മലയാളം ഇ മാഗസിൻ.കോം

മലയാളി മാസാണ്‌, ഗൾഫിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മലയാളി ഏറ്റവും കൂടുതൽ വാങ്ങുന്നതെന്ത്‌? കണക്ക്‌ പുറത്ത്‌, ഒപ്പം മറ്റൊരു കാര്യവും

ആഗോള നാണയ വിപണിയില്‍ മൂല്യം തകരുന്നുവെങ്കിലും ദുബായ് വിമാനത്താവളത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ഇനി ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി. ജൂലൈ ഒന്ന് മുതല്‍ ഈ വിനിമയ സംവിധാനം നിലവില്‍ വന്നു. ദുബായ് വിമാനത്താവളത്തിലെ ഒന്നും രണ്ടും മൂന്നും ടെര്‍മിനലുകളിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ നിന്നായിരിക്കും രൂപ നല്‍കി സാധനങ്ങള്‍ വാങ്ങാന്‍ കഴിയുക.

യുഎസ് ഡോളര്‍, യൂറോ, യുകെ പൗണ്ട് എന്നിവ നല്‍കി മാത്രമേ ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. ഇനി ട്രാവലേഴ്‌സ് ചെക്കിനും ക്രെഡിറ്റ് കാര്‍ഡിനും പുറമേ ഇന്ത്യന്‍ രൂപ നല്‍കിയും സാധനങ്ങള്‍ വാങ്ങാം. മറ്റു 16 വിദേശരാജ്യങ്ങള്‍ക്കുള്ള കറന്‍സികള്‍ക്കും ഈ സംവിധാനത്തില്‍ സാധനങ്ങള്‍ വാങ്ങാം. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികള്‍, ഹോംഗ്‌കോങ്, ആസ്‌ട്രേലിയന്‍, കനേഡിയന്‍ ഡോളര്‍, ചൈനീസ് യുവാന്‍, സ്വിസ്ഫ്രാങ്ക് എന്നിവ ഉപയോഗിച്ചും സാധനങ്ങള്‍ വാങ്ങാം.

\"\"

യുഎഇ കറന്‍സിയായ ദിര്‍ഹത്തിന്റെ മൂല്യവും മറ്റു കറന്‍സികളുടെ മൂല്യവും തമ്മിലുള്ള അനുപാതമനുസരിച്ചാവും വിലനിര്‍ണയം. യുഎഇ അരനൂറ്റാണ്ടോളം മുമ്പ് ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ് ആയിരുന്നപ്പോള്‍ ഇന്ത്യന്‍ രൂപ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നു. യുഎഇ രൂപീകരണത്തിനു ശേഷമാണ് രൂപ ക്രമേണ പിന്‍വാങ്ങിയത്. ദുബായ് ഡ്യൂട്ടിഫ്രീഷോപ്പുകള്‍ വഴി കഴിഞ്ഞ വര്‍ഷം 14,000 കോടി രൂപയുടെ സാധനങ്ങളാണ് വിറ്റഴിക്കപ്പെട്ടിരുന്നത്, ഇതില്‍ 18 ശതമാനവും വാങ്ങിയത് നാട്ടിലേയ്ക്കു പോകുന്ന ഇന്ത്യന്‍ പ്രവാസികളാണെന്നാണ് കണക്ക്.

ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേയ്ക്കു പോകുമ്പോള്‍ ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നിന്നു വാങ്ങുന്നതില്‍ 70 ശതമാനത്തിലേറെയും മദ്യമാണ്. മലയാളികള്‍ വാങ്ങുന്ന സാധനങ്ങളില്‍ 90 ശതമാനത്തോളം മുന്തിയഇനം സ്‌കോച്ചടക്കമുള്ള മദ്യങ്ങളാണെന്ന കണക്കുകളും നേരത്തേ പുറത്തു വന്നിരുന്നു. ഒരു കുപ്പിയെങ്കിലുമില്ലാതെ എന്തു നാടുകാണല്‍ എന്ന മനോഭാവമാണ് അവധിക്കു പോകുന്ന മിക്ക മലയാളികള്‍ക്കുമെന്ന മനോഭാവമാണ് ഈ കണക്കുകള്‍ കാട്ടുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

\"\"

അതേസമയം ദുബായ് ഡ്യൂട്ടിഫ്രീയില്‍ നിന്നും ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി കോടീശ്വരന്മാരായ പ്രവാസികളില്‍ മഹാ ഭൂരിപക്ഷവും മലയാളികളെന്നത് മറ്റൊരു കൗതുകം. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പെടുത്തോ എന്ന് ആരെങ്കിലും ദുബായിൽ ചോദിച്ചു കഴിഞ്ഞാൽ, അതൊക്കെ മലയാളികൾ അടിച്ചെടുക്കകയല്ലേ എന്ന് ഏത് അറബിയ്‌ക്കും ഇപ്പോൾ പറയേണ്ടി വരും എന്ന അവസ്ഥയാണ്‌ ഉള്ളത്‌. കാര്യം തമാശയാണെങ്കിലും കുറച്ചു നാളുകളായി അങ്ങനെയാണ്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് അടിക്കുന്നതിൽ ഭൂരിഭാഗവും നമ്മൾ മലയാളികൾക്കാണ്.

ഇത്തവണയും മാറ്റമൊന്നുമില്ല. പെരുന്നാൾ സമ്മാനമായി 7 കോടി രൂപ അടിച്ചിരിക്കുന്നത് കോട്ടയം സ്വദേശിക്കാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം ബംപര്‍ സമ്മാനം ലഭിച്ചത് മുഹമ്മദ് അസ്ലം അരയിലകത്ത് എന്ന പ്രവാസിക്കായിരുന്നു. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് ആരംഭിക്കുന്നത് 1999 ലാണ്. നൂറിലധികം ഇന്ത്യക്കാര്‍ക്ക് ഇതിനോടകം ബംപര്‍ സമ്മാനമായ പത്തുലക്ഷം ഡോളര്‍ ഡ്യൂട്ടി ഫ്രീ സമ്മാനമായി ലഭിച്ചിട്ടുണ്ട്.

കടപ്പാട്‌: ജനയുഗം

Avatar

Staff Reporter