മലയാളം ഇ മാഗസിൻ.കോം

കൊല്ലത്തെ കൊലപാതകം വെറും സാമ്പിൾ, അറിയാമോ ജില്ലയിൽ റെയിൽവേയുടെ വക എത്ര ക്രിമിനൽ താവളങ്ങൾ ഉണ്ടെന്ന്?

കൊല്ലം ന​ഗരമധ്യത്തിലാണ് ഒരു യുവതിയെ ആൾപ്പാർപ്പില്ലാത്ത റയിൽവെ കെട്ടിടത്തിലെത്തിച്ച് നാസു എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ദുർ​ഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിൽ മാത്രമാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. കൊല്ലം ജില്ലയുടെ പല ഭാ​ഗങ്ങളിലും റയിൽവെയുടെ കെട്ടിടങ്ങൾ ഇത്തരത്തിൽ സാമൂഹിക വിരുദ്ധരുടെ താവളങ്ങളാകാനുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഒഴിഞ്ഞു കിടക്കുകയാണ്.

കൊല്ലം ന​ഗരത്തിൽ ഇത്തരത്തിൽ കാടുമൂടി റയിൽവെ കെട്ടിടം കിടക്കാനുള്ള കാരണമായി പറയുന്നത് പാമ്പ് ശല്യമാണ്. കാടുപിടിച്ച് കിടക്കുന്ന പ്രദേശത്ത് പാമ്പു ശല്യം രൂക്ഷമായതോടെ ആരും താമസിക്കാൻ തയ്യാറാകാതെ വരികയായിരുന്നു. ഇത്തരം കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കുന്നെന്ന ന​ഗരവാസികളുടെ പരാതിയെ തുടർന്ന് ന​ഗരത്തിലെ പല കെട്ടിടങ്ങളും റയിൽവെ പൊളിച്ചിരുന്നു. എന്നാൽ, അവശേഷിക്കുന്നവ സംരക്ഷിക്കാനോ അടച്ചുറപ്പുള്ളതാക്കി മാറ്റാനോ അധികൃതർ മെനക്കെട്ടില്ല എന്നതാണ് കഴിഞ്ഞ ദിവസത്തെ കൊലപാതകം വ്യക്തമാക്കുന്നത്. 

ജില്ലയുടെ പല ഭാ​ഗങ്ങളിലും റയിൽവെ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ അധികൃതർ മെനക്കെടാറില്ല. പരവൂരിലെ ക്വാർട്ടേഴ്സിൽ ആൾത്താമസമുണ്ടായിരുന്നത് 15 വർഷം മുമ്പാണ്. എഴുകോണിലെ ക്വാർട്ടേഴ്സിലും 2011 വരെ മാത്രമാണ് ആളുകൾ താമസിച്ചിരുന്നത്. ഇവിടെ ഒരു ക്വാർട്ടേഴ്സിന്റെ ഒരു ഭാ​ഗം അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തി ഗ്യാങ്മാൻമാരുടെ വിശ്രമമുറിയായി ഉപയോഗിക്കുന്നുണ്ട്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ എട്ടു ക്വാർട്ടേഴ്സുകളാണു കാടു കയറി അടച്ചു പൂട്ടിയ നിലയിലുള്ളത്.

കരുനാ​ഗപ്പള്ളിയിൽ റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഒരു ഏക്കറിലധികം വസ്തുവിലാണ് കെട്ടിടങ്ങൾ കാടു കയറി ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ കിടക്കുന്നത്.  മയ്യനാട് റെയിൽവേ സ്റ്റേഷൻ 5 റെയിൽവേ ക്വാർട്ടേഴ്സുകളും കാടു മൂടിയ നിലയിലാണ്. ശാസ്താംകോട്ട സ്റ്റേഷനിലാകട്ടെ കാലഹരണപ്പെട്ട ക്വാർട്ടേഴ്സുകൾ ഇഴജന്തുക്കളുടെ താവളമാണ്. ഓച്ചിറ സ്റ്റേഷനിൽ രണ്ടു പതിറ്റാണ്ടുകളായി താമസമില്ലാതെ നാലു ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് കാടു പിടിച്ചു കിടക്കുന്നത്.  

ആര്യങ്കാവ്, കഴുതുരുട്ടി, തെന്മല, ഒറ്റക്കൽ, ഇടമൺ എന്നീ സ്റ്റേഷനുകളിൽ 25 ക്വാർട്ടേഴ്സുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളത്. ഇത്രയും കെട്ടിടങ്ങൾ ഉപയോഗശൂന്യമാണെന്നു കാണിച്ചു റെയിൽവേ എൻജിനീയറിങ് വിഭാഗം കത്തു നൽകിയെങ്കിലും പൊളിച്ചുമാറ്റാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല. ഇടമൺ 4, ഒറ്റക്കൽ 2, തെന്മല 9 ആര്യങ്കാവ് 6, കഴുതുരുട്ടി 4 എന്നിങ്ങനെയാണ് ക്വാർട്ടേഴ്സുകളുടെ എണ്ണം.  തെന്മലയിലെ ഒരു കെട്ടിടത്തിൽ 10 മാസം മുൻപ് ഒരാൾ തൂങ്ങി മരിച്ചിരുന്നു. 

ചെറു വെള്ളമടി സംഘങ്ങൾ മുതൽ ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങൾ വരെ തങ്ങളുടെ താവളമാക്കിയിരിക്കുകയാണ് ഈ കെട്ടിടങ്ങൾ. പൊലീസുകാർ പോലും തിരിഞ്ഞു നോക്കാത്ത ഇത്തരം പ്രദേശങ്ങളിലേക്ക് പട്ടാപ്പകൽ പോലും സാധാരണക്കാർക്ക് കടന്നു ചെല്ലാൻ പേടിയാകും. ഇത്തരം പ്രദേശങ്ങൾ കാടുവെട്ടിത്തെളിച്ച് കെട്ടിടങ്ങൾ വൃത്തിയാക്കുവാനോ, ഉപയോ​ഗമില്ലാത്തവ പൊളിച്ചുമാറ്റുവാനോ റയിൽവെയും വേണ്ട ശ്രദ്ധ കാണിക്കുന്നില്ല.

ചിലയിടങ്ങളിൽ സാമൂഹിക വിരുദ്ധരാണെങ്കിൽ മറ്റുചില ഇടങ്ങളിൽ ഇഴ‍ന്തുക്കളാണ് ഇത്തരം പ്രദേശങ്ങൾ കയ്യടക്കിയിരിക്കുന്നത്. വേറെ ചില സ്ഥലങ്ങൾ മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള ഇടമായി ജനങ്ങളും മാറ്റിയെടുത്തു. ഇതൊക്കെ കൊണ്ടു തന്നെ സാധാരണക്കാർ ഇത്തരം പ്രദേശങ്ങളോട് അകലം പാലിക്കുകയും ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ താവളങ്ങളാക്കുകയുമാണ്.

YOU MAY ALSO LIKE THIS VIDEO, കരിമ്പ്‌ കൃഷിയിൽ നൂറുമേനി വിജയം നേടാൻ കൊല്ലം ജില്ലയിലെ കർഷകൻ, അത്‌ മാത്രമല്ല കാണാം സമ്മിശ്ര കൃഷിയിടം

Avatar

Staff Reporter