ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും ഭയമാണ് ഫോൺ എവിടെയെങ്കിലും കളഞ്ഞുപോയാൽ തങ്ങളുടെ പേർസണൽ വിവരങ്ങൾ നഷ്ടപെടുമോ എന്നത്. എന്നാൽ ആ പേടി ഇനി വേണ്ട. ആരുടെയും ആൻഡ്രോയിഡ് ഫോണിലെ വിവരങ്ങൾ ഇനി ഒരു കള്ളനും ചോർത്താനാവില്ല. അതിനുള്ള പുതിയ ഫീച്ചറുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഗൂഗിൾ. അമേരിക്കയിലെ ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളിലാണ് ഈ ഫീച്ചറുകള്‍ ആദ്യം കൊണ്ടുവന്നത്. ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്ന മൂന്ന് ഫീച്ചറുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചിട്ടുള്ളത്. പേർസണൽ വിവരങ്ങളിലേക്ക് കടക്കാൻ മറ്റാരെയും അനുവദിക്കാതെ ഫോണ്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്യുന്ന തെഫ്റ്റ് ഡിറ്റെക്ഷൻ ലോക്ക് സംവിധാനമാണ് ആദ്യത്തേത്. എവിടെയെങ്കിലും വെച്ച് ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ മെഷീൻ ലേർണിംഗ് സംവിധാനം അത് തിരിച്ചറിയുകയും ചെയ്യുന്നു. ഇനി ഫോൺ ഇന്റർനെറ്റ് കുറേകാലം ഉപയോഗിക്കാതിരിക്കുമ്പോൾ ഓഫ്ലൈൻ ഡിവൈസ് ലോക്ക് ആക്റ്റീവാകുന്നതാണ് രണ്ടാമത്തെ ഫീച്ചർ. മൂന്നാമത്തേതാണെങ്കിൽ പലർക്കും പരിചിതമായ ഫൈൻഡ് മൈ ഡിവൈസ് സംവിധാനം ഉപയോഗിച്ചുള്ള ഒരു പ്രയോഗമാണ്. ഇതിലൂടെ ഉടമയ്ക്ക് സ്വയം തൻറെ ഫോണ്‍ ലോക്ക് ചെയ്യാൻ സാധിക്കുന്നു. റിമോട്ട് ലോക്ക് ഫീച്ചർ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ആൻഡ്രോയ്ഡ് 10 മുതലുള്ള എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ഈ ഫീച്ചറുകള്‍ ലഭ്യമാകും. ഇതിനോടകം തന്നെ മിഷാല്‍ റഹ്മാൻ എന്ന വ്യക്തി ഏറ്റവും പുതിയ ഷവോമി 14 പ്രോയില്‍ തെഫ്റ്റ് ഡിറ്റെക്ഷൻ ലോക്ക് പ്രത്യക്ഷപ്പെട്ടതായി ത്രെഡ്സിലൂടെ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ ഈ മൂന്ന് ഫീച്ചറുകൾ കൂടുതല്‍ ആൻഡ്രോയ്ഡ് ഫോണുകളിൽ ലഭ്യമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അതിനായി ഗൂഗിള്‍ പ്ലേ സർവീസിൻറെ ഏറ്റവും പുതിയ വേർഷനാണ് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിലുള്ളത് എന്ന് ഉറപ്പുവരുത്തണം.