19
November, 2017
Sunday
08:04 PM
banner
banner
banner

രതിമൂർച്ചയെക്കുറിച്ചും സെക്സിലെ സുഖക്കുറവിനെക്കുറിച്ചുമുള്ള ആശങ്കകൾ അകറ്റുക

സെക്സ് എല്ലായ്പ്പോഴും രതിമൂർച്ഛയിൽ എത്തണമെന്നില്ല. അതുകൊണ്ടുതന്നെ എല്ലാ ബന്ധപ്പെടലുകളും ആഹ്ലാദകരമാകണമെന്നുമില്ല. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ജേണൽ നടത്തിയ ഒരു സർവേയിൽ കണ്ടെത്തിയത് ലോകത്തിലെ 43 ശതമാനം സ്ത്രീകളും ജീവിതത്തിൽ ഒരിക്കൽ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ലാത്തവരാണെന്നാണ്.

ശാരീരികവും മാനസികവുമായ കാരണങ്ങളാണ് രതിമൂർച്ഛയെ തടയുന്നത്. യോനിയിലെ മസിലുകൾക്കുണ്ടാകുന്ന കുഴപ്പം മുതൽ ഏത് തരത്തിലുള്ള ഗുരുതരരോഗങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും ലൈംഗിക താൽപ്പര്യം കുറയ്ക്കുകയും രതിമൂർച്ഛയെ തടയുകയും ചെയ്യാം. ശരീരത്തിലെ ഹോർമോൺ നിലയിലെ തുലനമില്ലായ്മയാണ് സ്ത്രീകളുടെ രതിമൂർച്ഛയെ തടയുന്ന മറ്റൊരു പ്രധാന വില്ലൻ.

പരസ്പരം ഇണക്കമില്ലാത്ത ദമ്പതികൾ തമ്മിലുള്ള ലൈംഗികബന്ധത്തിൽ രതിമൂർച്ഛയ്ക്ക് നേരിയ സാധ്യത പോലുമില്ലെന്നതാണ് മറ്റൊരു യാഥാർഥ്യം. രാത്രി കിടപ്പറയിൽ സ്വന്തം സുഖം മാത്രം തേടി വരുന്ന പങ്കാളി പല സ്ത്രീകൾക്കും സ്വന്തം ശരീരത്തിൽ പറ്റുന്ന അഴുക്ക് മാത്രമായി അനുഭവപ്പെടുന്നു. അതേ സമയം രതിമൂർച്ഛ കിട്ടാതെ പോകുന്ന സ്ത്രീകളിൽ അധികവും പുരുഷന്റെ സുഖത്തെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടുന്നതിനാൽ ആ ടെൻഷനിൽ രതിമൂർച്ഛ കിട്ടാതെ പോകുന്നവരാണ്. മറ്റൊരു വിഭാഗമാകട്ടെ രതിമൂർച്ഛ ഉണ്ടായിട്ടും അത് എന്താണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലാത്തവരും. കാരണം കണ്ടെത്തിവേണം ചികിത്സ തേടാൻ.

രതിമൂർച്ഛ ഇല്ലാതെ പോകുന്ന സ്ത്രീകളിൽ ഏറിയ പക്ഷത്തിന്റേയും ഏറ്റവും വലിയ ആശങ്ക ഇത് ഗർഭധാരണത്തെ ബാധിക്കുമോ എന്നതാണ്. എന്നാൽ രതിമൂർച്ഛയ്ക്ക് സന്താനഉൽപ്പാദനവുമായി നേരിട്ടുള്ള ഒരു ബന്ധവും ഇല്ലെന്നാണ് ഗവേഷണഫലങ്ങൾ പറയുന്നത്. ലൈംഗികശാസ്ത്രജ്ഞയായ ഏലിസബത്ത് ലയോഡ് പുരുഷന്റെ മുലഞെട്ട് പോലെ പരിണാമ പ്രക്രിയയിലെ പ്രകൃതിയുടെ ഒരു കൈത്തെറ്റായാണ് സ്ത്രീകളുടെ രതിമൂർച്ഛയെ കാണുന്നത്. ഒരിക്കൽ പോലും രതിമൂർച്ഛ അനുഭവിച്ചിട്ടില്ലെങ്കിലും പലതവണ പ്രസവിച്ചിട്ടുള്ള സ്ത്രീകൾ തന്നെ ഇതിന് മികച്ച തെളിവ്. അതേസമയം അണ്ഡോത്പാദനത്തിന്റെ സമയത്താണ് സ്ത്രീകൾക്ക് ഏറ്റവും എളുപ്പത്തിലുള്ളതും സുഖകരവുമായ രതിമൂർച്ഛാനുഭവം ലഭിക്കുന്നതെന്നും ഗവേഷകർ വിശദീകരിക്കുന്നുണ്ട്.

ശരീരത്തിന്റെ ആനന്ദത്തിലൂടെ യഥാർഥത്തിൽ മനുഷ്യൻ മനസിന്റെ തൃപ്തിയാണ് തേടുന്നത് എന്ന് പറയാം. അതുകൊണ്ടുതന്നെ മനസ് തയാറല്ലെങ്കിൽ രതിമൂർച്ഛ ഉണ്ടാകില്ലെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. സെക്സും മനസും തമ്മിലുള്ള ബന്ധം പരിശോധിക്കുമ്പോൾ ശരീരം ലൈംഗികസുഖം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണം മാത്രമാണെന്ന് മനസിലാകും. അതായത് ശരീരത്തിലൂടെ ആഗ്രഹത്തിന് അനുസരിച്ച് മനസ് സഞ്ചരിക്കുമ്പോഴാണ് ലൈംഗികാവയവങ്ങളിൽ നനവും യഥാർഥ ഉത്തേജനവും ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ പങ്കാളിയുടെ ശരീരത്തിലൂടെ മനസിലേക്കു പ്രവേശിക്കുകയാണ് സെക്സിൽ ചെയ്യേണ്ടത്. ആഗ്രഹങ്ങൾ തുറന്നു പറയുക, മടിക്കാതെ ചോദിച്ച് വാങ്ങുക.

സെക്സ് എന്നാൽ ഗുരുതരമായ കുറ്റകൃത്യമാണ്, പാപമാണ് എന്നൊക്കെയുള്ള ചിന്തകൾ മനസിൽ കയറിപ്പറ്റിയിട്ടുള്ള സ്ത്രീകൾക്ക് രതിമൂർച്ഛയിലെത്തുക പüലപ്പോഴും സാധ്യമാകില്ല. അതുപോലെ തന്നെ കുട്ടിക്കാലത്ത് ലൈംഗികപീഡനത്തിന് ഇരയായിട്ടുള്ളവർക്കും മാതാപിതാക്കളുടേയോ ബന്ധുക്കളുടേയോ അയൽക്കാരുടേയോ ലൈംഗികവേഴ്ച കണ്ട് ഭയന്ന് പോയിട്ടുള്ളവർക്കും ചിലപ്പോൾ രതിമൂർച്ഛ കിട്ടാതെ പോകുന്നു.

RELATED ARTICLES  തന്റെ ലൈംഗീക ശേഷിയെക്കുറിച്ച്‌ സുഹൃത്തുക്കളുടെ മുന്നിൽ വിവരിക്കുന്ന പുരുഷന്മാരുടെ യഥാർത്ഥ മുഖം!

മനസിന്റെ വിചിത്രമായ താൽപ്പര്യങ്ങൾക്കും രതിമൂർച്ഛയുടെ മേൽ നിർണായകമായ സ്വാധീനമുണ്ട്. പങ്കാളിയുടെ സംതൃപ്തിയിലൂടെ സ്വന്തം സുഖം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് ലൈംഗികബന്ധം ആഹ്ലാദകരമാകുക. മനസിനെ ‘ബൈപാസ് ചെയ്തുകൊണ്ട് രതിമൂർച്ഛയിലേക്ക് കുറുക്കുവഴികളില്ലെന്നത് ഓർക്കുക. അതുപോലെ തന്നെ ഓരോരുത്തരുടേയും രതിമൂർച്ഛ നിശ്ചയിക്കുന്നത് അവരവരുടെ മനസുകൂടിയാണ് എന്നതിനാൽ പങ്കാളിയുടെ ശേഷിയെ ആശ്രയിച്ചോ ശേഷിയില്ലായ്മയിൽ പരിതപിച്ചോ ഇരിക്കുകയല്ല അവരവരുടെ ആനന്ദം സ്വയം കണ്ടെത്തുകയാണ് വേണ്ടത്.

കടപ്പാട് (മനോരമ) ഡോ. കെ. പ്രമോദ് സെക്സ് തെറപ്പിസ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ, മാരിറ്റൽ ഹെൽത്ത്, കൊച്ചി.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments