19
November, 2017
Sunday
08:10 PM
banner
banner
banner

ദിലീപ്‌ വിവാദത്തിൽ ആയതോടെ നിർമ്മാതാക്കൾ ആശങ്കയിൽ

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപ്‌ സംശയത്തിന്റെ നിഴലിലായതോടെ ദിലീപിനെ വെച്ച്‌ സിനിമ ചെയ്യാൻ തയ്യാറെടുത്തിരുന്നവർ അതിൽ നിന്ന്‌ പിന്മാറുന്നു. പ്രശസ്ത സംവിധായകൻ ജോമോൻ ദിലീപിനെ നായകനാക്കി വൻ ബജറ്റിൽ ഒരു ആക്ഷൻ ത്രില്ലർ ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. തിരക്കഥ ഉൾപ്പെടെ പൂർത്തിയായി സിനിമ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ്‌ പുതിയ സംഭവങ്ങൾ അരങ്ങേറിയത്‌. ഇതോടെ ഈ ചിത്രത്തിൽ ഇന്ദ്രജിത്തിനെ നായകനാക്കി ഈ മാസം തന്നെ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ നിർമ്മാതാക്കൾ തയ്യാറെടുക്കുന്നത്‌. ദിലീപ്‌ റോ ഉദ്യോഗസ്ഥനായി വേഷമിടുമെന്ന്‌ പ്രതീക്ഷിച്ചിരുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറായിരുന്നു. പ്രശസ്ത തമിഴ്‌ നടി തൃഷയെയായിരുന്നു നായികയായി ഉദ്ദേശിച്ചിരുന്നത്‌. പതിവ്‌ ദിലീപ്‌ ചിത്രങ്ങളിൽ നിന്നു വ്യത്യസ്തമായി കോമഡിയില്ലാതെ ശക്തമായ ആക്ഷൻ ഹീറോയായി ദിലീപിനെ അവതരിപ്പിക്കാനൊരുങ്ങിയ ചിത്രമാണ്‌ പ്രതിസന്ധിയെത്തുടർന്ന്‌ നായകനെ മാറ്റുന്നത്‌.

ദ ലെജന്റ്‌ എന്ന പേരിൽ ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായിരുന്നു ജോമോൻ ആദ്യം പ്രഖ്യാപിച്ചത്‌. ഇത്‌ മാറ്റിയാണ്‌ പുതിയ ചിത്രത്തിന്റെ ആലോചനകളിലേക്ക്‌ അദ്ദേഹം എത്തിയത്‌. പതിവ്‌ കോമഡികളിൽ നിന്ന്‌ മാറി ആക്ഷൻ ഹീറോ വേഷങ്ങൾ കൈകാര്യം ചെയ്ത ദിലീപ്‌ ചിത്രങ്ങൾ പലതും പരാജയപ്പെട്ടിരുന്നു. ഈ ദുർഗതി മാറാനായി ദിലീപിന്റെ തന്നെ നിർദ്ദേശപ്രകാരം പല തവണ ഈ ചിത്രത്തിന്റെ തിരക്കഥ മാറ്റിയെഴുതിയിരുന്നു.

പതിവ്‌ ഇമേജിൽ നിന്നും മാറി ഏറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളുള്ള ചിത്രങ്ങളായിരുന്നു ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നതും ആരംഭിക്കാനിരിക്കുന്നതും. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ചിത്രങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുകയാണ്‌. റോ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ പാർട്ടി നേതാവ്‌, ത്രീഡി ചിത്രത്തിലെ മജീഷ്യൻ, കുടുംബ നാഥൻ തുടങ്ങി വേറിട്ട വേഷങ്ങളിലുളള ചിത്രങ്ങളാണ്‌ ദിലീപിന്റെതായി അണിയറയിലുള്ളത്‌. ഈ ചിത്രങ്ങളിൽ പലതും സംവിധാനം ചെയ്യുന്നത്‌ നവാഗതരാണ്‌. ഈ സംവിധായകരെല്ലാം ഏറെ ആശങ്കയിലാണ്‌.

കമ്മാരസംഭവമെന്ന ചിത്രമാണ്‌ അടുത്തതായി ദിലീപിന്റേതായി പുറത്തിറങ്ങാനുള്ളത്‌. കോടികൾ മുടക്കിയെടുത്ത ഈ ബിഗ്‌ ബജറ്റ്‌ ചിത്രം നിർമ്മിക്കുന്നത്‌ ഗോകുലം ഗോപാലനാണ്‌. മുരളി ഗോപി രചന നിർവ്വഹിച്ച്‌ നവാഗതനായ രതീഷ്‌ അമ്പാട്ട്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ്‌ നടൻ സിദ്ധാർത്ഥും പ്രധാന വേഷത്തിലുണ്ട്‌. റിലീസിംഗിന്‌ ഒരുങ്ങി നിൽക്കുന്ന രാമലീലയെന്ന ചിത്രത്തിന്റെ സംവിധായകനായ അരുൺ ഗോപിയും നവാഗതനാണ്‌. പുലിമുരുകന്‌ ശേഷം ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന രാമലീലയുടെ റിലീസ്‌ മാറ്റിവെച്ചിരിക്കുകയാണ്‌. ലയൺ എന്ന ചിത്രത്തിന്‌ ശേഷം രാഷ്ട്രീയക്കാരനായി ദിലീപ്‌ വേഷമിടുന്ന ചിത്രമാണിത്‌. സെൻസർ പ്രശ്നങ്ങൾ കാരണമാണ്‌ ചിത്രം വൈകുന്നതെന്നാണ്‌ നിർമ്മാതാവ്‌ പറയുന്നതെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ചിത്രത്തിന്റെ റിലീസ്‌ മാറ്റിവെച്ചതെന്നാണ്‌ അറിയുന്നത്‌.

ദിലീപിന്റെ ത്രീഡി ചിത്രമായ പ്രൊഫസർ ഡിങ്കൻ കോടികളുടെ ബജറ്റിലാണ്‌ ഒരുങ്ങുന്നത്‌. ക്യമറാമാനെന്ന നിലയിൽ ശ്രദ്ധേനായ രാമചന്ദ്രബാബുവാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ബാഹുബലി, യന്തിരൻ തുടങ്ങിയ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച ഹോളിവുഡ്‌ സാങ്കേതിക പ്രവർത്തകരെയെല്ലാം അണിനിരത്തിക്കൊണ്ട്‌ വൻ ബജറ്റിലാണ്‌ ഈ ചിത്രം ഒരുക്കുന്നത്‌. ഒരാഴ്ചയോളം ഷൂട്ടിംഗ്‌ നടന്നു കഴിഞ്ഞ ചിത്രത്തിനായി കോടിക്കണക്കിന്‌ രൂപ ഇതിനകം തന്നെ നിർമ്മാതാവ്‌ മുടക്കിക്കഴിഞ്ഞു.

RELATED ARTICLES  സിനിമയും ജീവിതവും രക്ഷപെടുത്തിയില്ല, പക്ഷെ പുതിയ ബിസിനസിൽ പ്രിയാരാമൻ വിജയക്കൊടി പാറിച്ചു!

വെൺശംഖുപോൽ, പേർഷ്യാക്കാരൻ തുടങ്ങിയ സിനിമകൾ നിർമ്മിച്ച സനൽ തോട്ടമാണ്‌ ചിത്രം നിർമ്മിക്കുന്നത്‌. റൺവേയുടെ രണ്ടാം ഭാഗമായ വാളയാർ പരമശിവം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ ദിലീപിന്റെതായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇത്തരം ചിത്രങ്ങളുടെയെല്ലാം ചിത്രീകരണമാണ്‌ പുതിയ സാഹചര്യത്തിൽ അനിശ്ചിതമായിട്ടുള്ളത്‌.

Share this...
Share on FacebookShare on Google+Tweet about this on TwitterShare on LinkedIn

CommentsRelated Articles & Comments