും അവർ സംസാര വിഷയമായിരിക്കുന്നു. അതിന് കാരണം കഴിഞ്ഞ ദിവസം സംവിധായകൻ ഫാസിൽ നടത്തിയ ഒരു വെളിപ്പെടുത്തലാണ്. മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ്‌ ചിത്രം മണിച്ചിത്രത്താഴിൽ ശോഭന അവതരിപ്പിച്ച \’നാഗവല്ലി\’ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത്‌ ദുർഗ്ഗയാണെന്ന് ഫാസിൽ പറഞ്ഞിരുന്നു.

മലയാള ചലച്ചിത്ര ലോകത്തെ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു \’മണിച്ചിത്രത്താഴ്‌\’. ചിത്രത്തിൽ \’ഗംഗയേയും നാഗവല്ലി\’യേയും തികച്ചും വ്യത്യസ്ഥവും മനോഹരവുമാക്കിയ ശോഭനയ്ക്ക്‌ ആ വർഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിക്കൊടുത്തിരുനു.

തമിഴിലെ പ്രശസ്ത നടനും സംവിധായകനുമായ സുന്ദർരാജിന്റെ ഭാര്യയാണ് ദുർഗ്ഗ. നാഗവല്ലിയുടെ ശബ്ദത്തിന്റെ ക്രെഡിറ്റും ഭാഗ്യലക്ഷ്മിയ്ക്ക്‌ ലഭിച്ചപ്പോൾ ദുർഗ്ഗ വിസ്മൃതിയിൽ ആണ്ടു. എന്നാൽ 91.9 മാംഗോ എഫ്‌ എമ്മിലെ ഒരു ഇന്റർവ്യൂവിൽ പങ്കെടുത്ത്‌ സംസാരിക്കവേ ശോഭനയ്ക്ക്‌ ദേശീയ അവാർഡ്‌ ലഭിച്ചപ്പോൾ പോലും ആരും തന്നെ ഈ വിവരം അറിയിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞിരുന്നു. 23 വർഷങ്ങൾക്ക്‌ ശേഷം എങ്കിലും സത്യം പുറത്ത്‌ വന്നതിൽ ആ അനുഗ്രഹീത കലാകാരി സന്തോഷിയ്ക്കുന്നുണ്ടാകും.

Avatar

Gayathri Devi

Gayathri Devi | Executive Editor