20
September, 2018
Thursday
11:51 PM
banner
banner
banner

ദിലീപ്‌ 19നു കോടതിയിൽ നേരിട്ട്‌ ഹാജരാകണം: പ്രധാന തെളിവു തേടി അന്വേഷണ സംഘം ദുബായിലേക്ക്‌?

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് സമന്‍സ്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് സമന്‍സ്. 19 നു കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നാണ് സമന്‍സില്‍ പറയുന്നത്. കേസിലെ മറ്റു പ്രതികാളായ വിഷ്ണു, മേസ്തിരി എന്നിവര്‍ക്കും നേരിട്ട് ഹാജരാകാന്‍ സമന്‍സ് അയച്ചിട്ടുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ഇവര്‍ ഹാജരാകേണ്ടത്. അടുത്ത ദിവസം തന്നെ പൊലീസ് സമന്‍സ് ദിലീപിന് കൈമാറും.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ ഷൂട്ടിങ്ങില്‍ പങ്കെടുത്തു വരുകയാണ്. കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

ആക്രമണത്തിനിരയായ നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ താരനിശയ്ക്കിടെയാണ് സംഭവം നടന്നതെന്നും നടന്‍ സിദ്ദിഖ് സംഭവത്തിന് സാക്ഷിയാണെന്നും കുറ്റപത്രത്തിലുണ്ട്. കുറ്റപത്രത്തിലെ 12 പ്രതികളില്‍ മറ്റ് പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. 19ന് കേസിലെ മുഴുവന്‍ പ്രതികളും കോടതിയില്‍ നേരിട്ട് ഹാജരാകണം. ഇതിന് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് കൈമാറും. പൊലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം കഴിഞ്ഞദിവസമായിരുന്നു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചിരുന്നത്. സാങ്കേതിക പിഴവുകള്‍ തിരുത്തിയതിന് ശേഷമാണ് അങ്കമാലി കോടതി കുറ്റപത്രം സ്വീകരിച്ചത്.

അതേ സമയം കേസില്‍ പരാമര്‍ശിക്കപ്പെട്ട വമ്പന്‍സ്രാവിനെയും മാഡത്തെയും വെറുതെ വിടാന്‍ തീരുമാനം. അന്വേഷണം വഴി തിരിച്ചു വിടാന്‍ ചിലര്‍ പടച്ചു വിട്ട കഥാപാത്രങ്ങളാണിതെന്നാണ് പോലീസിന്റെ നിഗമനം. കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തിലാണ് പോലീസ്. ഗൂഢാലോചനയ്ക്കു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.പിന്നില്‍ മാഡമുണ്ടെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപ് സിനിമകളിലെ നായികയായ നടി, നടി കൂടിയായ ഗായിക എന്നിവരൊക്കെ സംശയനിഴലിലായിരുന്നു. ഒരു ഘട്ടത്തില്‍ ദിലീപിന്റെ ഭാര്യ നടി കാവ്യാമാധവന്റെ അമ്മയുടെ പേരുപോലും വലിച്ചിഴയ്ക്കപ്പെട്ടു. കെട്ടടങ്ങിയ വിഷയം പിന്നീട് ഉയര്‍ത്തിക്കൊണ്ടുവന്നത് സരിതാ നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനാണ്.

ക്വട്ടേഷന്‍ കേസില്‍ ഹാജരാകാന്‍ പ്രതികള്‍ തന്നെ വന്നു കണ്ടപ്പോള്‍ മാഡത്തെക്കുറിച്ചു സൂചിപ്പിച്ചെന്നായിരുന്നു ഫെനിയുടെ മൊഴി. സംഭവത്തില്‍ കാവ്യാ മാധവന്റെ പ്രേരണയും അറിവുമുണ്ടാകാമെന്ന സാക്ഷിമൊഴിയുള്ളതിനാല്‍ കാവ്യയുടെ പങ്ക് കൂടുതലായി അന്വേഷിക്കണമെന്ന കാര്യത്തില്‍ അന്വേഷണസംഘത്തില്‍ തന്നെ രണ്ടഭിപ്രായമുണ്ട്. വിചാരണ തുടങ്ങിയ ശേഷം ആവശ്യമെങ്കില്‍ ഇക്കാര്യം ആലോചിക്കാമെന്നാണ് നിലവിലെ തീരുമാനം. കേസിലെ പ്രധാനതൊണ്ടിയായ മൊെബെല്‍ ഫോണ്‍ ദുബായിലേക്കു കടത്തിയെന്നാണു പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു അഡ്വ.പ്രതീഷ് ചാക്കോയുടെ ജൂണിയര്‍ രാജു ജോസഫ് പറഞ്ഞത്. എന്നാല്‍ ഇതു കള്ളമാണെന്നാണ് പോലീസ് പറയുന്നത്. കാര്യങ്ങളുടെ നീക്കു പോക്കുകൾ ഇങ്ങനെയാണെങ്കിൽ നഷ്ടപ്പെട്ടു എന്നു കരുതുന്ന പ്രധാന തൊണ്ടി മുതൽ കണ്ടെടുക്കാൻ അന്വേഷണ സംഘം കടൽ കടന്ന് ദുബായിലേക്ക്‌ പറന്നേക്കുമെന്നും സൂചനയുണ്ട്‌.

[yuzo_related]

Comments



Related Articles & Comments