ഗർഭവസ്ഥയിൽ കുഞ്ഞുങ്ങളുടെ തലച്ചോറിലേക്ക് മൈക്രോ പ്ലാസ്റ്റിക് പ്രവേശിക്കുമെന്ന് കണ്ടെത്തൽ. റട്ജേഴ്സ് സർവകലാശാലയിലെ ഗവേഷകരാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഗർഭസ്ഥശിശുവിൻ്റെ ആരോഗ്യത്തിന് ഇത് ദോഷകരമാണെന്നും കുഞ്ഞുങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായും പഠനം തെളിയിക്കുന്നു. സയൻസ് ഓഫ് ദ ടോട്ടല്‍ എൻവയോണ്‍മെൻ്റ് എന്ന ജേണലിലാണ് ഇതേ കുറിച്ച് പരാമർശിക്കുന്നത്.
ഗർഭിണികളായ എലികളിലായിരുന്നു പരീക്ഷണം. എയറോസോലൈസ്ഡ് ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പൊടിയിലേക്ക് ഈ എലികളെ തുറന്നുവിട്ടായിരുന്നു പരീക്ഷണത്തിന്റെ തുടക്കം. ശേഷം കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ ഇതേ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കുഞ്ഞുങ്ങളിലും കാണാനായി. നവജാത എലികളുടെ ശ്വാസകോശങ്ങള്‍, ഹൃദയങ്ങള്‍, കരള്‍, വൃക്കകള്‍, തലച്ചോറ് എന്നിവയിലാണ് കൂടുതലായും പ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം എത്രമാത്രം അപകടകാരമാണ് എന്ന് വീണ്ടും ശാസ്ത്രലോകം വീണ്ടും തെളിയിക്കുകയാണ്.