മലയാളം ഇ മാഗസിൻ.കോം

സ്വന്തം അച്ഛന്റെ കൂട്ടുകാരൻ ഗർഭിണിയാക്കിയ ആ 16 കാരിക്ക്‌ പിന്നീട്‌ സംഭവിച്ചത്‌! ഇങ്ങനെയും ചിലർ നമ്മുടെ സ്വന്തം കേരളത്തിൽ

2015 ഡിസംബർ 12. പതിവുപോലെ രാവിലെ ആശുപത്രിയിലെത്തി. രണ്ടുവർഷം മുൻപ് അവസാനവർഷം ഹൗസ് സർജൻസി ചെയ്യുന്ന കാലം. രാവിലെ 8 മണിക്ക് റൗണ്ട്സ് എടുക്കുമ്പോൾ ലേബർ റൂമിൽ ഓരോരോ ഗർഭിണികൾ കിടക്കുന്നുണ്ട്. ചിലർക്ക് മാസം തികഞ്ഞു, മറ്റുചിലർ ബ്ലീഡിംഗ് ഒക്കെയായി എത്തിയവർ.

പെട്ടെന്നാണ് ഞാൻ ഒരു കുട്ടിയെ ശ്രദ്ധിച്ചത്. ഒരുപക്ഷേ ചെറിയ കുട്ടിയെ പോലെ തോന്നിയത് കൊണ്ടാകും. സർ കുട്ടിയോട് മാസക്കുളി എന്നാണ് അവസാനം ആയതെന്ന് ചോദിച്ചു. 9 മാസം ആയിരിക്കുന്നു. ഡെലിവറി ഡേയിറ്റിന് രണ്ടു ദിവസം മാത്രം ബാക്കി. സർ എന്നോട് ആ കുട്ടിയുടെ കേസ് ഷീറ്റ് വായിക്കാൻ പറഞ്ഞു. പേര്: രാധ (എന്ന് വിളിക്കാം). 18 വയസ്സ്.

പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് രണ്ടാമത്തെ ഗർഭമാണ്. ഒരു നിമിഷം ഞാൻ ഒന്ന് പതറി. അപ്പോ ആദ്യത്തെ ഡെലിവറി? രണ്ട് വർഷം മുൻപായിരുന്നു രാധയുടെ ആദ്യത്തെ ഡെലിവറി. 16 വയസ്സിൽ! വല്ലാത്ത ഒരു മരവിപ്പ് തോന്നി. മനുഷ്യത്വമുള്ള ഓരോ മനസ്സും ഒരു നിമിഷമെങ്കിലും ഒന്നു പിടയും.

സ്കൂളിൽ പഠിക്കുമ്പോൾ അവളുടെ വയറു വീർത്തത് ആരും അങ്ങനെ ശ്രദ്ധിച്ചില്ല. തല കറങ്ങി വീണപ്പോളാണ് അമ്മ അവളേം കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഓടിയത്. ആ അമ്മ തകർന്നു പോയി.

അവൾ 6 മാസം ഗർഭിണിയാണ്. ചോദിച്ചപ്പോൾ അവൾപൊട്ടി കരഞ്ഞു. സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി. ആ കഥ തീപോലെ നാട്ടിലാകെ കത്തിപ്പടർന്നു. പക്ഷേ അവൾക്കുവേണ്ടി ഭൂമിയിൽ ഒരു ദൈവമുണ്ടായിരുന്നു. കല്ലിൽ കൊത്തിയ ശിൽപമല്ല. ജീവനുള്ള ഒരു ഹൃദയം അവൾക്ക് വേണ്ടി തുടിച്ചു.

സുരേഷ് എന്നു വിളിക്കാം ആ ചെറുപ്പകാരനെ. ഒരു ലോറി ഡ്രൈവറായിരുന്നു. അവളുടെ കഥ അറിഞ്ഞ് അവൻ സ്വമേധയാ അവളെ കെട്ടി. ആരോ ചെയ്ത തെറ്റ് പക്ഷേ അവൻ അവളെ നിറഞ്ഞ വയറുമായി തന്നെ താലികെട്ടി.

2 വർഷം കഴിഞ്ഞ് അവൾ ഇപ്പോൾ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിക്കുന്നു. ആദ്യത്തെ കുട്ടിയെ സുരേഷ് സ്വന്തം മകനെ പോലെ ജീവനുതുല്യം സ്നേഹിക്കുന്നു. റൗണ്ട്സ് ഒക്കെ കഴിഞ്ഞ് ആ കഥ പറഞ്ഞു തീർന്നതും രോഗികളുടെ കൂട്ടിരുപ്പുകാരെ വിളിച്ചുവരുത്തി. എന്റെ കണ്ണുകൾ തിരഞ്ഞത് ആ ചെറുപ്പക്കാരനെയായിരുന്നു.

“രാധ യുടെ കൂടെ വന്നവർ വരൂ” എന്ന് സിസ്റ്റർ വിളിച്ചതും ദേ നിൽക്കുന്നു സുരേഷ്. അറിയാതെ മനസ്സുകൊണ്ട് തൊഴുത് പോയി. ഇന്നും ആ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു കത്തുന്നൂ.

ഇന്നവർ എവിടെയാണെന്ന് എനിക്ക് അറിയില്ല. എങ്കിലും ദൈവം അവർക്ക് നല്ലത് മാത്രം വരുതട്ടെ. ഒരു പുരുഷൻ അവളുടെ മാനം നശിപ്പിച്ചപ്പോൾ മറ്റൊരു പുരുഷൻ അവൾക്ക് ദൈവമായി. സുരേഷിനെപ്പോലെയുള്ളവർ അല്ലെ ഭൂമിയിൽ നമ്മൾ തൊഴുതേണ്ട ദൈവങ്ങൾ?

(N.B രാധയും സുരേഷും അവരുടെ മക്കളും എവിടെയോ സന്തോഷത്തോടെ ജീവിച്ചിരിപ്പുണ്ട്. പക്ഷേ പീ- ഡന ത്തിനിരയായി എത്രയോ പെൺകുട്ടികളുടെ ജീവിതം പൊലിഞ്ഞു പോയി. അവരെ ഒരു നിമിഷം ഓർക്കാം)

ഒരു ഡോക്ടറുടെ ഡയറി കുറിപ്പ് | ഡോ. ഷിനു ശ്യാമളൻ

Avatar

Staff Reporter