മലയാളം ഇ മാഗസിൻ.കോം

ഹൈക്കോടതി ബഞ്ച്‌ മാറ്റം: ശുഭപ്രതീക്ഷയിൽ ദിലീപ്‌, അപ്രതീക്ഷിത തിരിച്ചടിയിൽ പ്രോസിക്യൂഷൻ

കോടതിയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പ്രോസിക്യൂഷന് ഉത്തരം മുട്ടുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം കോടതിയില്‍ കണ്ടത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകനും നടനുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷനെ പ്രതിരോധത്തിലാക്കി ജസ്റ്റിസ് ഉബൈദ് ചില ചോദ്യങ്ങള്‍ ചോദിച്ചത്. കേസന്വേഷണം സിനിമ തിരക്കഥ പോലെ നീളുകയാണോ എന്നും പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും കോടതി ചോദിച്ചു .

നാദിര്‍ഷായെ ഈ മാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യരുതെന്ന് വിധിച്ച കോടതി, നാദിര്‍ഷായോട് വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പെരുമ്പാവൂര്‍ സിഐ മുന്‍പാകെ ഹാജരാകുവാനും നിര്‍ദ്ദേശിച്ചു. നാദിർഷായെ അറസ്റ്റ്‌ ചെയ്യാനുള്ള തെളിവുകൾ ഇല്ലെന്ന് പറഞ്ഞ അന്വേഷണ സംഘത്തോടും പ്രോസിക്യൂഷനോടും പിന്നെ എന്തിനാണ് മുൻകൂർ ജാമ്യ ഹർജിയെ എതിർക്കുന്നതെന്നും കോടതി ആരാഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന അന്വേഷിക്കുന്ന പെരുമ്പാവൂര്‍ സിഐ വെള്ളിയാഴ്ച്ച നാദിര്‍ഷായെ ചോദ്യം ചെയ്യും.

കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളത്തിലെ പൊതു സമൂഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തന്നെയാണ് ഇന്ന് കോടതിയും ഉന്നയിച്ചത്. നടന്‍ ദിലീപിനെയും ഒപ്പം മറ്റ് ചിലരെയും മനപൂര്‍വ്വം കേസില്‍ കുടുക്കി ജാമ്യം നിഷേധിച്ച് ജയിലില്‍ അടക്കുകയാണെന്ന് ദിലീപ് ആരാധകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വാദത്തിന് ശക്തി പകരുന്നതാണ് കോടതിയുടെ ചോദ്യങ്ങള്‍.

നിയമ വിദഗ്ധനും പൊതുപ്രവര്‍ത്തകനുമായ ഡോ.സെബാസ്റെറ്യന്‍ പോള്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനായി രംഗത്ത് വന്നിരുന്നു. എന്നാല്‍, ദിലീപിന് വേണ്ടി സംസാരിക്കുന്നവരെ ആസൂത്രിതമായി വലിയ തോതില്‍ തേജോവധം ചെയ്യുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. നാദിര്‍ഷാക്ക് വേണ്ടി അഡ്വ.എസ്. രാജീവാണ് കോടതിയില്‍ ഹാജരായത്‌. പ്രോസിക്യൂഷന് വേണ്ടി ഡിജിപി മഞ്ചേരി ശ്രീധരന്‍നായരും ഹാജരായി.

കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ പൾസർ സുനിയെ പൊലീസ് ചോദ്യം ചെയ്യുന്നതായുള്ളവാർത്തകളിലും ഹൈക്കോടതി കഴിഞ്ഞ ദിവസം വിശദീകരണം ആരാഞ്ഞു. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണത്തെ വിമർശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും വിമർശിച്ചു. കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകൾ പുറത്തു വരുന്നുണ്ടെന്ന് ഹർജിയിൻ മേലുള്ള വാദത്തിനിടെ നാദിർഷയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ പ്രകാരം വാർത്തകൾ പ്രചരിക്കുകയാണെങ്കിൽ അത് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം. ഫലത്തിൽ കോടതി നിരീക്ഷണമെല്ലാം പ്രോസിക്യൂഷൻ എതിരാണ്.

നേരത്തെ ദിലീപിന്റെ രണ്ട് ജാമ്യഹർജികൾ പരിഗണിക്കുമ്പോഴും പ്രോസിക്യൂഷൻ നിലപാടുകളെ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ജാമ്യ ഹർജികൾ പരിഗണിക്കുന്ന ബഞ്ചിന് മാറ്റം വന്നു. ജസ്റ്റീസ് ഉബൈദിന്റെ ബഞ്ച് അന്വേഷണം നീണ്ടു പോവുകയാണെന്നാണ് വിലയിരുത്തുന്നത്. ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ അന്വേഷണം ഇങ്ങനെ നീളേണ്ടതുണ്ടോയെന്ന സംശയമാണ് കോടതി ഉയർത്തുന്നത്.

അതേ സമയം ദിലീപിന്റെ ഹൈക്കോടതിയിലെ മൂന്നാം ജാമ്യ ഹർജിയും ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് തന്നെയാവും പരിഗണിക്കുക എന്ന് സൂചന. എങ്കിലും കഴിഞ്ഞ ദിവസത്തെ ജസ്റ്റിസ്‌ ഉബൈദിന്റെ നിരീക്ഷണങ്ങൾ അനുകൂലമാകുമെന്നാണ് ദിലീപ് ക്യാമ്പ്‌ കരുതുന്നത്. അതിനിടെ ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിൽ ഹർജി എത്തിക്കാനുള്ള ശ്രമവും ദിലീപിന്റെ അഭിഭാഷകർ തുടങ്ങിയിട്ടുണ്ട്. എന്നാൽ ദിലീപ് നൽകുന്നത് പുനപരിശോധനാ ഹർജി ആയതുകൊണ്ട് തന്നെ ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ച് തന്നെയാവും ജാമ്യ ഹർജി പരിഗണിക്കാൻ സാധ്യതയെന്നും നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Avatar

Staff Reporter