പലപ്പോഴും എക്സ്പയറി ഡേറ്റ് നോക്കാതെ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്ന കൂട്ടത്തിലാവും നമ്മളിൽ പലരും. എല്ലാ ഭക്ഷണ പദാര്‍ഥങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സമയമാണ് അതിന്റെ എക്സ്പയറി ഡേറ്റ്. നിര്‍മ്മിച്ച തീയതിയും എന്ന് വരെ ഉപയോഗിക്കാമെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. അടുക്കളയിൽ നിത്യം ഉപയോഗിക്കുന്ന ഗോതമ്പുപൊടി, അരിപ്പൊടി, മൈദ തുടങ്ങിയവയാണ് ഇങ്ങനെ ഡേറ്റ് നോക്കാതെ ഉപയോഗിക്കുന്നവയിൽ പ്രധാനപ്പെട്ടത്. പലപ്പോഴും ഇത് കണ്ടിട്ടും കാണാതെ നടിക്കുമ്പോൾ മുന്നോട്ടുണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
ഇത്തരത്തിൽ ഡേറ്റ് കഴിഞ്ഞ പൊടികൾ തനിയെ ഉപയോഗിക്കുമ്പോൾ വലിയ പ്രശ്നമുണ്ടാകില്ല, എന്നാൽ പാല്‍, ഇറച്ചി, മുട്ട, പനീര്‍ പോലെയുള്ളവയില്‍ ചേർത്ത് ഉപയോഗിക്കുമ്പോൾ ബാക്ടീരിയ പെരുകുന്നു. ഡേറ്റ് കഴിഞ്ഞ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന അപകടകരമായ ഒരുപാട് ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഛര്‍ദ്ദി, വയറുവേദന, വയറിളക്കം, ശരീരവേദന, പനി എന്നിവയൊക്കയാണ് പ്രധാന പ്രശ്നങ്ങൾ. മാത്രമല്ല അത് ഭക്ഷ്യജന്യ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൂടാതെ കാലഹരണപ്പെട്ട ഭക്ഷണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവയുടെ രുചിയും പോഷകഗുണവും നഷ്ടപ്പെടുന്നു.