മലയാളം ഇ മാഗസിൻ.കോം

നാദിർഷയെ ചോദ്യം ചെയ്യൽ, ദിലീപിന്റെ ജാമ്യാപേക്ഷ: പോലീസ്‌ നീക്കങ്ങൾ ഇങ്ങനെ

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചോദ്യം ചെയ്യലിനായി പോലീസ് ക്ളബ്ബിലെത്തിയ നാദിര്‍ഷായോട് പോലീസ് അനുഭാവപൂര്‍വ്വമാണ് ഇടപെട്ടത്.

രാവിലെ ഒന്‍പതരയോടെ ആലുവ പോലീസ് ക്ളബ്ബിലെത്തിയ നാദിര്‍ഷായെ പത്ത് മണിക്ക് തന്നെ ചോദ്യം ചെയ്യാനായി വിളിച്ചു. ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നതിന് മുന്നേ തന്നെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച നാദിര്‍ഷായെ പരിശോധിക്കുന്നതിനായി അന്വേഷണ സംഘം തന്നെ ഡോക്ടര്‍മാരെ വിളിച്ച് വരുത്തുകയായിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതായും രക്തസമ്മര്‍ദ്ദം കൂടിയതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായതോടെ പോലീസ് ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നു. നാദിര്‍ഷായോട് തിരികെ പോകാന്‍ പറഞ്ഞ പോലീസിന്‍റെ നീക്കം വളരെ കൃത്യതയോടെയാണ്. ഇനിയും കോടതിയില്‍ നിന്നും അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് പോലീസ് ആഗ്രഹിക്കുന്നു.

തിരികെ പോയ നാദിര്‍ഷായും കേസന്വേഷണത്തോട് ആത്മാര്‍ത്ഥമായി സഹകരിക്കാന്‍ തയ്യാറാവുകയായിരുന്നു.

പന്ത്രണ്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ നാദിര്‍ഷായെ പരിശോധനകള്‍ക്ക് ശേഷം എമര്‍ജന്‍സി ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇതെല്ലാം കൃത്യമായി പോലീസിനെ അറിയിക്കുന്നുമുണ്ടായിരുന്നു. മൂന്ന് മണിയോടെ റൂമിലേക്ക് മാറ്റിയ നാദിര്‍ഷാ ചോദ്യം ചെയ്യലിന് സന്നദ്ധത അറിയിച്ചു.

എന്നാല്‍, മെഡിക്കല്‍ പരിശോധനാ ഫലം വന്ന ശേഷം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം എത്തിയത്.

രക്തസമ്മര്‍ദ്ദം കൂടിയേക്കാവുന്ന അവസ്ഥയില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് കേസിന് ഗുണകരമാവില്ല എന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. ഇനി കോടതിയുടെ വിമര്‍ശനമോ പ്രമുഖരുടെ ആരോപണങ്ങളോ അന്വേഷണ സംഘത്തിന് മേല്‍ വീഴാതിരിക്കാന്‍ ഓരോ നീക്കവും വളരെ ശ്രദ്ധയോടെയാണ് പോലീസ് നടത്തുന്നത്.

നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം തിങ്കളാഴ്ച്ച കോടതിയില്‍ പോലീസ് ബോധിപ്പിക്കും. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ചാകും അന്വേഷണ സംഘത്തിന്‍റെ അടുത്ത നീക്കം.

അതേ സമയം നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായി ജയിൽ വാസം 60 ദിവസം പിന്നിട്ട സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. നാലാം തവണയാണു ദിലീപ് ജാമ്യാപേക്ഷയുമായി കോടതിയിൽ എത്തുന്നത്. രണ്ടുതവണ ഹൈക്കോടതി ജാമ്യം തള്ളി. തുടർന്നാണ് ദിലീപ് വീണ്ടും കീഴ്ക്കോടതിയെ സമീപിക്കുന്നത്. ജയിൽവാസം 60 ദിവസം പിന്നിട്ടതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെയുള്ളതെന്നും അതിൽ അന്വേഷണം പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണു ഹർജിയിൽ ദിലീപ് പറയുന്നത്. ക്രിമിനൽ നടപടിച്ചട്ടം 376 (രണ്ട്) പ്രകാരമുള്ള കുട്ടമാനഭംഗക്കുറ്റം തന്റെ പേരിൽ നിലനിൽക്കില്ല. ഇതുണ്ടെങ്കിൽ മാത്രമേ 90 ദിവസം റിമാൻഡിന് കാര്യമുള്ളൂ എന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Avatar

Sreekumar Kallada

ശ്രീകുമാർ കല്ലട | Staff Reporter at Malayalamemagazine.com