നടി ആക്രമിക്കപ്പെട്ട കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ദിലീപിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്ന് വീണ്ടും റിപ്പോർട്ടുകൾ. തലചുറ്റലും ഇടക്കിടെയുള്ള ചർദ്ദിയുമായിരുന്നു ലക്ഷണം. വാർഡന്മാർ പാരസെറ്റമോളും തലകറക്കത്തിന് ഗുളികയും നൽകിയെങ്കിലും അസുഖം ഭേദമായില്ല.
കഴിഞ്ഞ ആഴ്ച ജയിൽ മേധാവിയുടെ സന്ദർശനത്തിനു ശേഷം ആലുവ ജില്ലാ ആശുപത്രിയിലെ ആർ എം ഒ യും രണ്ടു നേഴ്സുമാരും ജയിലിലെത്തി ദിലീപിനെ പരിശോധിച്ചു. അവരാണ് ദിലീപിന് മിനിയേഴ്സ് സിൻട്രം ആണെന്ന് സ്ഥിരീകരിച്ചത്. ഇത്തരം രോഗികളിൽ ടെൻഷൻ കൂടുമ്പോൾ ചെവിയിലേക്കുള്ള ചെറിയ ഞരമ്പുകളിലേക്ക് സമ്മർദം ഉണ്ടാകുകയും ഫ്ലൂയിഡ് ഉയർന്ന് ശരീരത്തിന്റെ ബാലൻസ് തെറ്റുകയും ചെയ്യും. ഇതാണ് ദിലീപിന് എണീറ്റ് നിൽക്കാൻ സാധിക്കാത്തത് എന്ന് ഡോക്ടർ വ്യക്തമാക്കി.ഇത്തരം രോഗം ഉള്ളവരിൽ സിവിയർ അറ്റാക്കിന് സാധ്യത കൂടുതൽ ആണെന്നും ദിലീപിനെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലത് എന്നും ഡോക്ടർ പറഞ്ഞെങ്കിലും നിലവിലെ സാഹചര്യത്തിൽ ദിലീപിന്റെ സുരക്ഷാ കാര്യങ്ങൾ കണക്കിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റാൻ കഴിയില്ല എന്ന് സൂപ്രണ്ട് അഭിപ്രായപ്പെട്ടു.
അതിന്റെ തുടർച്ചയായി മൂന്ന് ദിവസം വിദഗ്ധ ഡോക്ടർമാരുടെ സംഘം ജയിലിലെത്തി ദിലീപിനെ ചികിത്സിച്ചു. ഈ സമയമൊക്കെയും പരസഹായത്തോടെ തന്നെയാണ് ദിലീപ് പ്രാഥമിക കൃത്യം പോലും നിർവ്വഹിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. തറയിലെ ഉറക്കം മൂലം തണുപ്പടിച്ചതും ദിലീപിന്റെ രോഗം മൂർച്ഛിക്കാൻ കാരണമായതായി ഡോക്ടർ ജയിൽ അധികൃതരോടു പറഞ്ഞു.തനിക്ക് നേരത്തെയും ഇതു പോലെ തല കറക്കം ഉണ്ടായിട്ടുള്ളതായി ദിലീപ് ഡോക്ടറോടു പറഞ്ഞു. എന്നാൽ ഇപ്പോൾ പരസഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ ദിലീപിന് കഴിയുന്നുണ്ട്.
എന്നാൽ ഇത് സഹതാപ തരംഗമുണ്ടാക്കാനുള്ള ദിലീപിന്റേത് തട്ടിപ്പ് നാടകമാണന്നാണ് മറ്റു തടവുകാർക്കിടയിലെയും ചില വാർഡന്മാർക്കിടയിലെയും സംസാരം. ആരോഗ്യസ്ഥിതി മോശമാണന്ന ഡോക്ടറുടെ റിപ്പോർട്ടോടെ കോടതിയെ സമീപിക്കാനും അത് വഴി സഹതാപം ഉറപ്പിച്ച് ജാമ്യം നേടാനുമുള്ള നീക്കമാണിതെന്നാണ് അവർ ഉന്നയിക്കുന്ന ആക്ഷേപം. എന്നാൽ കാവ്യയെ അറസ്റ്റു ചെയ്യുമെന്ന ഭയവും അസ്വസ്ഥമാക്കുന്ന രീതിയിൽ അന്വേഷണ സംഘം ആലുവയിലെ വീട്ടിൽ കയറി ഇറങ്ങുന്നതും ദിലീപിനെ അസ്വസ്ഥനാക്കിയെന്നാണ് ചിലർ കരുതുന്നത്. വീട്ടിലെ സിസിടിവി ക്യാമറയും ദൃശ്യങ്ങളും പോലീസ് എടുത്തുകൊണ്ട് പോയത് ടെൻഷൻ കൂടാൻ കാരണമായി. അന്വേഷണം കാവ്യയിലേക്ക് നീങ്ങിയതും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവത്രെ ദിലീപ്. കൂടാതെ താൻ അകത്തായപ്പോൾ മാനേജർ അപ്പുണ്ണി പോലും തന്നെ ഒറ്റികൊടുത്തു എന്ന തോന്നലാണ് ദിലീപിനെ മാനസികമായി തളർത്തിയത്. വാർത്തകളെല്ലാം ജയിലിൽ അദ്ദേഹം അറിയുന്നുണ്ട്. ഇതിനിടയിലും മുടങ്ങാതെ മീനാക്ഷിയെയും കാവ്യയെയും ദിലീപ് വിളിക്കുന്നുണ്ട്.
കാവ്യയെ അറസ്റ്റു ചെയ്യുമോ എന്ന ഭയവും മകളെ കുറിച്ചുള്ള അമിത ഉത്കണ്ഠയുമാണ് ദിലീപിനെ കൂടുതൽ അസ്വസ്ഥനാക്കുന്നതെന്ന് രണ്ടര മണിക്കൂറോളം നീണ്ടു നിന്ന കൗൺസിലിംഗിൽ വ്യക്തമായിരുന്നു. അതിനാൽ തന്നെ അതിന്റെ പിരിമുറുക്കം ലഘൂകരിക്കുന്നതിനുള്ള യോഗ മുറകളും സങ്കീർത്തനം പോലെയുള്ള പ്രാർത്ഥനകളും ദിലീപ് തുടരുന്നുണ്ട്. ദിലീപിന്റെ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. പുതിയ അഭിഭാഷകന്റെ നേതൃത്വത്തിൽ വീണ്ടും ജാമ്യത്തിനായി ദിലീപ് ശ്രമം നടത്തുന്നുണ്ട്.