സെലിബ്രിറ്റികളുടെ വിവാഹങ്ങളും വിവാഹ മോചനങ്ങളും എപ്പോഴും വാർത്തയാകാറുണ്ട്. അവർക്ക് ആശംസകൾ നേരുന്നതോടൊപ്പം മോശം അഭിപ്രായം പറയാനും ചിലരെങ്കിലും ഉത്സാഹം കാണിക്കാറുണ്ട്. ജനപ്രിയ പരമ്പര മറിമായ ത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ സ്നേഹ എസ്.പിയും ശ്രീകുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.
ഇതിനിടയിൽ സ്നേഹയുടെ ആദ്യ വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് പലരും അവരെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്നേഹയുടെ മുൻ ഭർത്താവ് ദിൽജിത് എം ദാസ്. ഫേസ്ബുക്കിലൂടെയാണ് ദിൽജിത്ത് തന്റെ അഭിപ്രായം പങ്കു വച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
വിവാഹിതരാവുന്നു എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും. സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.
പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്. രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ Happily Divorced എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ. അത് ക്ഷമിച്ച്, ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക. വിവാഹിതരാവുന്ന സ്നേഹാ ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ.