പുരാവസ്തു ഗവേഷകരെയും ചരിത്ര പ്രവർത്തകരെയും ഒരുപോലെ പിടിച്ചു കുലുക്കിയ ഒരു പുസ്തകമുണ്ട് ലോകത്ത്. അധികമാർക്കും കേട്ടുകേൾവിയുണ്ടാകാൻ സാധ്യതയില്ലാത്ത ‘ദി വോയ്നിഷ് മാനുസ്ക്രിപ്ട്’ എന്ന അത്ഭുതപുസ്തകം. ഭാഷയോ ചിത്രമോ പോലും മനസിലാക്കാൻ കഴിയാത്ത വിധമുള്ള ഒരു കയ്യെഴുത്തു പ്രതി. പോളിഷ് പുസ്തകവില്പനക്കാരനായ വിൽഫ്രഡ് വോട്ടിനിഷാണ് ഈ പുസ്തകം ലോകത്തിനുമുന്നിൽ തുറന്നുകാട്ടിയത്. ദുർബോധ്യമുള്ള ഭാഷയും വിചിത്രമായ ചിത്രങ്ങളും അന്യമായ ഉൽഭവവുമാണ് ശതാബ്ദങ്ങളായി വിദഗ്ധരെ വിസ്മയിപ്പിക്കുന്ന ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
1915 മുതലാണ് ഈ പുസ്തകത്തെ കുറിച്ച് ലോകമറിയുന്നത്. പുരാതനകാലത്തെ പ്രത്യേകതയുള്ള പുസ്തകങ്ങൾ കണ്ടെത്തി വിൽക്കുന്ന വോയ്നിഷ് അത്തരം പുസ്തകങ്ങൾ ശേഖരിക്കുന്നതിനിടയിലാണ് ഈ പുസ്തകത്തെ കുറിച്ചറിയുന്നത്. അങ്ങനെ ഇറ്റലിയിൽ നിന്ന് കണ്ടെത്തിയ ആ പുസ്തകത്തിന് ഇന്ന് ചരിത്രത്തിൽ നിഗൂഢതകളുടെ കഥപറയാനുണ്ട്. ഇടത്തുനിന്നു വലത്തോട്ടെഴുതിയിരിക്കുന്ന പ്രത്യേകതരം ലിപി, പലതരം ഇലകളുടെയും ചെടികളുടെയും ചിത്രങ്ങൾ പൂര്‍ണനഗ്നയായ സ്ത്രീകൾ, എന്നിവയാണ് പുസ്തകത്തിൽ ആദ്യം മുതൽ അവസാനം വരെ കാണാൻ സാധിക്കുക. ഇന്നേവരെ ആ ലിപി ഏതാണെന്ന് ആർക്കും കണ്ടുപിടിക്കാൻപോലും സാധിച്ചിട്ടില്ല. 3 വര്‍ഷത്തോളമാണ് വോയ്നിഷ് ഇതിനു പുറകെ നടന്നത്. വിവർത്തനത്തിന് പലരെയും സമീപിച്ചുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. പല രഹസ്യ കോഡുഭാഷകൾ കണ്ടുപിടിച്ച ക്രിപ്റ്റോഗ്രാഫർമാരുപോലും മുട്ടുമടക്കേണ്ടിവന്നു. അങ്ങനെ 1930 ൽ അദ്ദേഹം മരണത്തിന് കീഴടങ്ങിയെങ്കിലും അതെ സംബന്ധിച്ച പഠനങ്ങൾ ഇന്നും നടന്നുകൊണ്ടിരിക്കുകയാണ്. 1969 മുതൽ ഈ പുസ്തകമിപ്പോൾ യേൽ സർവകലാശാലയുടെ കയ്യിലാണ്.
ചെടികളും മൃഗങ്ങളും മാത്രമായിരുന്ന ആ പുസ്തകം പരിസ്ഥിതി ശാസ്ത്രജ്ഞർക്കും ഏറെ കൗതുകമാണ്. ചിത്രങ്ങൾക്ക് പുറകിൽ വൈദ്യശാസ്ത്രപരമായ എന്തെങ്കിലും വിശദീകരങ്ങളാവാമെന്നാണ് അവർ പറയുന്നത്. ഏകദേശം 600 വർഷത്തോളം പഴക്കമുണ്ട് ഈ പുസ്തകത്തിന്. എ ഡി 1404 നും 1438 നുമിടയിലാണ് രാജിക്കപ്പെട്ടതെന്ന് കണക്കാക്കുന്നു. മിക്ക പേജുകളും നഷ്ടപെട്ടതും പിന്നീട് കൂട്ടിയോജിപ്പിച്ച നിലയിലുമാണുള്ളത്. അതാണ് ശാസ്ത്രലോകത്തിന് പ്രാഥമിക നിഗമനത്തിലേക്കെത്തുന്നതിനു പോലും തടസ്സമാകുന്നത്. എന്നാലും ഇടയ്ക്കു ചിലർ അതിലെ വാക്കുകളുടെ അർഥം കണ്ടെത്താനായി എന്ന വാദവുമായി വരികയുണ്ടായി. എന്നാൽ അതും ഓരോ പരീക്ഷണ ഘട്ടങ്ങളിലും പരാജയപ്പെടുകയിരുന്നു. അതിനിടയിൽ ചില സിനിമകളും നോവലുകളുമൊക്കെ ഈ പുസ്തകത്തെ ആസ്പദമാക്കി ഇറങ്ങിയിട്ടുണ്ട്.
എന്തായാലും ഈ പുസ്തകത്തിലേത് ഒരൊറ്റ ഭാഷയാകാൻ സാധ്യതയില്ലെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അറബിക്, ഇറ്റലിക്, ആസ്റ്റക്, റോമൻ, ലാറ്റിൻ എന്നീ ഭാഷകൾ ചേർന്ന ലിപിയാണെന്നും കരുതപ്പെടുന്നു. അങ്ങനെയാണെകിൽ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും എന്താണ് ആ പുസ്തകം ലോകത്തോട് പറയാൻ ശ്രമിക്കുന്നത് എന്നറിയാൻ.