മലയാളം ഇ മാഗസിൻ.കോം

നിങ്ങളുടെ കുട്ടികളോട്‌ ഒരിക്കലും പറയാൻ പാടില്ലാത്ത 7 പ്രധാന കാര്യങ്ങൾ

വാവിട്ടവാക്കും കൈവിട്ട ആയുധവും ഒരിക്കലും തിരിച്ചു പിടിക്കാൻ കഴിയില്ല എന്നത് ഏവർക്കും അറിയാവുന്ന ഒരു പഴഞ്ചൊല്ലാണ്. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ അത് പല നല്ല ബന്ധങ്ങളെയും തകർക്കും എന്നത് വ്യക്തമാണ്. കോപിച്ചിരിക്കുമ്പോഴുള്ള മാനസീകാവസ്ഥ വളരെ സൂക്ഷിക്കേണ്ടതാണ്, ആ സമയത്ത് നമ്മുടെ നാവിൽ നിന്നും പുറത്ത് വരുന്ന വാക്കുകൾ മറ്റുള്ളവരെ വല്ലാതെ വേദനിപ്പിച്ചേക്കാം, മാനസീകമായി തകർത്തേക്കാം, വാക്കുകൾക്ക് വാളിനേക്കൾ മൂർച്ചയാണ്, അത് ഏല്പിക്കുന്ന മുറിവ് ജീവിതകാലം മുഴുവൻ ചിലരുടെ മനസ്സിൽ ഉണങ്ങാതെ നിൽക്കും. പ്രത്യേകിച്ച് കുട്ടികളോട് ദേഷ്യപ്പെടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്യുമ്പോൾ അവരുടെ ആത്മവിശ്വാസവും ആത്മധൈര്യവും മാത്രമല്ല നിങ്ങൾ കുറയ്ക്കുന്നത്, മറിച്ച് മറ്റുള്ളവരോട് അവർ അങ്ങനെ പെരുമാറണമെന്ന് നിങ്ങൾ പഠിപ്പിച്ചു കൊടുക്കുക കൂടിയാണെന്ന് ഓർക്കണം. അത്തരത്തിൽ കുട്ടികളോട് ഒരിക്കലും പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഉണ്ട്, അവ എന്തൊക്കെയാണെന്ന് നോക്കം.

1. നിന്റെ പ്രശ്നം എന്താ?:
ഇങ്ങനെയുള്ള ചോദ്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് നിങ്ങളിൽ നിന്ന് കേൾക്കുമ്പോൾ കുട്ടിയിൽ സ്വയം ഒരു കുറ്റബോധം വളരും. നിങ്ങൾക്ക് ആ കുഞ്ഞിനെക്കാളും നന്നായി കാര്യങ്ങൾ ചെയ്യാൻ കഴിയും എന്ന് സമർത്ഥിക്കാനാണോ ഇത്തരം ചേദ്യങ്ങളിലൂടെ നിങ്ങൾ ശ്രമിക്കുന്നത്? എല്ലാവർക്കും തെറ്റ് പറ്റാം, തെറ്റായ പ്രവർത്തികൾ ചെയ്യാം, പക്ഷേ അതിന്റെ പേരിൽ ആ കുട്ടി ഒന്നിനും കൊള്ളരുതാത്തവൻ ആകുന്നില്ല. നിങ്ങളോട് ആരെങ്കിലും ഇങ്ങനെ പ്രതികരിച്ചാൽ എന്തായിരിക്കും നിങ്ങൾക്ക് ഫീൽ ചെയ്യുക എന്ന് ചിന്തിച്ചു നോക്കുക.

2. കാരണം നിങ്ങൾ അങ്ങനെയാണ് പറഞ്ഞത്:
നിങ്ങളുടെ കുട്ടിയോട് എന്തെങ്കിലും ചെയ്യാൻ പറയുമ്പോൾ, ‘പറഞ്ഞത് കൊണ്ട് ചെയ്യുന്നു’ എന്ന രീതിയിൽ അത് ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കരുത്. എല്ലാത്തിനും ഒരു കാരണം ഉണ്ടാകും, എന്തുകൊണ്ടാണ് ആ ജോലി ചെയ്യാൻ പറഞ്ഞത് എന്ന് കുട്ടിയ്ക്ക് വ്യക്തമാക്കി കൊടുക്കുക. നിങ്ങൾക്ക് ക്ഷമയുണ്ടെങ്കിൽ കുറച്ച് സമയം കൂടുതൽ എടുത്ത് കുട്ടിയ്ക്ക് കാര്യങ്ങൾ വ്യക്തമാക്കി കൊടുക്കുക, കാരണം നിങ്ങളുടെ മുന്നിൽ വച്ച് ആ ജോലി ചെയ്യാൻ അവൻ താത്പര്യ്ം കാണിക്കുകയും നിങ്ങൾ കാണാതിരിക്കുമ്പോൾ അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കാനും സാധ്യതകൾ ഉണ്ട്. ‘ഞാൻ എന്തിന് ഇത് ചെയ്യണം’ എന്നൊരു ചോദ്യം കുട്ടി ചോദിച്ചാൽ, ‘ഞാൻ പറഞ്ഞത് കൊണ്ട്’ എന്ന് പറയാതെ ആ ജോലി ചെയ്യാൻ പറഞ്ഞതിന്റെ കാരണങ്ങൾ കുട്ടിക്ക് നന്നായി മനസ്സിലാക്കി കൊടുക്കണം എന്ന് ചുരുക്കം.

3. നിനക്ക് എന്താ അവനെ പോലെ ആയാൽ?:
നാം എല്ലാവരും അവരവരുടേതായ ശക്തിയും അശക്തിയും ഉൾക്കൊള്ളുന്ന ഓരോ വ്യക്തികളാണ്. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ മറ്റൊരു കുട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ഇല്ലാതാക്കുന്നത്, തനിക്കും തന്റെ സഹോദരങ്ങളെ പോലെ തന്നെ പ്രാധാന്യം ഉണ്ട് എന്ന കുട്ടിയുടെ ചിന്തയെയാണ്. ഇത് ചിലപ്പോൾ അവന്റെ മനസ്സിൽ സഹോദരങ്ങളോടോ മറ്റ് കുട്ടികളോടൊ വെറുപ്പും ദേഷ്യവും വളരാൻ കാരണമാകും. കുട്ടികളെ അവരവരുടെ കഴിവുകളുടെ അടിസ്ഥാനത്തിൽ വിമർശിക്കുകയല്ല അഭിനന്ദിക്കുകയാണ് വേണ്ടത്.

4. ഇത്ര എളുപ്പമായിരുന്നിട്ടും നിനക്ക് എന്താ ഇത് ചെയ്യാൻ കഴിയാത്തത്?:
ഓരോ കുട്ടിയ്ക്കും പഠിക്കുന്ന രീതിയിലും ചെയ്യുന്ന പ്രവൃത്തിയിലും വ്യത്യാസങ്ങൾ ഉണ്ട്. ഒരുകുട്ടി കാര്യങ്ങൾ കണ്ട് മനസ്സിലാക്കുമ്പോൾ മറ്റൊരു കുട്ടിയ്ക്ക് അത് കേട്ടാലാകും കൂടുതൽ നന്നായി മനസ്സിലാകുക. മറ്റൊരു കുട്ടിയ്ക്ക് പ്രവൃത്തി പരിചയത്തിലൂടെ മാത്രമേ അത് പഠിക്കാൻ കഴിയു എന്നും വരാം. ഒരു കുടുംബത്തിലെ കുട്ടികളിൽ തന്നെ ഈ വ്യത്യാസങ്ങൾ നമുക്ക് കാണാൻ കഴിയും. നിങ്ങലുടെ കുട്ടിക്ക് Dyslexia (വായിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ട്) എന്ന അസുഖം ബാധിച്ചിട്ടുണ്ടോ എന്നും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ചിന്തിക്കുന്ന രീതിയിൽ നിങ്ങളുടെ കുട്ടിയ്യ്ക്ക് കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ചെയ്യാനും കഴിയുന്നില്ലെങ്കിൽ അവനെ ഒന്നിനും കൊള്ളരുതാത്തവൻ എന്ന് വിലയിരുത്തുന്നതിനു പകരം അവന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും പ്രചോദനവും നൽകണം. അല്പം ക്ഷമയുണ്ടെങ്കിൽ ഒരുപാട് നല്ലകാര്യങ്ങൾ നേടിയെടുക്കാം.

5. അച്ഛൻ അല്ലെങ്കിൽ അമ്മ തെറ്റ് ചെയ്താലും, വലിയവർക്ക് അതൊക്കെ പറ്റും:
നിങ്ങൾ തെറ്റ് ചെയ്യുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് തെറ്റ് പറ്റുന്നത് നിങ്ങളൂടെ കുഞ്ഞുങ്ങൾ കാണുന്നുണ്ട്, കാരണം അവർ എപ്പോഴും നിങ്ങൾക്കൊപ്പം ആണ് ഉള്ളത്. അതുകൊണ്ട് കുട്ടികൾക്ക് മുന്നിൽ നിങ്ങളുടെ തെറ്റുകളെ തെറ്റായി തന്നെ സമ്മതിച്ച് ക്ഷമ ചോദിക്കാൻ ശീലിക്കുക, എന്നാൽ നിങ്ങളുടെ കുട്ടികളും മുന്നോട്ടു ജീവിതത്തിൽ ഇത്തരം സന്ദർഭങ്ങളെ എങ്ങനെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണം എന്ന് പഠിക്കും. മറിച്ച് തെറ്റ് പറ്റിയാലും അത് സ്വഭാവികം എന്ന രീതിയിൽ കുട്ടികളുടെ മുന്നിൽ പെരുമാറിയാൽ ഭാവിയിൽ കുട്ടികളും അത് അനുകരിക്കും. അവർ ഏതെങ്കിലും ടീം ലീഡറോ, അല്ലെങ്കിൽ ബിസ്സിനസ്സ് ഹെഡോ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങളിലോ ജോലി നോക്കുമ്പോൾ ഇത്തർത്തിലുള്ള സ്വഭാവം പ്രകടിപ്പിച്ചാൽ ചിലപ്പോൾ മറ്റുള്ളവർ അവരോട് മോശമായി പ്രതികരിക്കാൻ സാധ്യതകൾ ഉണ്ടാകും.

6. എല്ലാവരും പാലത്തിന്റെ മുകളിൽ നിന്ന് ചാടിയാൽ നീയും ചാടുമോ?
കുട്ടിയോടുള്ള ഈ ചോദ്യം തികച്ചും അബദ്ധമാണ്. നിങ്ങളുടെ കുട്ടി തെറ്റായ എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ട് ‘പക്ഷേ അവരെല്ലം ചെയ്യുന്നല്ലോ’ എന്നൊരു ഒഴിവുകിഴിവ് പറഞ്ഞാൽ ഇത്തരത്തിൽ പ്രതികരിക്കരുത്. മറിച്ച് സമയമെടുത്ത് ആ പ്രവൃത്തി കുട്ടികൾ ചെയ്യാൻ പാടില്ലാത്തതാണെന്ന് പറയാൻ കാരണമെന്തെന്നും, അതിന്റെ പിന്നിലെ അപ്രായോഗികതയും, അപകടവും കുട്ടിയെ പറഞ്ഞ് മനസ്സിലാക്കിക്കുക. എല്ലാ കുട്ടികളിലും ഇഷ്ടമുള്ളവയെ അനുകരികരിക്കനുള്ള താത്പര്യം ഉണ്ടാകും, അതിനെ കുറിച്ച് അവർക്ക് പറയാനുള്ളത് എന്താണ് എന്നു കൂടി കേട്ടാൽ ചിലപ്പോൾ നിങ്ങൾക്ക് അവന്റെ പ്രവൃത്തിയോട് യോജിക്കാൻ കഴിഞ്ഞെങ്കിലോ? എപ്പോഴും കുട്ടികളെ മനസ്സിലാക്കാൻ ക്ഷമ കാണിക്കു, അവരും നിങ്ങളെ മനസ്സിലാക്കും.

7. നിന്റെ അച്ഛൻ ഒന്നിങ്ങു വന്നോട്ടെ..:
ഇത്തരത്തിലുള്ള ഭീഷണികൾ കൊണ്ട് ഒരു കാര്യവുമില്ല, വെറുതെ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ടെൻഷൻ കൂട്ടാം എന്നു മാത്രം. ഒരു ദിവസം മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ച് വീട്ടിൽ എത്തുന്ന ഭർത്താവിന് ചിലപ്പോൾ ഇത്തരം നിസ്സാര പ്രശ്നങ്ങളിൽ ഒരു താത്പര്യവും കാണില്ല, അത് ചിലപ്പോൾ നിങ്ങൾക്കിടയിൽ ഉരസലുകൾക്ക് കാരണമാകും. നിഷ്കളങ്കരായ കുട്ടികൾ എല്ലാം പെട്ടെന്ന് പെട്ടെന്ന് മറക്കും, വൈകുന്നേരം ആകുമ്പോൾ എന്തിനാണ് തന്നെ അച്ഛൻ വഴക്കു പറഞ്ഞത് എന്നു പോലും തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് കുട്ടികൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതിനെ അപ്പോൾ തന്നെ തിരുത്തുക. അപ്പോൾ കുട്ടികൾക്ക് അവരുടെ അച്ഛനോട് ഉള്ളതു പോലെ നിങ്ങളോടും അതായത് അമ്മയോടും ഒരു ബഹുമാനം ഒക്കെ ഉണ്ടാകും. അവരുടെ മുന്നിൽ അമ്മ തന്റെ ഉത്തരവാദിത്വങ്ങൾ പോലും അച്ഛന്റെ തലയിൽ വയ്ക്കുന്ന ഒരാൾ ആണെന്ന് കുട്ടികൾക്ക് തോന്നതിരിക്കാൻ ശ്രദ്ധിക്കുക.

കുട്ടികളുടെ വികൃതി അതിര് കടക്കുമ്പോൾ അവരെ വഴക്കു പറയുക സ്വാഭാവികം തന്നെയാണ്. ആ സമയം അവർക്ക് നേരെ ചീറി അടുക്കാതെ സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലക്കാൻ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങൾക്ക് കടിഞ്ഞാൺ ഇടുക, ഓർക്കുക ഒരു അടി കൊടുത്താൽ ആ വേദന അല്പം സമയം കൊണ്ട് മാറും പക്ഷേ ഒരു വാക്കിലൂടെ നൽകുന്ന വേദന അത്ര പെട്ടെന്നൊന്നും മാഞ്ഞ് പോകില്ല. കുട്ടികളും മനുഷ്യർ ആണ് എത്ര ചെറുതാണെങ്കിലും അവരുടെ മനസ്സിന്റെ വേദന ചിലപ്പോൾ നിങ്ങൾക്കുള്ളതിനേക്കാൾ ഇരട്ടിയാകും. ബന്ധങ്ങളെ തളർത്താതെ കൂടുതൽ ഊർജസ്വലമായി വളർത്താൻ ശ്രമിക്കുക, നിങ്ങൾക്കും കുട്ടികൾക്കും ഒപ്പം കുടുംബത്തിന് മൊത്തമായും അത് ഗുണം ചെയ്യും.

Avatar

Staff Reporter